26 April Friday
കോളേജുകൾ സ്വയംഭരണ സ്ഥാപനങ്ങളാകും ● ഉന്നത വിദ്യാഭ്യാസത്തിൽനിന്ന്‌ നിർധനർ പുറത്താകും

പുതിയ വിദ്യാഭ്യാസനയം, അടിമുടി മാറ്റം ;വാണിജ്യവൽക്കരണവും വർഗീയതയും കാതൽ; പരീക്ഷാരീതി മാറ്റിമറിക്കും

സാജൻ എവുജിൻUpdated: Thursday Jul 30, 2020


ന്യൂഡൽഹി
രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായം അടിമുടി മാറ്റിമറിക്കുന്ന പുതിയ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണവും വർഗീയവൽക്കരണവുമാണ്‌ പുതിയ നയത്തിന്റെ കാതൽ. പാർലമെന്റിൽ ചർച്ചചെയ്യാതെയും സംസ്ഥാനസർക്കാരുകളുടെ അഭിപ്രായം മാനിക്കാതെയുമാണ്‌  സമവർത്തിപട്ടികയിലുള്ള വിദ്യാഭ്യാസവിഷയത്തിൽ തീരുമാനമെടുത്തത്‌.

പ്രാഥമിക വിദ്യാഭ്യാസരം​ഗത്ത് വന്‍ അഴിച്ചുപണി. അഫിലിയേറ്റഡ്‌ കോളേജ്‌ സംവിധാനം 15 വർഷത്തിനുള്ളിൽ അവസാനിപ്പിക്കും. യുജിസി ഇല്ലാതാകും. പൊതു, സ്വകാര്യ കോളേജുകൾ അടക്കം എല്ലാം സ്വയംഭരണ സ്ഥാപനങ്ങളായി മാറും. സാധാരണക്കാർക്കും നിർധനർക്കും ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാകും. വിദ്യാഭ്യാസമേഖലക്ക് മതിയായ ഫണ്ട് നല്‍കാനുള്ള ഉത്തരവാദിത്തം കേന്ദ്രം കൈയൊഴിയുന്നു. സംസ്‌കൃതഭാഷയ്‌ക്ക്‌ പ്രോത്സാഹനം പോലുള്ള അജണ്ട നടപ്പാക്കാനും നിർദേശമുണ്ട്‌.

10+2  സമ്പ്രദായം മാറ്റും
സ്‌കൂൾ തലത്തിൽ 10+2  സമ്പ്രദായത്തിനു പകരം 5+3+3+4  രീതി വരും. യഥാക്രമം  3–-8, 8–-11, 11–-14,14–-18 എന്ന പ്രായപരിധിയിലുള്ളവർ ഈ തലങ്ങളിൽ വരും. മൂന്നു വയസ്സുമുതല്‍ ആറുവയസ്സുവരെ പ്രീപ്രൈമറി പഠനം. ഏഴും എട്ടും വയസ്സില്‍ ഒന്നും രണ്ടും ക്ലാസുകള്‍ ഉള്‍പ്പെടുന്നതാകും ആദ്യഘട്ടം. സമാനമായി മറ്റ് പ്രായപരിധിയിലും പഠന സമ്പ്രദായം മാറും. എന്നാല്‍ സ്‌കൂൾ വിദ്യാഭ്യാസഘടന മാറ്റത്തില്‍ അവ്യക്തതയുണ്ട്.

● ആറാം ക്ലാസു‌മുതൽ പുറംപരിശീലനത്തോടെ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം
●സ്‌കൂൾ തല പരീക്ഷയും മൂല്യനിർണയവും അപ്പാടെ മാറും 
● മൂന്ന്‌, അഞ്ച്‌, എട്ട്‌ ക്ലാസുകളിൽ സ്‌കൂൾതല പരീക്ഷ
● 10,12 ക്ലാസുകളിൽ ബോർഡ്‌ പരീക്ഷയുണ്ടാകും, നിലവിലെ രീതിമാറും
●അഞ്ചാം ക്ലാസു‌വരെ മാതൃഭാഷയിലോ മേഖലാ ഭാഷയിലോ അധ്യയനം 
●അധ്യാപക പരിശീലനത്തിനുള്ള പുതിയ പാഠ്യപദ്ധതി ചട്ടക്കൂട്‌ 2021ൽ നിലവിൽ വരും. അധ്യാപകരാകാനുള്ള കുറഞ്ഞ യോഗ്യത 2030ഓടെ നാലു‌ വർഷ ബിഎഡ്‌ ആകും


ബിരുദതലംമുതൽ പൊതു പ്രവേശന പരീക്ഷ
ബിരുദതലം മുതലുള്ള സർവകലാശാല പ്രവേശനത്തിന്‌ ദേശീയ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ നടത്തും. എൻടിഎ ആയിരിക്കും പരീക്ഷ നടത്തുക.

