29 March Friday

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക; ജനകീയ ബാങ്കിംഗ് സംരക്ഷിക്കുക: ബെഫി ജനറല്‍ കൗണ്‍സില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

കൊല്‍ക്കത്ത> ബാങ്കുകളെയും ജനകീയ ബാങ്കിംഗ് സംവിധാനത്തെയും സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെ ജൂണ്‍19 മുതല്‍ 21 വരെ നടന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗം കൊല്‍ക്കത്തയില്‍ കൃഷ്ണപദ ഘോഷ് മെമ്മോറിയല്‍ ട്രസ്റ്റ് ഭവനില്‍ സമാപിച്ചു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ബാങ്കിംഗ് മേഖലയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സംഘടനാ പ്രവര്‍ത്തനം വിപുലപ്പെടുത്തുവാനും വെല്ലുവിളികളെ നേരിടുവാന്‍ ഉതകുന്ന തരത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുവാനും ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനങ്ങളെടുത്തു.

  വിവിധ ഘടക യൂണിയനുകളുടെയും സംസ്ഥാന യൂണിറ്റുകളുടെയും നേതൃയോഗവും വനിതാ സബ് കമ്മിറ്റി യോഗവും ജനറല്‍ കൗണ്‍സില്‍ യോഗത്തോടൊപ്പം സംഘടിപ്പിച്ചിരുന്നു. ജൂണ്‍ 27ന് നടക്കുന്ന ദേശീയ ബാങ്ക് പണിമുടക്ക് വിജയിപ്പിക്കുക, സ്വകാര്യവല്‍ക്കാരണത്തിന് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക, വനിതാ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകം ഏറ്റെടുത്ത് പരിഹാരം കണ്ടെത്തുക, സോഷ്യല്‍ മീഡിയ ഇടപെടല്‍ ശക്തിപ്പെടുത്തുക, സഹകരണ മേഖല, ഗ്രാമീണ്‍ ബാങ്കുകള്‍ എന്നിവയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുക, റിസര്‍വ് ബാങ്ക്, നബാര്‍ഡ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി കൂടുതല്‍ ഇടപെടല്‍ നടത്തുക തുടങ്ങിയ തീരുമാനങ്ങളും ജനറല്‍ കൗണ്‍സില്‍ യോഗം കൈക്കൊണ്ടു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. ജമ്മു കാശ്മീരില്‍ ഗ്രാമീണ്‍ ബാങ്ക് സംഘടന  ജനറല്‍ സെക്രട്ടറി സത്വീന്ദര്‍ സിങ്ങിനെ പിരിച്ചുവിട്ട മാനേജ്മെന്റ് നടപടിയെ ജനറല്‍ കൗണ്‍സില്‍ യോഗം അപലപിച്ചു.ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ. നന്ദകുമാര്‍, ജനറല്‍ സെക്രട്ടറി ദേബാഷിഷ് ബസു ചൗധുരി, വൈസ് പ്രസിഡന്റ് പ്രദീപ് ബിശ്വാസ് തുടങ്ങിയവര്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. കേരള കമ്മിറ്റിയെ പ്രതിനിധീകരിച്ച്  ഷാജു ആന്റണി, എന്‍ സനില്‍ ബാബു, സജി ഒ വര്‍ഗ്ഗീസ്, കെ എസ് രമ, കെ ടി അനില്‍, പി രാജേഷ് എന്നിവര്‍ സംസാരിച്ചു.

ബാങ്ക് ദേശസാല്‍ക്കരണ ദിനാഘോഷങ്ങളുടെ ഭാഗമായി ജൂലൈയില്‍ വെബിനാര്‍, സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ആഗസ്റ്റ് മാസത്തില്‍ ദേശീയ വെബിനാറുകള്‍, ബെഫി നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ വിപുലമായ സെമിനാര്‍ എന്നിവ സംഘടിപ്പിക്കുവാനും ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.

ബെഫി പതിനൊന്നാം ദേശീയ സമ്മേളനം തമിഴ്നാട്ടില്‍ 2023 മാര്‍ച്ച് മാസത്തിലും നാലാമത് വനിതാ സമ്മേളനം ജാര്‍ഖണ്ഡില്‍ 2022 ഡിസംബറില്‍  നടത്തുവാനും ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top