18 April Thursday

പതിവ്‌ തെറ്റിച്ചില്ല; സ്‌തുതിപാടി 
ചിന്തൻ ശിബിരവും

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022


ഉദയ്‌പ്പുർ
കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വിളിച്ചുചേർത്ത കോൺഗ്രസ്‌ ചിന്തൻ ശിബിരത്തിലും ഉയരുന്നത്‌ രാഹുൽ ഗാന്ധി സ്‌തുതി. എത്രയുംവേഗം രാഹുൽ അധ്യക്ഷനാകണമെന്നാണ്‌ കൂട്ട മുറവിളി. കുടുംബവാഴ്‌ചയ്‌ക്കെതിരെ വിമത ശബ്‌ദമുയർത്തിയ ജി–-23 വിഭാഗത്തെ പൂർണമായും ഒറ്റപ്പെടുത്തുകയാണ്‌ ലക്ഷ്യം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ജനറൽ സെക്രട്ടറി അജയ്‌ മാക്കൻ, രൺദീപ്‌ സുർജെവാല, രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ തുടങ്ങിയവരാണ്‌ ശിബിരം നിയന്ത്രിക്കുന്നത്‌. എല്ലാവരും കുടുംബ വിശ്വസ്‌തർ. സ്വാഗതം ആശംസിച്ച രാജസ്ഥാൻ പിസിസി പ്രസിഡന്റ്‌ ഗോവിന്ദ്‌ സിങ്‌ ദൊതസ്‌രയും അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ച മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെയും പുകഴ്‌ത്തലോടെയാണ്‌ നടപടി തുടങ്ങിയത്‌.

രാഹുലിന്റെ വിശ്വസ്‌തനായ അജയ്‌ മാക്കനാണ്‌ സമ്മേളന നടപടി വിശദീകരിച്ചത്‌. തുടർന്ന്‌ സോണിയ ആമുഖ പ്രസംഗം നടത്തി.
സംഘടന, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി ആറ്‌ വിഷയത്തിൽ ഗ്രൂപ്പ്‌ ചർച്ച ആരംഭിച്ചു. പ്രത്യേക സമിതി തയ്യാറാക്കിയ റിപ്പോർട്ടിന്മേൽ രഹസ്യസ്വഭാവത്തിലാണ്‌ ചർച്ച. ഒരുഗ്രൂപ്പിൽ എഴുപത്‌ പ്രതിനിധികളുണ്ട്‌. മറ്റാർക്കും പ്രവേശനമില്ല. രാഹുൽ സ്ഥിരതയുള്ള അധ്യക്ഷനാകണമെന്നും പാർടിയും സംഘടനയും ആവശ്യപ്പെടുമ്പോഴെല്ലാം ഒപ്പമുണ്ടാകണമെന്നും ചർച്ചയിൽ ടി എൻ പ്രതാപൻ പറഞ്ഞു. പ്രവർത്തക സമിതി അംഗം, പിസിസി അധ്യക്ഷൻമാർ, മുഖ്യമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മുൻ അധ്യക്ഷൻമാർ, മുൻ കേന്ദ്ര മന്ത്രിമാർ, എൻഎസ്‌യു, യൂത്ത്‌, മഹിളാ പ്രതിനിധികൾ എന്നിവർക്കാണ്‌ ക്ഷണം. കേരളത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള പ്രമുഖർക്ക്‌ ക്ഷണമുണ്ടായില്ല. ജി–-23 നേതാവായ കപിൽ സിബൽ എത്തിയില്ല. കുടുംബവാഴ്‌ചയെ വിമർശിച്ചതിന്‌ നേതാക്കൾ വളഞ്ഞിട്ടാക്രമിച്ചതിൽ പ്രതിഷേധിച്ചാണ്‌ ബഹിഷ്‌കരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top