28 March Thursday
ഇഡബ്ല്യുഎസ്‌ വിഭാഗത്തിനും വരുമാന പരിധി 
 എട്ടുലക്ഷമാക്കിയത് അം​ഗീകരിക്കാനാകില്ല

നീറ്റ്‌ അഖിലേന്ത്യാ ക്വോട്ട സംവരണം : വരുമാനപരിധി 8 ലക്ഷമാക്കിയത് എങ്ങനെ ? ; കേന്ദ്രനിലപാട് ചോദ്യംചെയ്ത് സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Friday Oct 22, 2021


ന്യൂഡൽഹി
നീറ്റ്‌ അഖിലേന്ത്യാ ക്വോട്ടയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് (ഇഡബ്ല്യുഎസ്‌) സംവരണത്തിന് വാർഷിക വരുമാനപരിധി എട്ടുലക്ഷമായി തീരുമാനിച്ചത്‌ സ്‌റ്റേ ചെയ്യേണ്ടിവരുമെന്ന്‌ സുപ്രീംകോടതി. പരിധി നിശ്ചയിച്ചത്‌ എന്തടിസ്ഥാനത്തിലാണെന്ന്‌ കേന്ദ്രസർക്കാർ കൃത്യമായി വിശദീകരിക്കാത്തതിൽ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി.

ഒബിസി സംവരണത്തിനുള്ള വരുമാന മാനദണ്ഡമായ എട്ടുലക്ഷം രൂപതന്നെയാണ്‌ ഇഡബ്ല്യുഎസിനും ബാധകമാക്കിയത്‌. ‘ഇഡബ്ല്യുഎസ്‌ വിഭാഗം പിന്നാക്കവിഭാഗം അഭിമുഖീകരിക്കുന്ന സാമൂഹ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ നേരിടുന്നില്ല. ഇരുവിഭാഗത്തിനും ഒരേ മാനദണ്ഡം ബാധകമാക്കുന്നത്‌ ഭരണഘടനാപരമായി ശരിയല്ല.
തോന്നിയതുപോലെയല്ല, കൃത്യമായ സാമൂഹ്യ–- സാമ്പത്തിക വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാകണം മാനദണ്ഡങ്ങൾ ’–- ജസ്റ്റിസ്‌ ചന്ദ്രചൂഡ്‌ പറഞ്ഞു. സംവരണത്തിന്‌ മാനദണ്ഡം ഏർപ്പെടുത്തൽ നയപരമായ വിഷയമാണെന്ന കേന്ദ്രസർക്കാർ വാദം കോടതി ശരിവച്ചു. എന്നാൽ, ആ നയത്തിലേക്ക്‌ എത്തിച്ചേർന്നത്‌ എന്തടിസ്ഥാനത്തിലാണെന്ന്‌ അറിയണം. നയത്തിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കാൻ അത്‌ ആവശ്യമാണ്‌.

‘സർക്കാർ തീരുമാനം ശരിയാണെന്ന്‌ ബോധ്യപ്പെടുത്തുന്ന വിശദാംശങ്ങൾ സമർപ്പിക്കാനായില്ലെങ്കിൽ വിജ്ഞാപനം റദ്ദാക്കേണ്ടി വരും’–- കോടതി മുന്നറിയിപ്പ്‌ നൽകി. വിജ്ഞാപനം റദ്ദാക്കരുതെന്നും ഉടൻ വിശദീകരണം നല്‍കാമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് പറഞ്ഞു. നീറ്റ്‌ അഖിലേന്ത്യാ ക്വോട്ടയിൽ കേന്ദ്രം പിന്നാക്കവിഭാഗക്കാർക്ക്‌ 27 ശതമാനവും ഇഡബ്ല്യുഎസിന്‌ 10 ശതമാനവും സംവരണം ഏർപ്പെടുത്തിയത്‌ ചോദ്യംചെയ്‌ത ഹർജികളാണ്‌ പരിഗണിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top