26 April Friday

ഗുജറാത്തിൽ ബിജെപി ഹിമാചലിൽ 
കോൺഗ്രസ്

പ്രത്യേക ലേഖകൻUpdated: Thursday Dec 8, 2022


ന്യൂഡൽഹി
ഗുജറാത്തിൽ റെക്കോഡ്‌ ഭൂരിപക്ഷത്തോടെ ബിജെപിയുടെ തുടർച്ചയായ ഏഴാം ജയം. 182 അംഗ നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 156 സീറ്റ് നേടി. പ്രതിപക്ഷ നേതൃപദവി അവകാശപ്പെടാനാകാത്ത നിലയിൽ കോൺഗ്രസ്‌ 17 സീറ്റിലേക്ക്‌ ചുരുങ്ങി. നേതൃപദവി ലഭിക്കാൻ ചുരുങ്ങിയത്‌ 20 സീറ്റ്‌ വേണം. അതേസമയം, സർക്കാരുകൾ മാറിമാറി വരുന്ന പ്രവണത ആവർത്തിച്ച ഹിമാചൽപ്രദേശിൽ ഭരണം ബിജെപിയിൽനിന്ന്‌ കോൺഗ്രസ്‌ പിടിച്ചെടുത്തു. 68 അംഗ നിയമസഭയിൽ കോൺഗ്രസിന്‌ 40ഉം ബിജെപിക്ക്‌ 25ഉം സീറ്റ്‌ ലഭിച്ചു. ഇവിടെ രണ്ടു ബിജെപി വിമതരും ഒരു കോൺഗ്രസ്‌ വിമതനും ജയിച്ചു. 

 

ഗുജറാത്തിൽ സാന്നിധ്യം അറിയിച്ച ആം ആദ്‌മി പാർടിക്ക്‌ അഞ്ചിടത്ത്‌ ജയിക്കാനായി. വിമതരടക്കം മൂന്ന്‌ സ്വതന്ത്രർ ജയിച്ചു. സമാജ്‌വാദി പാർടിക്ക്‌ ഒരു സീറ്റ്‌ കിട്ടി. 2017നെ അപേക്ഷിച്ച്‌ 61 സീറ്റ്‌ നഷ്ടമായ കോൺഗ്രസിന്റെ വോട്ട്‌ വിഹിതം 41.44 ശതമാനത്തിൽനിന്ന്‌ 27.3 ശതമാനമായി ഇടിഞ്ഞു. 2017ൽ 49.05 ശതമാനം വോട്ട്‌ നേടിയ ബിജെപി ഇക്കുറി 52.5 ശതമാനമായി വർധിപ്പിച്ചു. എഎപിക്ക്‌ 13 ശതമാനം വോട്ട്‌ കിട്ടി. 1985ൽ മാധവ്‌സിങ്‌ സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേടിയ 149 സീറ്റിന്റെ റെക്കോഡാണ്‌ ബിജെപി മറികടന്നത്‌. പരാജയത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ ചുമതലക്കാരനായ രഘു ശർമ രാജിവച്ചു.

ഹിമാചൽപ്രദേശിൽ കോൺഗ്രസിന്‌ 43.9 ശതമാനം വോട്ട്‌ ലഭിച്ചപ്പോൾ ബിജെപിക്ക്‌ 43 ശതമാനം. മറ്റുള്ളവർക്ക്‌ 10.4 ശതമാനം വോട്ട്‌ ലഭിച്ചു. കഴിഞ്ഞതവണ ഇത്‌ 41.7 ശതമാനം, 48.8 ശതമാനം വീതമായിരുന്നു. വിജയിച്ചതോടെ മുഖ്യമന്ത്രിപദവിക്കായുള്ള തർക്കം കോൺഗ്രസിൽ ആരംഭിച്ചു. നിരവധി പേരാണ്‌ നേതൃസ്ഥാനത്തിനായി രംഗത്തുള്ളത്‌. കോൺഗ്രസ്‌ എംഎൽഎമാരെ സംസ്ഥാനത്തിനു പുറത്തേക്ക്‌ മാറ്റി ഒളിപ്പിക്കാനുള്ള നീക്കവും നേതൃത്വം തുടങ്ങി.

ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമ്പടിച്ച്‌ പ്രചാരണം നടത്തിയപ്പോൾ കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ കാഴ്‌ചക്കാരായി. രാഹുൽ ഗാന്ധി രണ്ടു യോഗത്തിൽ പ്രസംഗിക്കാൻ ഒറ്റദിവസമാണ്‌ ഗുജറാത്തിൽ ചെലവിട്ടത്‌. സംസ്ഥാനനേതൃത്വവും നിഷ്‌ക്രിയമായിരുന്നു. ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിന്റെ പുതിയ മന്ത്രിസഭ 12ന്‌ സ്ഥാനമേൽക്കും. ഹിമാചൽപ്രദേശ്‌ മുഖ്യമന്ത്രി ജയ്‌റാം താക്കൂർ ഗവർണർക്ക്‌ രാജിക്കത്ത്‌ നൽകി.

ഉപതെരഞ്ഞെടുപ്പിൽ 
ബിജെപിക്ക്‌ തിരിച്ചടി
അഞ്ച്‌ സംസ്ഥാനത്തെ ലോക്‌സഭ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക്‌ തിരിച്ചടി. ഒരു ലോക്‌സഭാമണ്ഡലത്തിലും നാല്‌  നിയമസഭാമണ്ഡലത്തിലും ബിജെപി പരാജയപ്പെട്ടു. ഉത്തർപ്രദേശിലെ മെയിൻപുരി ലോക്‌സഭാമണ്ഡലത്തിൽ സമാജ്‌വാദിപാർടി നേതാവ്‌ ഡിംപിൾ യാദവ്‌ 2,88,461 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി രഘുരാജ്‌ സിങ് ഷാക്യയെ തറപറ്റിച്ചു.  ഉത്തർപ്രദേശിലെ ഖട്ടൗലിയിൽ സിറ്റിങ്‌ സീറ്റിൽ ബിജെപി ആർഎൽഡിയോട്‌ തോറ്റു. രാജ്‌കുമാരി സെയ്‌നിയെ 22,054 വോട്ടിന്‌ മദൻഭയ്യാ പരാജയപ്പെടുത്തി. ഒഡിഷയിലെ പദംപുരിൽ ബിജുജനതാദളിന്റെ ബർഷാസിങ് ബിജെപിയുടെ പ്രദീപ്‌ പുരോഹിത്തിനെ 42,000 വോട്ടിന്‌ തോൽപ്പിച്ചു.

രാജസ്ഥാനിലെ സർദാർഷഹറിൽ കോൺഗ്രസിന്റെ അനിൽകുമാർ ശർമ ജയിച്ചു. ബിജെപിയുടെ അശോക്‌കുമാറാണ്‌ പരാജയപ്പെട്ടത്‌. ഛത്തീസ്‌ഗഢിലെ ഭാനുപ്രതാപ്‌പുർ കോൺഗ്രസ്‌ സാവിത്രിമണ്ഡാവിയിലൂടെ നിലനിർത്തി.  വിദ്വേഷപ്രസംഗത്തിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ട എസ്‌പി നേതാവ്‌ അസംഖാന്റെ മണ്ഡലമായ റാംപുരിൽ ബിജെപി ജയിച്ചു. ബിഹാറിലെ കുർഹനിയിലും ബിജെപി ജയിച്ചു. ബിജെപിയുടെ കേദാർപ്രസാദ്‌ ഗുപ്‌ത ജെഡിയുവിന്റെ മനോജ്‌ സിങ്ങിനെ 3649വോട്ടിനാണ്‌ തോൽപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top