26 April Friday

മോദി അഹങ്കാരി; കർഷകർ മരിച്ചത്‌ എനിക്കുവേണ്ടിയാണോ എന്ന്‌ ചോദിച്ചു: മേഘാലയ ഗവർണർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 4, 2022

ന്യൂഡൽഹി > കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നും ‘കർഷക‌ർ മരിച്ചത് എനിക്കുവേണ്ടിയാണോ’യെന്ന് ചോദിച്ചെന്നും വെളിപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവുകൂടിയായ മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ദാദ്രിയില്‍ പൊതുപരിപാടിയിലാണ് തുറന്നുപറച്ചില്‍.

"പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പോയി. അഞ്ച് മിനിറ്റിനുള്ളിൽത്തന്നെ തർക്കിച്ചുപിരിഞ്ഞു. നമ്മുടെ 500 കർഷകരാണ് മരിച്ചതെന്ന് പ്രധാനമന്ത്രിയോടു പറഞ്ഞപ്പോൾ ‘അവർ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചതെന്ന് മോദി തിരിച്ചുചോദിച്ചു' ഒരു നായ ചത്താൽപ്പോലും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്താറുണ്ടെന്നും നിങ്ങൾ രാജാവായിരിക്കുന്നതുവരെ നിങ്ങൾ തന്നെയാണ് മരണത്തിനു കാരണക്കാരനെന്നും താൻ മറുപടി പറഞ്ഞെന്നും സത്യപാല്‍ മാലിക് തുറന്നടിച്ചു. തുടർന്ന് മോദി പറഞ്ഞത് പ്രകാരം അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി മടങ്ങിയെന്നും സത്യപാൽ മാലിക് പറഞ്ഞു.

മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നല്‍കണമെന്നും പ്രതിഷേധങ്ങളുടെ പേരില്‍ കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സത്യപാല്‍ മാലിക് ആവശ്യപ്പെട്ടു. കർഷക പ്രക്ഷോഭം അവസാനിച്ചെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. കർഷകർക്കുനേരെ അതിക്രമമോ നീതി നിഷേധമോയുണ്ടായാൽ പ്രക്ഷോഭം തുടരുമെന്നും മാലിക് പറ‍ഞ്ഞു.

കർഷകസമരത്തിന്റെ തുടക്കത്തില്‍ത്തന്നെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് എതിരെ നിലപാട് എടുത്ത നേതാവാണ് സത്യപാല്‍ മാലിക്.  ജമ്മു കശ്‌മീര്‍ ഗവര്‍ണറായിരുന്ന സത്യപാലിനെ  ആദ്യം ഗോവയിലേക്കും പിന്നീട് മേഘാലയയിലേക്കും മാറ്റുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top