19 April Friday

തൊഴിലാളികളെ അടിമകളാക്കി കോൺഗ്രസ്‌, ബിജെപി സർക്കാരുകൾ; തൊഴിൽ സമയം ദീർഘിപ്പിച്ചും ആനുകൂല്യങ്ങൾ നിഷേധിച്ചും തൊഴിലാളി ദ്രോഹം

എം പ്രശാന്ത്‌Updated: Monday May 11, 2020

 

കോവിഡിന്റെ മറവിൽ കോർപറേറ്റുകൾക്ക്‌ അനുകൂലമായി തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുകയാണ്‌ കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങൾ. തൊഴിൽ സമയം ദീർഘിപ്പിച്ചും എപ്പോൾ വേണമെങ്കിലും പിരിച്ചുവിടൽ സാധ്യമാകും വിധം തൊഴിൽ സുരക്ഷ ദുർബലപ്പെടുത്തിയും ബോണസ്‌, പിഎഫ്‌ പോലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കിയുമാണ്‌ തൊഴിലാളികളെ ദ്രോഹിക്കുന്നത്‌. ഉൽപ്പാദന മേഖലയിൽ അടച്ചിടൽ സൃഷ്ടിച്ച മാന്ദ്യം എളുപ്പത്തിൽ മറികടക്കുക, ചൈനയിൽനിന്ന്‌ പിൻവാങ്ങുന്ന കമ്പനികളെ ആകർഷിക്കുക തുടങ്ങിയ ന്യായങ്ങൾ പറഞ്ഞാണ്‌ തൊഴിലാളി ദ്രോഹം. കോൺഗ്രസ്‌–- ബിജെപി സർക്കാരുകൾ കൊണ്ടുവരുന്ന തൊഴിൽ നിയമ പരിഷ്‌കാരങ്ങളെ കോർപറേറ്റുകൾ ഒന്നടങ്കം സ്വാഗതം ചെയ്‌തു. ട്രേഡ്‌യൂണിയനുകളും ഇടതുപക്ഷ പാർടികളും പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും തൊഴിലാളിദ്രോഹ നടപടികൾ കൂടുതൽ തീവ്രമാക്കുകയാണ്‌. കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയും അവർക്കുണ്ട്‌. 

അടിമകാലത്തിലേക്ക്‌ ഉത്തർപ്രദേശ്‌-
തൊഴിലാളിദ്രോഹ നടപടിയിലേക്ക്‌ ആദ്യം നീങ്ങിയത്‌ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശാണ്‌‌. 38 തൊഴിൽ നിയമങ്ങളിൽ മൂന്നെണ്ണമൊഴികെ മറ്റെല്ലാം  മൂന്നുവർഷത്തേക്ക്‌ സർക്കാർ മരവിപ്പിച്ചു. നിർമാണ തൊഴിലാളി നിയമം, ഉടമ്പടി തൊഴിൽ നിയമം, വേതനവിതരണ നിയമത്തിലെ അഞ്ചാം വകുപ്പ്‌ എന്നിവ മാത്രം‌ തുടരും. ഇതോടെ തൊഴിലാളികളെ തോന്നുംപോലെ പണിയെടുപ്പിക്കാനും പിരിച്ചുവിടാനും അടിമപ്പണിയെടുപ്പിക്കാനും അവസരമൊരുങ്ങി‌.

മധ്യപ്രദേശിൽ തോന്നുമ്പോൾ പിരിച്ചുവിടാം
ബിജെപി ഭരിക്കുന്ന മധ്യപ്രദേശും തൊഴിലാളി ദ്രോഹ നടപടിയെടുത്തു. 100 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങളിൽ ഇഷ്ടാനുസരണമുള്ള പിരിച്ചുവിടൽ, രജിസ്‌ട്രേഷൻ കൂടാതെ അമ്പത്‌ തൊഴിലാളികളെവരെ വച്ച്‌ പണിയെടുപ്പിക്കൽ, തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന്‌ അറിയുന്നതിനുള്ള ഫാക്ടറി പരിശോധന എടുത്തുകളയൽ, ദിവസവും 12 മണിക്കൂർവരെ പണിയെടുപ്പിക്കൽ, ആഴ്‌ചയിൽ 72 മണിക്കൂർവരെ ഓവർടൈം തുടങ്ങിയവയാണ്‌ പരിഷ്‌കാരം.

ഗുജറാത്തിൽ പുതിയ സ്ഥാപനങ്ങൾ പുറത്ത്‌
ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ മിനിമം കൂലി നിയമം, വ്യവസായസുരക്ഷാ നിയമം, തൊഴിലാളി നഷ്ടപരിഹാര നിയമം എന്നിവയൊഴികെ മറ്റെല്ലാ തൊഴിൽ നിയമങ്ങളിൽനിന്നും പുതിയ സ്ഥാപനങ്ങളെ ഒഴിവാക്കി. ലേബർ പരിശോധനയില്ല. ഇഷ്ടാനുസരണം പിരിച്ചുവിടാം. ട്രേഡ്‌യൂണിയൻ അവകാശവുമില്ല.

ബിജെപി പാതയിൽ രാജസ്ഥാനും
ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നയംതന്നെയാണ്‌ കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ. തൊഴിൽ സമയം 12 മണിക്കൂർ വരെയാക്കി. വ്യവസായതർക്ക നിയമത്തിൽ ഭേദഗതി വരുത്തി. മുന്നൂറ്‌ തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങളിൽ ഇഷ്ടാനുസരണം പിരിച്ചുവിടലാകാം. ട്രേഡ്‌യൂണിയൻ അംഗീകാരത്തിനാവശ്യമായ തൊഴിലാളികളുടെ പിന്തുണ 15 ശതമാനത്തിൽനിന്നും മുപ്പതാക്കി.

ഏറ്റുപിടിച്ച്‌ മറ്റുസംസ്ഥാനങ്ങൾ
മഹാരാഷ്ട്ര, ഹരിയാന, ഹിമാചൽപ്രദേശ്‌, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളും തൊഴിൽ സമയം 12 മണിക്കൂറാക്കി. ഫാക്ടറി നിയമത്തിലെ പല വകുപ്പുകളും മഹാരാഷ്ട്ര മരവിപ്പിച്ചു. ഇതേ പാതയിലാണ്‌ ബിഹാർ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top