25 April Thursday
നാഗാലാൻഡിൽ റിയോ; മേഘാലയയിൽ സാങ്‌മ

ത്രിപുര : മന്ത്രിക്കസേരയ്‌ക്കും പിടിവലി ; സത്യപ്രതിജ്ഞ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023

മണിക്‌ സാഹ, പ്രതിമ ഭൗമിക്‌


ന്യൂഡൽഹി
ത്രിപുര മുഖ്യമന്ത്രിപദത്തിൽ പ്രതിമ ഭൗമിക്കിനെ വെട്ടി മണിക്‌ സാഹയെ അവരോധിച്ചെങ്കിലും മന്ത്രിസഭാംഗങ്ങൾ ആരെന്നതിൽ ബിജെപിയിൽ സമവായമായില്ല. ബുധനാഴ്‌ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ, മുഖ്യമന്ത്രിപദത്തിൽ കേന്ദ്രനേതൃത്വം നേരിട്ട്‌ അവരോധിച്ചതിനു സമാനമായ നീക്കമായിരിക്കും മന്ത്രിസഭാംഗങ്ങളുടെയും കാര്യത്തിലും ഉണ്ടാവുക. അതേസമയം, ഇത്തവണയും മന്ത്രിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സൂര്യമണി നഗറിൽനിന്ന്‌ ജയിച്ച റാം പ്രസാദ്‌ പോൾ ഡൽഹിയിലെത്തി നേതാക്കളെ കണ്ടു. കഴിഞ്ഞ വർഷം മേയിൽ ബിപ്ലവ്‌ കുമാർ ദേബിനെ അട്ടിമറിച്ച്‌ മണിക്‌ സാഹ മുഖ്യമന്ത്രിപദം കൈപ്പിടിയിലാക്കിയ നിയമസഭാ കക്ഷിയോഗത്തിൽ പോൾ സംഘർഷം സൃഷ്‌ടിച്ചിരുന്നു. അന്ന്‌ മുഖ്യമന്ത്രിപദം ആവശ്യപ്പെട്ട്‌ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ പോൾ കസേരയും ജനൽ ചില്ലുകളും തല്ലിത്തകർത്തു. സമാനമായി മറ്റ്‌ മന്ത്രിമാരെ ഒഴിവാക്കുന്നതും പൊട്ടിത്തെറിയിൽ കലാശിക്കുമെന്നതും നേരിയ ഭൂരിപക്ഷമുള്ള ബിജെപിയെ കുഴയ്‌ക്കുന്നു. 

ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് വർമയൊഴികെ എല്ലാ ബിജെപി മന്ത്രിമാരും ജയിച്ചിട്ടുണ്ട്‌. ഒത്തുതീർപ്പിന്റെ ഭാഗമായി കേന്ദ്ര സഹമന്ത്രിയായ പ്രതിമ ഭൗമിക്കിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും. സ്ഥാനം ലഭിച്ചില്ലെങ്കിൽ ഭൗമിക്കിന്റെ ഭാവി അനിശ്ചിതത്വത്തിലാകും. ഐപിഎഫ്‌ടിയുടെ ഏക അംഗത്തിന്‌ മന്ത്രിസഭയിലേക്ക്‌ പരിഗണിക്കില്ല. പകരം, തിപ്രമോതയെ കൂടെക്കൂട്ടാനാണ്‌ ബിജെപി ശ്രമം.

നാഗാലാൻഡിൽ റിയോ; മേഘാലയയിൽ സാങ്‌മ
നാഗാലാൻഡിൽ എൻഡിപിപി നേതാവ്‌ നെയ്‌ഫിയു റിയോ അഞ്ചാംവട്ടവും മുഖ്യമന്ത്രിയായി അധികാരമേറ്റു. ഗവർണർ ലാ ഗണേശൻ സത്യവാചകം ചൊല്ലിക്കൊടുത്തു. എൻഡിപിപി നേതാവായ ടി ആർ സെലിയാങ്‌, ബിജെപി നേതാവായ യാൻതുൻഗോ പാറ്റൻ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്‌തു.

മേഘാലയയിൽ നാഷണൽ പീപ്പിൾസ്‌ പാർടി നേതാവ്‌ കോൺറാഡ്‌ സാങ്‌മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. പ്രെസ്‌റ്റോൺ ടിൻസോങ്‌, സ്‌ന്യേഭലങ്‌ ധർ എന്നിവരാണ്‌ ഉപമുഖ്യമന്ത്രിമാർ. രണ്ട്‌ സംസ്ഥാനങ്ങളിലെയും മുഖ്യന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top