29 March Friday

നാഷണൽ ഹെറാൾഡ്‌ കേസ്‌: കള്ളപ്പണ ഇടപാടെന്ന്‌ ഇഡി

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022

ന്യൂഡൽഹി> നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളുടെ നില കൂടുതൽ പരുങ്ങലിലേക്ക്‌. നാഷണൽ ഹെറാൾഡിന്റെ നിലവിലെ ഉടമകളായ യങ്‌ഇന്ത്യൻ കമ്പനിക്ക്‌ നിരവധി വ്യാജ കമ്പനികളിൽനിന്ന്‌ ഫണ്ടുകൾ ലഭിച്ചതിന്റെ രേഖാപരമായ തെളിവുകൾ ലഭിച്ചതായി ഇഡി വൃത്തങ്ങൾ അവകാശപ്പെട്ടു. 2018–-19 കാലയളവുവരെ ഇത്തരത്തിൽ അനധികൃത ഫണ്ട്‌ വരവുണ്ട്‌. കൊൽക്കത്തയിലെ ഡൊടെക്‌സ്‌ മെർക്കൻഡൈസ്‌ എന്ന വ്യാജകമ്പനിയിൽനിന്ന്‌ ഒരു കോടി രൂപ യങ്‌ഇന്ത്യന്‌ ലഭിച്ചിരുന്നു. ഇതിൽനിന്നുള്ള 50 ലക്ഷം രൂപ മുതൽമുടക്കിയാണ്‌ നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായിരുന്ന അസോസിയേറ്റഡ്‌ ജേർണൽസിന്റെ 100 ശതമാനം ഓഹരിയും യങ്‌ഇന്ത്യൻ സ്വന്തമാക്കിയത്‌.

യങ്‌ഇന്ത്യന്റെ 76 ശതമാനം ഓഹരിയും സോണിയയുടെയും രാഹുലിന്റെയും പേരിലാണ്‌. നാഷണൽ ഹെറാൾഡ്‌ കേസുമായി ബന്ധപ്പെട്ട്‌ യങ്‌ഇന്ത്യൻ ഓഫീസ്‌ അടക്കം 12 ഇടത്ത്‌ ഇഡി റെയ്‌ഡ്‌ നടത്തിയിരുന്നു. കൊൽക്കത്തയിലെയും മുംബൈയിലെയും ഹവാല നടത്തിപ്പുകാരുമായി യങ്‌ഇന്ത്യൻ നടത്തിയിട്ടുള്ള ഇടപാടുകളുടെ തെളിവുകൾ റെയ്‌ഡിൽ ലഭിച്ചതായാണ്‌ ഇഡി അവകാശവാദം. റെയ്‌ഡിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സോണിയയെയും രാഹുലിനെയും വീണ്ടും ചോദ്യംചെയ്‌തേക്കും. യങ്‌ഇന്ത്യന്റെ സാമ്പത്തിക ഇടപാടുകൾ പൂർണമായി നടത്തിയിരുന്നത്‌ അന്തരിച്ച മോത്തിലാൽ വോറയാണെന്ന നിലപാടാണ്‌ ചോദ്യംചെയ്യലിൽ സോണിയയും രാഹുലും സ്വീകരിച്ചത്. ഇത്‌ വിശ്വസനീയമല്ലെന്നാണ്‌ ഇഡി നിലപാട്.

നാഷണൽ ഹെറാൾഡ്‌ കേസിൽ സോണിയക്കും രാഹുലിനും ജയിലിൽ പോകേണ്ടി വരുമെന്ന്‌ ഹർജിക്കാരനായ സുബ്രഹ്‌മണ്യം സ്വാമി പറഞ്ഞു. അയ്യായിരം കോടി രൂപയുടെ സ്വത്തുക്കളാണ്‌ ഇടപാടിലൂടെ സോണിയയും രാഹുലും സ്വന്തമാക്കിയത്‌–- സ്വാമി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top