കൊൽക്കത്ത
രാജ്യത്തെ വർഗീയ വേട്ടയാടലിനെ പ്രതിരോധിക്കാനുള്ള ഭാവിപോരാട്ടത്തിന്റെ വിളംബരമായി ഡിവൈഎഫ്‌ഐയുടെ 11–-ാമത് അഖിലേന്ത്യ സമ്മേളനത്തിന് കൊൽക്കത്തയിൽ ആവേശോജ്വല തുടക്കം.
എസ്‌പ്ലനേഡിലെ റാണിറാഷ് മോണി റോഡിൽ പതിനായിരങ്ങൾ അണിനിരന്ന മഹാ യുവജനറാലി അരങ്ങേറി. ബംഗാളിന്റെ ഉൾഗ്രാമത്തിൽനിന്നടക്കം ആയിരക്കണക്കിനു യുവജനങ്ങൾ അണിനിരന്നു. സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു. വിദ്വേഷം വിതച്ച് നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ എക്കാലവും പ്രതിരോധിക്കുന്ന സംഘടനയാണ് ഡിവൈഎഫ്‌ഐ എന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിന്റെ ബുൾഡോസറല്ല ആശയങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നത്.
പൊതുമുതൽ വിറ്റഴിക്കൽ തീവ്രയജ്ഞത്തിലാണ് സർക്കാർ. ശ്രീലങ്കയിൽ ഭൂരിപക്ഷത്തെ പ്രീണിപ്പിച്ച് ന്യൂനപക്ഷത്തെ വേട്ടയാടിയ ഭരണാധികാരിക്ക് ഹെലികോപ്‌റ്ററിൽ പലായനം ചെയ്യേണ്ടി വന്നു. ശ്രീലങ്കയിൽനിന്നുള്ള കാറ്റ് ഇന്ത്യയിലേക്ക് എത്താൻ അധികസമയം വേണ്ടെന്നും യെച്ചൂരി മുന്നറിയിപ്പ് നൽകി.
ഭഗത്‌സിങ്, രബീന്ദ്രനാഥ ടാഗോർ, ജ്യോതി ബസു, സത്യജിത് റേ തുടങ്ങിയവരുടെ ചിത്രം നിറഞ്ഞതാണ് സമ്മേളനവേദി. പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട വിദ്യാർഥി നേതാവ് അനീസ് ഖാന്റെ അച്ഛൻ സലേം ഖാനും തൃണമൂൽ ഗുണ്ടകളാൽ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് വിദ്യുത് മൊണ്ടലിന്റെ അമ്മ അമല മൊണ്ടലും വേദിയിലുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി അധ്യക്ഷനായി. ജനറൽ സെക്രട്ടറി അഭോയ് മുഖർജി, സിപിഐ എം പശ്ചിമ ബംഗാൾ സെക്രട്ടറി മുഹമ്മദ് സലീം, ഡിവൈഎഫ്‌ഐ മുൻ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജോയിന്റ് സെക്രട്ടറിമാരായ പ്രീതിശേഖർ, ഹിമാങ്കണരാജ് ഭട്ടാചാര്യ, ബംഗാൾ സെക്രട്ടറി മീനാക്ഷി മുഖർജി, പ്രസിഡന്റ് ദ്രുപജ്യോതി ഭട്ടാചാര്യ, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് തുടങ്ങിയവർ പങ്കെടുത്തു.
വെള്ളിയാഴ്‌ച പ്രതിനിധി സമ്മേളനം തുടങ്ങും. രാവിലെ 9.30ന് പി എ മുഹമ്മദ് റിയാസ് പതാക ഉയർത്തും. പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് മുൻ ഭാരവാഹികളുടെ സമ്മേളനത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, നിയമസഭാ സ്‌പീക്കർ എം ബി രാജേഷ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. 502 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..