05 July Tuesday

നവീൻ പട‌്നായിക‌് ഒഡിഷയുടെ സ്വന്തം ബ്രാൻഡ‌്

എം അഖിൽUpdated: Friday May 24, 2019

ന്യൂഡൽഹി> ഒഡിഷയിൽ അഞ്ചാംതവണയും മുഖ്യമന്ത്രിയാകുന്നതോടെ പശ്ചിമ ബംഗാളിൽ ജ്യോതിബസുവും സിക്കിമിൽ പവൻകുമാർ ചാംലിങ്ങും സൃഷ്ടിച്ച ചരിത്രത്തിന്റെ ഭാഗമാകുകയാണ‌് നവീൻ പട‌്നായിക്കും. ഭരണവിരുദ്ധവികാരത്തിന്റെ ചുഴിയും മലരിയും താണ്ടിയുള്ള നവീനിന്റെ സുഗമസഞ്ചാരം രാഷ്ട്രീയനിരീക്ഷകരെയും പ്രതിയോഗികളെയും ഒരുപോലെ വിസ‌്മയിപ്പിക്കുന്നു. ബിജെപിയുടെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ‌്  ബിജു ജനതാദൾ ഇക്കുറി അധികാരത്തിലെത്തിയത‌്.

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി എട്ട‌് സീറ്റ‌് നേടി മികച്ച മുന്നേറ്റം നടത്തിയത‌് ആശങ്കാജനകമാണെങ്കിലും 12 സീറ്റുമായി പിടിച്ചുനിൽക്കാൻ ബിജെഡിക്ക‌് കഴിഞ്ഞു. ബിജെപിയും മോഡിയും വലിയ വെല്ലുവിളിയാണെന്ന‌് തുറന്നുസമ്മതിക്കാൻ നവീൻ പട‌്നായിക്കിന‌് മടിയില്ല. ‌എതിരാളികളുടെ കരുത്ത‌് മനസ്സിലാക്കി ആവശ്യമായ പ്രതിരോധം തീർക്കുന്നതാണ‌് പ്രധാനമെന്ന‌് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഒഡിഷയിൽ അഞ്ചാം തവണയും 146ൽ 115 സീറ്റുമായി ബിജെഡി അധികാരത്തിലേറുന്നത‌് നവീനിന്റെ വ്യക്തിപ്രഭാവം കൊണ്ടുമാത്രമല്ല. വൻ സ്വാധീനമുള്ള ജനനേതാവായോ ആൾക്കൂട്ടത്തെ ഇളക്കിമറിക്കുന്ന പ്രാസംഗികനായോ അദ്ദേഹത്തെ വിലയിരുത്താനാകില്ല. ബിജെപി അധ്യക്ഷൻ അമിത‌് ഷാ പരിഹസിച്ചത‌ുപോലെ–- ‘കടലാസിൽ നോക്കാതെ അദ്ദേഹത്തിന‌് സ്വന്തം ഭാഷയിൽ പ്രസംഗിക്കാൻ കഴിയില്ല’.
പിതാവും മുൻ മുഖ്യമന്ത്രിയുമായ ബിജു പട‌്നായിക്കിന്റെ മരണശേഷം 1996ൽ  മാത്രമാണ‌് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമാകുന്നത‌്. പിതാവിന്റെ സുഹൃത്തുക്കളും ജനതാദൾ നേതാക്കളുമായ നളിനികാന്ത‌് മൊഹന്തിയുടെയും ബിജോയ‌് മൊഹാപത്രയുടെയും നിർബന്ധത്തിന‌് വഴങ്ങിയായിരുന്നു രാഷ്ട്രീയപ്രവേശം.

2000ൽ ആദ്യം അധികാരമേറ്റപ്പോൾ അഞ്ച‌ുവർഷം പൂർത്തിയാക്കി രാഷ്ട്രീയരംഗത്ത‌ുനിന്ന‌് നിഷ‌്ക്രമിക്കാൻ പോകുന്ന ആളെന്നാണ‌് ചില രാഷ്ട്രീയഎതിരാളികൾ പരിഹസിച്ചത‌്. എന്നാൽ, രണ്ട‌ു പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും നീളുന്ന മാരത്തൺ ഭരണമാണ‌് ഒഡിഷയിൽ. മാറിമറിയുന്ന രാഷ്ട്രീയപരിതഃസ്ഥിതികൾക്കൊപ്പം പിടിച്ചുനിൽക്കാൻ യോജിച്ച അടവുകളും സാധാരണക്കാർക്ക‌ുപോലും ബോധ്യപ്പെടുന്ന രീതിയിലുള്ള വികസനകാഴ‌്ചപ്പാടും യോജിപ്പിച്ചാണ‌് നവീൻ ഒഡിഷയുടെ സ്വന്തം ബ്രാൻഡായി മാറിയത‌്.

അഞ്ചാംതവണയും അധികാരത്തിലെത്താൻ നവീനെ സഹായിച്ച ഘടകങ്ങൾ പലതാണ‌്. ഫോനി ചുഴലിക്കാറ്റ‌് സംഹാരതാണ്ഡവമാടിയ അവസരത്തിലും ഒഡിഷയ‌്ക്ക‌് പിടിച്ചുനിൽക്കാൻ കഴിഞ്ഞത‌് നവീനിന്റെയും ടീമിന്റെയും മാനേജ‌്മെന്റ‌് വൈദഗ‌്ധ്യംകൊണ്ടാണെന്ന വസ‌്തുത എതിരാളികൾപോലും പറയും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഈക്കാര്യത്തിൽ ഒഡിഷ സർക്കാരിനെ അഭിനന്ദിച്ചിരുന്നു. സ‌്ത്രീകളുടെയും ചെറുപ്പക്കാരുടെയും പുരോഗതി ലക്ഷ്യമിട്ട‌് രൂപീകരിച്ച പദ്ധതികളും ശ്രദ്ധനേടി. മെയ‌്ക്ക‌് ഇൻ ഒഡിഷ കോൺക്ലേവ‌്, 2018 ഹോക്കി ലോകകപ്പ‌്, 70 ശതമാനമുള്ള കർഷകർക്ക‌് സഹായകമായ കാലിയ പദ്ധതി, ആധാർ ഭക്ഷണകേന്ദ്രങ്ങൾ തുടങ്ങി നവീനിന്റെ വികസനപുസ‌്തകത്തിൽ അധ്യായങ്ങൾ നിരവധിയുണ്ട‌്.

നവീൻ ഭരണത്തിനെതിരെ ശക്തമായ ചില ആരോപണങ്ങൾ ഇക്കുറി എതിരാളികൾ ഉന്നയിച്ചു. 2000 മുതൽ 2013 വരെ മികച്ച സാമ്പത്തികവളർച്ച നേടിയ സംസ്ഥാനം പക്ഷേ കഴിഞ്ഞ അഞ്ച‌ുവർഷക്കാലയളവിൽ അത്ര മെച്ചപ്പെട്ട പ്രകടനമല്ല കാഴ‌്ചവച്ചത‌്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും അഴിമതി തടയുന്നതിലും കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന വിമർശവും ഉയർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top