ബിരുദ പഠനം നാല്‌ വർഷംവരെയാക്കും. ഇതിനിടെ പലഘട്ടത്തിലായി നിശ്‌ചിതയോഗ്യത നേടി പഠനം അവസാനിപ്പിക്കാം. ഓരോ ഘട്ടവും പൂർത്തീകരിക്കുന്നവർക്ക്‌ അതത്‌ നിലവാരത്തില്‍ സർട്ടിഫിക്കറ്റ്‌.

● 15 വർഷത്തിനുള്ളിൽ എല്ലാ കോളേജുകളെയും നേരിട്ട്‌ ബിരുദം നൽകുന്ന സ്വയംഭരണസ്ഥാപനങ്ങളാക്കി മാറ്റും

●എംഫിൽ കോഴ്‌സ്‌ നിർത്തലാക്കും

●മെഡിക്കൽ, നിയമ മേഖലകൾ ഒഴിച്ചുള്ള ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്കായി ഹയർ എഡ്യൂക്കേഷൻ കമീഷൻ ഓഫ്‌ ഇന്ത്യ( എച്ച്‌ഇസിഐ) രൂപീകരിക്കും.

ഇതിൽ നിയന്ത്രണകാര്യങ്ങൾക്കായി നാഷണൽ ഹയർ സെക്കൻഡറി റഗുലേറ്ററി കൗൺസിൽ, നിലവാരം രൂപപ്പെടുത്താൻ ജനറൽ എഡ്യൂക്കേഷൻ കൗൺസിൽ, ഫണ്ട്‌ നൽകാൻ ഹയർ എഡ്യൂക്കേഷൻ ഗ്രാന്റ്‌സ്‌ കൗൺസിൽ, അക്രഡിറ്റേഷൻ നൽകാൻ നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ എന്നീ നാല്‌ വിഭാഗം പ്രവർത്തിക്കും. പൊതു–-സ്വകാര്യസ്ഥാപനങ്ങളെ ഒരേ സംവിധാനത്തിൽ കൈകാര്യം ചെയ്യും

പരീക്ഷാരീതി മാറ്റിമറിക്കും, ഫണ്ട് തരില്ല
സ്‌കൂൾതലത്തിൽ പരീക്ഷകളുടെയും മൂല്യനിർണയത്തിന്റെയും രീതി അപ്പാടെ മാറും. മൂന്ന്‌, അഞ്ച്‌, എട്ട്‌ ക്ലാസുകളിൽ സ്‌കൂൾതല പരീക്ഷ എഴുതണം. 10,12 ക്ലാസുകളിൽ ബോർഡ്‌ പരീക്ഷകൾ നടത്തുമെങ്കിലും നിലവിലെ രീതിയിൽ ആകില്ല. സ്‌കൂളുകളെ ക്ലസ്റ്റർതലത്തിൽ യോജിപ്പിക്കുകയും ഇതിനെ നടത്തിപ്പിനുള്ള അടിസ്ഥാനയൂണിറ്റായി പരിഗണിക്കുകയും ചെയ്യും. ഫണ്ട്‌ നൽകുന്നത്‌ ക്ലസ്റ്റർതലത്തിൽ ആയിരിക്കും. സംസ്ഥാനങ്ങളിൽ സ്‌റ്റേറ്റ്‌ സ്‌കൂൾ സ്റ്റാൻഡേർഡ്‌ അതോറിറ്റി (എസ്‌എസ്‌എസ്‌എ) രൂപീകരിക്കും.

ഓപ്പൺ–- ഡിജിറ്റൽ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കും. നവീന സാങ്കേതികവിദ്യകൾ അധ്യയനത്തിനായി പ്രയോജനപ്പെടുത്തും. ഗവേഷണമേഖലയിൽ മേൽനോട്ടത്തിന്‌ നാഷണൽ റിസർച്ച്‌ ഫൗണ്ടേഷൻ രൂപീകരിക്കും. വിദ്യാഭ്യാസമേഖലയിൽ ജിഡിപിയുടെ ആറ്‌ ശതമാനം ചെലവിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിക്കണം. എന്നാൽ, കേന്ദ്രവിഹിതം എത്രയാണെന്ന്‌ വ്യക്തമാക്കുന്നില്ല.

ഐഎസ്‌ആർഒ മുൻ അധ്യക്ഷൻ ഡോ. കെ കസ്‌തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയാണ്‌ വിദ്യാഭ്യാസനയത്തിന്റെ കരട്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. കഴിഞ്ഞ മെയ്‌ 31നാണ്‌ കരട്‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top