24 April Wednesday

രാജ്യത്ത്‌ എക്‌സ്‌ ഇ വൈറസ്‌ സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2022


ന്യൂഡൽഹി
ഒമിക്രോൺ വകഭേദമായ എക്‌സ്‌ ഇ വൈറസ്‌ രാജ്യത്ത്‌ സ്ഥിരീകരിച്ചു. ടെസ്റ്റിങ്‌ ലബോറട്ടറികളുടെ ദേശീയ ശൃംഖലയായ ഇന്ത്യൻ സാർസ്‌ സിഒവി 2 ജിനോമിക്‌സ്‌ സീക്വൻസിങ്‌ കൺസോർഷ്യമാണിത്‌ സ്ഥിരീകരിച്ചത്‌. ഏതു സംസ്ഥാനത്താണിതെന്ന് പുറത്തുവിട്ടില്ല. മൂന്നാം തരംഗത്തിന് ഇടയാക്കിയ ഒമിക്രോണിന്റെ ബിഎ.2 വകഭേദത്തേക്കാൾ 10 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ളതാണ്‌ എക്‌സ്‌ ഇ. 

ഭയപ്പെടേണ്ടെ സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വീണ്ടും കോവിഡ് തരംഗസാധ്യത ഇല്ലെന്ന്‌ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമം റിപ്പോർട്ട്‌ ചെയ്‌തു. 3157 പേർക്കുകൂടി രാജ്യത്ത്‌ 24 മണിക്കൂറിനിടെ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതിൽ 1076 കേസും ഡൽഹിയില്‍. 12–-17 വയസ്സുകാർക്ക്‌ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്‌സ്‌ സ്വകാര്യ ആരോഗ്യകേന്ദ്രത്തിൽനിന്ന്‌ സ്വീകരിക്കാമെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിർബന്ധിച്ച്‌ വാക്‌സിൻ എടുപ്പിക്കരുത്‌
ആരെയും നിർബന്ധിച്ച്‌ വാക്‌സിൻ എടുപ്പിക്കരുതെന്ന്‌ സുപ്രീംകോടതി. ശാരീരിക അന്തസ്സിനുള്ള അവകാശം ഭരണഘടനയുടെ 21–-ാം അനുച്ഛേദത്തിന്റെ ഭാഗമാണ്. കോവിഡ്‌ സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാനസർക്കാരുകൾ വാക്‌സിന്റെ പേരിൽ ഏർപ്പെടുത്തിയ പല നിയന്ത്രണവും പൗരന്മാരുടെ അവകാശവുമായി ഒത്തുപോകില്ലെന്നും ജസ്‌റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ വ്യക്തമാക്കി. വാക്‌സിനെടുക്കാത്തവർ സ്വീകരിച്ചവരേക്കാൾ കൂടുതൽ രോഗം പടർത്തുമെന്ന്‌ തെളിയിക്കുന്ന രേഖ കോടതി മുമ്പാകെ എത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏത്‌ ചികിത്സ വേണം, ഏത്‌ വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്രം വ്യക്തിക്കുണ്ട്‌. എന്നാൽ, സാമൂഹിക ആരോഗ്യം കണക്കിലെടുത്ത്‌ ഇത്‌ നിയന്ത്രിക്കാൻ സർക്കാരിന്‌ അധികാരമുണ്ട്‌.  പരാതിയുള്ളവര്‍ക്ക് സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. പ്രതിരോധകുത്തിവയ്‌പിനുള്ള ദേശീയസാങ്കേതിക സമിതി മുൻ അംഗമായ ഡോ. ജേക്കബ് പുലിയേൽ സമർപ്പിച്ച ഹർജിയാണ്‌ പരിഗണിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top