20 April Saturday

ഹിന്ദുരാഷ്‌ട്ര "ഭരണഘടന' തയ്യാറാക്കുന്നു; തലസ്ഥാനം വാരാണസി, ന്യൂനപക്ഷങ്ങൾക്ക്‌ വോട്ടില്ല

സ്വന്തം ലേഖകൻUpdated: Sunday Aug 14, 2022

ന്യൂഡൽഹി
ജനാധിപത്യ–- മതനിരപേക്ഷ ഇന്ത്യയെ അട്ടിമിറച്ച്‌ സവർണ ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കുമെന്ന ആഹ്വാനവുമായി തീവ്രഹിന്ദുസംഘടനകൾ. ഹിന്ദുരാഷ്‌ട്രത്തിനുള്ള "ഭരണഘടനയുടെ കരട്‌' അടുത്ത വർഷം പ്രയാഗ്‌രാജിൽ നടക്കുന്ന മതപാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം. ഫെബ്രുവരിയിൽ ചേർന്ന ഹിന്ദുമത പാർലമെന്റ്‌  ഭരണഘടന തയ്യാറാക്കാൻ തീരുമാനിച്ചിരുന്നു. വാരാണസി കേന്ദ്രമായുള്ള ശങ്കരാചാര്യ പരിഷത്തിന്റെ തലവൻ സ്വാമി ആനന്ദ് സ്വരൂപിന്റെ നേതൃത്വത്തിൽ മുപ്പതംഗ സമിതിയാണ്‌ 750 പേജുള്ള രേഖ തയ്യാറാക്കുന്നത്‌. പുറംചട്ടയിൽ വി ഡി സവർക്കർ തുടങ്ങിയവരുടെ ചിത്രമുണ്ടെന്ന് ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട്‌ ചെയ്തു. ഡൽഹിക്കു പകരം വാരാണസി രാജ്യതലസ്ഥാനമാക്കും. കാശിയിൽ 543 അംഗ മതപാർലമെന്റ്‌ സ്ഥാപിക്കും. ഹിന്ദു, സിഖ്‌, ബുദ്ധ,- ജൈന മതക്കാർക്ക്‌ പൂർണ സ്വാതന്ത്ര്യം.

മുസ്ലിം, ക്രിസ്‌ത്യൻ വിഭാഗങ്ങൾക്ക് വോട്ടവകാശം ഉണ്ടാകില്ല. പൗരന്മാരായി തുടരാം. പ്രായപൂർത്തി വോട്ടവകാശം 16 വയസ്സും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞപ്രായം 25ഉം ആക്കും. നീതിന്യായവ്യവസ്ഥയ്ക്ക് ത്രേതായുഗവും ദ്വാപരയുഗവും അടിസ്ഥാനമാക്കും. വിദ്യാഭ്യാസം ഗുരുകുല സമ്പ്രദായത്തിലാകും. വർണവ്യവസ്ഥയിൽ അധിഷ്‌ഠിതമായ രാജ്യമാണ് സ്ഥാപിക്കുകയെന്നും സ്വരൂപ്‌ പറഞ്ഞു.

ഹിന്ദു നിർമാൺ സമിതി തലവൻ കമലേശ്വർ ഉപാധ്യായ്, സുപ്രീംകോടതി അഭിഭാഷകൻ ബി എൻ റെഡ്ഡി, പ്രതിരോധ വിദഗ്ധൻ ആനന്ദ് വർധൻ, വേൾഡ് ഹിന്ദു ഫെഡറേഷൻ അധ്യക്ഷൻ അജയ് സിങ് തുടങ്ങിയവരടങ്ങുന്ന ‘വിദഗ്‌ധരാണ്‌’ ഹിന്ദുരാഷ്‌ട്രത്തിന്റെ ഭരണഘടനാ നിർമാണസമിതിയിൽ ഉള്ളത്‌. പുരാതന ഇന്ത്യയിൽനിന്ന്‌ വേർപെട്ടുപോയ രാജ്യങ്ങളെയും വീണ്ടും ചേർക്കുമെന്നും അവകാശപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top