03 July Thursday

ദേശീയപാത വികസനം; ചെലവ് കൂട്ടായി വഹിക്കുന്ന സംസ്ഥാനങ്ങളുമായും ടോൾ തുക പങ്കുവയ്ക്കാതെ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

ന്യൂഡൽഹി > ദേശീയപാത വികസനത്തിനുള്ള ചെലവ് കൂട്ടായി വഹിക്കുന്ന സംസ്ഥാനങ്ങളുമായി പോലും ടോൾ തുക പങ്കുവെയ്ക്കാൻ മടിച്ച് കേന്ദ്രം. 2021-22 വർഷത്തിൽ മാത്രം 34,742.56 കോടി രൂപ ടോൾ ഇനത്തിൽ റെക്കോർഡ് വരുമാനം നേടിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതെയുള്ള കേന്ദ്രത്തിന്റെ ഒളിച്ചുകളി വ്യക്തമാക്കുന്നതാണ് ഡോ. ജോൺ ബ്രിട്ടാസ് എംപിയ്ക്ക് രാജ്യസഭയിൽ കേന്ദ്രം നൽകിയ മറുപടി.
 
ദേശീയപാത യൂസർഫീ ഇനത്തിൽ പിരിക്കുന്ന തുക കുറഞ്ഞപക്ഷം ദേശീയപാത നിർമ്മാണ ചെലവിന്റെ വിഹിതം ഏറ്റെടുക്കുവാൻ തയാറായ സംസ്ഥാനങ്ങളുമായെങ്കിലും പങ്കുവയ്ക്കുമോ എന്ന ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറി. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ചാഴി എന്ന രീതിയിൽ ഉത്തരം നൽകി വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. നിലവിലുള്ള ചട്ടങ്ങൾ പ്രകാരം പൊതുനിക്ഷേപ റോഡ് പദ്ധതികളിൽ ഈടാക്കുന്ന ടോൾ കേന്ദ്ര ഗവൺമെന്റിനും സ്വകാര്യ നിക്ഷേപ ഹൈവേ പദ്ധതികളിൽ ഈടാക്കുന്ന ടോൾ ബന്ധപ്പെട്ട കരാറുകാരനുമാണ് വ്യവസ്ഥ ചെയ്‌തിരിക്കുന്നത് എന്ന നിലവിലുള്ള വ്യവസ്ഥകൾ ആവർത്തിക്കുകയല്ലാതെ ഈ വിഷയത്തിൽ കൃത്യമായ ഒരു മറുപടി നൽകാൻ കേന്ദ്രം തയാറായില്ല. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്ക് എടുക്കുകയാണെങ്കിൽ റെക്കോർഡ് വരുമാനമായ 1,39,835.61 കോടി രൂപയാണ് ടോൾ  ഇനത്തിൽ കേന്ദ്രത്തിന് ലഭിച്ചത്. കേരളത്തിൽ നിന്ന് മാത്രം 896.39 കോടി രൂപ. ഇതിൽ 215.66 കോടി രൂപ  2021 – 22ൽ മാത്രം യൂസർ ഫീ ഇനത്തിൽ കേരളത്തിൽ നിന്ന് ലഭിച്ചു.

യൂസർ ഫീ ഇനത്തിൽ ലഭിക്കുന്ന വരുമാനം കുറഞ്ഞ പക്ഷം ദേശീയ പാത നിർമ്മാണത്തിൽ ഭാഗഭാക്കാവുന്ന സംസ്ഥാനങ്ങളുമായെങ്കിലും പങ്കു വെയ്ക്കാൻ കേന്ദ്രം തയ്യാറാവുന്നില്ല എന്നത് തികച്ചും അപലപനീയമാണെന്നും ഇത് സംബന്ധിച്ച നിലവിലെ നയം തിരുത്തണമെന്നും എംപി കേന്ദ്ര സർക്കാറിനോട് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top