26 September Tuesday
പണി തുടങ്ങിയത്‌ കോവിഡ്‌ കാലത്ത്‌ , ചെലവഴിച്ചത്‌ 1,250 കോടി

ആധുനികം, വിശാലം ; പുതിയ പാർലമെന്റ്‌ മന്ദിരം ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023


ന്യൂഡൽഹി
കോവിഡ്‌ മഹാമാരിക്കിടെ, 2020 ഡിസംബറിലാണ്‌ മോദി സർക്കാർ പുതിയ പാർലമെന്റ്‌ മന്ദിരം പണിയാൻ തീരുമാനിച്ചത്‌. കോവിഡ്‌ നിയന്ത്രണങ്ങളുടെ ഭാഗമായി മരാമത്ത്‌ പണികൾ പൂർണമായും നിർത്തിവച്ചപ്പോഴും സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായി പുതിയ പാർലമെന്റ്‌ മന്ദിരം പണി തുടങ്ങി.

പഴയ പാർലമെന്റ്‌ മന്ദിരത്തിനും രാഷ്‌ട്രപതി ഭവനും മധ്യേ 13 ഏക്കറിൽ 65,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള മന്ദിരം പണിയാനുള്ള ചുമതല ടാറ്റാ പ്രോജക്ട്‌സിനാണ്‌ നൽകിയത്‌. 977 കോടി രൂപയ്‌ക്കാണ്‌ കരാർ നൽകിയതെങ്കിലും പിന്നീട്‌ 30 ശതമാനത്തോളം അടങ്കൽ വർധിപ്പിച്ച്‌ 1,250 കോടി രൂപയാക്കി. ലോക്‌സഭയിൽ 888 പേർക്കും രാജ്യസഭയിൽ 384 പേർക്കും ഇരിക്കാൻ കഴിയുന്ന വിധത്തിലാണ്‌ മന്ദിരത്തിലെ സംവിധാനം. ലോക്‌സഭയിൽ 1,224 പേർക്ക്‌ ഇരിപ്പിടം നൽകാൻ സൗകര്യം ഏർപ്പെടുത്താനാകും. അതേസമയം നിലവിലെ മന്ദിരത്തിൽ ഉള്ളതുപോലെ ഇവിടെ സെൻട്രൽ ഹാൾ ഇല്ല. മാധ്യമ പ്രവർത്തകർക്ക്‌ മുമ്പ്‌ സെൻട്രൽ ഹാളിൽ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡിനെ തുടർന്ന്‌ ഇതു നിർത്തലാക്കി. ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല.

നിലവിലെ പാർലമെന്റ്‌ മന്ദിരം നിർമിച്ചത്‌ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1921–-1927ൽ ആണ്‌. ഇംപീരിയൽ നിയമനിർമാണ കൗൺസിൽ സമ്മേളിക്കാൻ നിർമിച്ച മന്ദിരം രൂപകൽപ്പന ചെയ്‌തത്‌ എഡ്വിൻ ല്യൂട്ടൺ, ഹ്യൂബർട്ട്‌ ബേക്കർ എന്നിവർ ചേർന്നാണ്‌. 1956ൽ രണ്ട്‌ നിലകൂടി ചേർത്തു. പലതവണ നവീകരണം നടത്തി. 2006ൽ പാർലമെന്റ്‌ മ്യൂസിയവും നിർമിച്ചു. കൂടുതൽ സൗകര്യങ്ങളോടെ പുതിയ പാർലമെന്റ്‌ മന്ദിരം തുറക്കുന്നത്‌ രാജ്യത്തിന്റെ ജനാധിപത്യചരിത്രത്തിൽ നാഴികക്കല്ലാണ്‌. എന്നാൽ ചടങ്ങിൽനിന്ന്‌ രാഷ്‌ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ദിരം ഞായറാഴ്ച ഉദ്‌ഘാടനം ചെയ്യുകയാണ്‌. തമിഴ്‌നാട്ടിൽ നിന്നുള്ള സന്യാസിമാരുടെ സംഘം ശനിയാഴ്‌ച രാത്രി പ്രധാനമന്ത്രിയ്‌ക്ക്‌ ചെങ്കോൽ കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്‌.

ഉദ്‌ഘാടനചടങ്ങ്‌ 2 ഘട്ടമായി
● ഉദ്‌ഘാടനം പൂർണമായും ഹിന്ദുമതാചാരപ്രകാരം
● രാവിലെ 7.30ന്‌ പാർലമെന്റ്‌ വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്‌ക്ക്‌ സമീപം യജ്ഞത്തോടെ ആദ്യഘട്ടം തുടങ്ങും. തുടർന്ന്‌ മന്ത്രോച്ചാരണങ്ങളോടെ പൂജ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർല, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ്‌ എന്നിവർ സംബന്ധിക്കും
● രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ക്ഷണമില്ല
● 8.30നും ഒമ്പതിനും മധ്യേ പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കും
● ഒമ്പതിന്‌ പ്രാർഥനായോഗം. ശങ്കരാചാര്യൻമാർ, മറ്റ്‌ പ്രമുഖ ഹിന്ദുസന്ന്യാസിമാർ എന്നിവർ പങ്കെടുക്കും. ആദി ശിവനെയും ആദി ശങ്കരനെയും ആരാധിക്കും
● 9.30ഓടെ ഒന്നാംഘട്ടം സമാപിക്കും
● പകൽ 12ന്‌ ലോക്‌സഭാ ഹാളിൽ ദേശീയഗാനത്തോടെ രണ്ടാംഘട്ടത്തിന്‌ തുടക്കം
● മന്ദിരനിർമാണത്തെക്കുറിച്ചുള്ള രണ്ട്‌ ഹ്രസ്വചിത്രം പ്രദർശിപ്പിക്കും
● രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗ്-ദീപ്‌ ധൻഖറിന്റെയും സന്ദേശങ്ങൾ രാജ്യസഭാ ഉപാധ്യക്ഷൻ വായിക്കും. തുടർന്ന്‌ സ്‌പീക്കർ സംസാരിക്കും
● പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കും
● 1. 30ന്‌ പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ചടങ്ങുകൾ സമാപിക്കും
● തമിഴ്നാട്ടിലെ ‘അധീന’ങ്ങൾ എന്നറിയപ്പെടുന്ന ശൈവമഠങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും
● നിർമാണം നിർവഹിച്ച ടാറ്റാ ഗ്രൂപ്പ്‌ മേധാവി രത്തൻ ടാറ്റയും രൂപകൽപ്പന ചെയ്‌ത ബിമൽ പട്ടേലും അതിഥികളായെത്തും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top