25 April Thursday

വ്യാപാരയുദ്ധം ഇന്ത്യക്ക്‌ ദോഷം ചെയ്യുമെന്ന്‌ പനഗരിയ

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020


ന്യൂഡൽഹി
ചൈനയുമായി വ്യാപാര യുദ്ധത്തിലേക്ക്‌ നീങ്ങിയാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്കാകും കൂടുതൽ ദോഷം ചെയ്യുകയെന്ന്‌ നിതി ആയോഗ്‌ മുൻ ഉപാധ്യക്ഷൻ അരവിന്ദ്‌ പനഗരിയ. അതിർത്തി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി തടയണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുമ്പോഴാണ്‌ ഒരു വാർത്താപോർട്ടലിന്‌ നൽകിയ അഭിമുഖത്തിൽ പനഗരിയ വ്യത്യസ്‌ത നിലപാട്‌ സ്വീകരിക്കുന്നത്‌. 

ഇന്ത്യയിലേയ്‌ക്കുള്ള ചൈനയുടെ കയറ്റുമതി അവരുടെ ആകെ കയറ്റുമതിയുടെ മൂന്ന്‌ ശതമാനം മാത്രമാണെന്ന്‌ നിലവിൽ കൊളംബിയ സർവകലാശാലയിൽ സാമ്പത്തികശാസ്‌ത്ര അധ്യാപകനായ പനഗരിയ പറഞ്ഞു. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 15 ശതമാനവും ചൈനയിൽ നിന്നാണ്‌. ഈ ഇറക്കുമതികൾ ഇന്ത്യക്ക്‌ ഏറെ പ്രധാനപ്പെട്ടതാണ്‌. വിലക്കേർപ്പെടുത്തിയാൽ ഇന്ത്യയിലെ ഉൽപ്പാദകരെ ദോഷകരമായി ബാധിക്കും.

ചൈനീസ്‌ ഉൽപ്പന്നങ്ങൾക്ക്‌ വിലക്കോ നിയന്ത്രണമോ ഏർപ്പെടുത്തിയാൽ സ്വാഭാവികമായും സമാനമായ നടപടി തിരിച്ചുമുണ്ടാകും. ഇതും ഇന്ത്യയെയാണ്‌  ബാധിക്കുക. ഇന്ത്യയുടെ കയറ്റുമതിയിൽ ആറുശതമാനം ചൈനയിലേക്കാണ്‌. രണ്ട്‌ രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിലെ അന്തരം പരിഗണിച്ചാൽ ഉപരോധം ദോഷകരമായി ബാധിക്കുക ഇന്ത്യയെയാണ്‌. 

കോവിഡിന്‌ മുമ്പുതന്നെ ഇന്ത്യയുടെ വളർച്ച ഏഴ്‌ ശതമാനമെന്ന തോതിൽ നിന്നും 4.2 ശതമാനത്തിലേക്ക്‌ കൂപ്പുകുത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വ്യാപാര നിയന്ത്രണങ്ങൾ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ വലിയ ദോഷം ചെയ്യും. അങ്ങനെ വന്നാൽ ഏഴ്‌–- ഏഴര ശതമാനത്തിലേക്ക്‌ സമ്പദ്‌വ്യവസ്ഥയുടെ മടങ്ങിവരവ്‌ എന്നത്‌ സാധ്യമാകില്ല–- പനഗരിയ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top