09 December Saturday
കടന്നാക്രമണം ചെറുക്കും: സിപിഐ എം

സ്വാതന്ത്ര്യത്തിന് കെെവിലങ്ങ് ; ന്യൂസ്‌ക്ലിക്ക്‌ 
വാർത്താപോർട്ടലിന് യുഎപിഎ ചുമത്തി കേസ്‌

എം പ്രശാന്ത്‌Updated: Wednesday Oct 4, 2023


ന്യൂഡൽഹി
മോദി സർക്കാരിനെതിരെ നിർഭയം ശബ്ദിക്കുന്ന ഇംഗ്ലീഷ്‌–- ഹിന്ദി വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിനെ യുഎപിഎ ചുമത്തി വേട്ടയാടി ഡൽഹി പൊലീസ്‌. ചൊവ്വ പുലർച്ചെ തുടങ്ങിയ വ്യാപക റെയ്‌ഡിനൊടുവിൽ സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്‌ത, അഡ്‌മിനിസ്‌ട്രേറ്റർ അമിത്‌ ചക്രവർത്തി എന്നിവരെ അറസ്‌റ്റുചെയ്‌തു. എഡിറ്ററുടെയും മുതിർന്ന മാധ്യമപ്രവർത്തകരുടെയും ഇവരുമായി സഹകരിക്കുന്നവരുടെയും വീടുകളടക്കം 30ലേറെ സ്ഥലങ്ങളിലാണ്‌  റെയ്‌ഡിന്റെ പേരിൽ കേന്ദ്രത്തിനു കീഴിലുള്ള ഡൽഹി പൊലീസ്‌ അഴിഞ്ഞാടിയത്‌.

സൗത്ത്‌ഡൽഹി സൈനിക്‌ ഫാംസിലെ ന്യൂസ്‌ക്ലിക്‌ ഓഫീസ്‌ അടച്ചുപൂട്ടി. മുതിർന്ന മാധ്യമപ്രവർത്തകരായ പരഞ്‌ജോയ്‌ ഗുഹ താക്കൂർത്ത, ഊർമിളേഷ്‌, അഭിസാർ ശർമ, ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, ശാസ്ത്രജ്ഞൻ രഘുനന്ദൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. നിരവധി പേരുടെ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും പൊലീസെത്തി. ബിഹാറിൽ ജാതി സെൻസസ്‌ പുറത്തുവിട്ടതിനെത്തുടർന്ന്‌ കേന്ദ്രത്തിനെതിരെ ചർച്ചകൾ ഉയരുന്നതിനിടെയാണ്‌ റെയ്‌ഡ്‌ നാടകം.

 

ന്യൂസ്‌ക്ലിക്കിന്‌ വിദേശത്തുനിന്ന്‌ നിയമപരമായി ലഭിച്ച ഫണ്ടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പേരിലായിരുന്നു അതിക്രമം. ന്യൂസ്‌ക്ലിക്ക്‌ ചൈനയുടെ താൽപര്യത്തിന്‌ അനുകൂലമായി വാർത്ത നൽകുന്നെന്ന ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ആരോപണങ്ങൾക്ക്‌ പിന്നാലെയാണ്‌ നടപടി.

പുലർച്ചെ രണ്ടിന്‌ ലോധി റോഡിലെ സ്‌പെഷ്യൽ സെൽ ഓഫീസിൽ ഇരുനൂറോളം ഉദ്യോഗസ്ഥർ രഹസ്യയോഗം ചേർന്നു. തുടർന്ന്‌ ആറോടെ ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്‌, മുംബൈ എന്നിവിടങ്ങളിലായി മുപ്പതിലേറെ ഇടങ്ങളിൽ ഒരേ സമയം റെയ്‌ഡ്‌ ആരംഭിച്ചു. പൊലീസുകാർ ഗുണ്ടകളെപ്പോലെ വീടുകളിലേക്ക്‌ അതിക്രമിച്ച്‌ കയറിയെന്നും ഫോണും ലാപ്ടോപ്പും മറ്റും ബലമായി പിടിച്ചെടുത്തെന്നും ഭാഷാ സിങ്, അഭിസാർ ശർമ തുടങ്ങിയ മാധ്യമപ്രവർത്തകർ പറഞ്ഞു. സെർച്ച്‌ വാറണ്ടോ, എഫ്‌ഐആർ പകർപ്പോ ഇല്ലാതെയായിരുന്നു നടപടി. 25 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിക്ക്‌ മറുപടി നൽകാനും നിർബന്ധിച്ചു. ഒമ്പത്‌ സ്‌ത്രീകളടക്കം 46 പേരെ നടപടികളുടെ ഭാഗമായി ചോദ്യം ചെയ്യലിന്‌ വിധേയരാക്കിയെന്ന്‌ പൊലീസ്‌ വൃത്തങ്ങൾ പറഞ്ഞു.  കർഷകപ്രക്ഷോഭം, പൗരത്വനിയമ ഭേദഗതിക്കെതിരായ ഷഹീൻബാഗ്‌ സമരം തുടങ്ങി മോദി സർക്കാരിനെതിരായ സമരങ്ങൾ റിപ്പോർട്ട്‌ ചെയ്‌തതിന്റെ വിശദാംശങ്ങളും തേടി. എഴുത്തുകാരി ഗീത ഹരിഹരൻ, കൊമേഡിയൻ സഞ്‌ജയ്‌ രജൗര, സാമൂഹികപ്രവർത്തക ടീസ്‌ത സെതൽവാദ്‌ എന്നിവരുടെ വസതികളിലും റെയ്‌ഡ്‌ നടത്തി.  വിദേശഫണ്ടിൽ നേരത്തേ രണ്ടുവട്ടം ഇഡി റെയ്‌ഡും മറ്റും നടത്തിയിരുന്നു.  ക്രിമിനൽ ഗൂഢാലോചന, ശത്രുത വളർത്തുക എന്നീ കുറ്റങ്ങളും ചുമത്തി.
 

കടന്നാക്രമണം ചെറുക്കും: സിപിഐ എം
മാധ്യമങ്ങൾക്കു നേരെയുള്ള നഗ്‌നമായ കടന്നുകയറ്റമാണ്‌ ഡൽഹി പൊലീസിന്റെ റെയ്‌ഡ്‌ എന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. മൗലികാവകാശമായ ആവിഷ്‌കാരസ്വാതന്ത്ര്യത്തെയാണ്‌ കടന്നാക്രമിക്കുന്നത്‌. മോദി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച്‌ ബിബിസി, ന്യൂസ്‌ലോൺഡ്രി, ദൈനിക്ക്‌ ഭാസ്കർ, ഭാരത്‌ സമാചാർ, ദ കസ്‌മിർ വാല, ദ വയർ തുടങ്ങി വിവിധ മാധ്യമസ്ഥാപനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നു.

ഇപ്പോൾ ന്യൂസ്‌ക്ലിക്കിലെ എല്ലാവരെയും റെയ്‌ഡിന്‌ വിധേയരാക്കി. അധികാരിവർഗത്തോട്‌ സത്യം വിളിച്ചുപറയുന്നവർക്കെതിരായുള്ള അമിതാധികാര കടന്നുകയറ്റം അംഗീകരിക്കാനാകില്ല. മാധ്യമങ്ങളെ അടിച്ചമർത്താനും വേട്ടയാടാനും ലക്ഷ്യമിട്ടുള്ള ഇത്തരം ആസൂത്രിത ഗൂഢാലോചനയ്‌ക്കെതിരെ  ജനാധിപത്യബോധമുള്ള എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുവരണം–- പിബി പ്രസ്‌താവനയിൽ ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top