28 March Thursday
ജൈവഇന്ധനനയം

അന്നം ഇന്ധനത്തിന് ; രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന നീക്കം

പ്രത്യേക ലേഖകൻUpdated: Wednesday May 18, 2022


ന്യൂഡൽഹി
കൂടുതൽ ഭക്ഷ്യധാന്യശേഖരം ഇന്ധനഉൽപ്പാദനത്തിനു വിട്ടുകൊടുക്കാൻ അനുമതി നൽകുന്ന ജൈവഇന്ധനനയം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. 2030ഓടെ പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ തോത്‌ 20 ശതമാനമായി ഉയർത്താൻ നയം ലക്ഷ്യമിടുന്നു.

മേക്ക്‌ ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കി ജൈവഇന്ധന ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. പ്രത്യേക സാമ്പത്തികമേഖലകളിൽ കയറ്റുമതി അധിഷ്‌ഠിത യൂണിറ്റുകൾ സ്ഥാപിക്കാനും ജൈവഇന്ധനം കയറ്റുമതി ചെയ്യാനും അനുമതി നൽകും. നാഷണൽ ബയോഫ്യുവൽ കോ–-ഓഡിനേഷൻ കമ്മിറ്റി(എൻബിസിസി)യുടെ അംഗബലം കൂട്ടും. എൻബിസിസി യോഗങ്ങളിലെ തീരുമാനങ്ങൾക്ക്‌ അനുസൃതമായി ജൈവഇന്ധനനയത്തിൽ കൂടുതൽ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി.

രാജ്യത്ത്‌ ജൈവഇന്ധനനയം അംഗീകരിച്ചത്‌ 2018ലാണ്‌. എന്നാൽ, മേക്ക്‌ ഇൻ ഇന്ത്യയുടെയും ആത്മനിർഭർ പദ്ധതിയുടെയും ഭാഗമായി കൂടുതൽ ഭക്ഷ്യധാന്യശേഖരം ജൈവ ഇന്ധനഉൽപ്പാദനത്തിനു വിട്ടുകൊടുക്കാൻ നിലവിലെ ചട്ടങ്ങളിൽ ഇളവ്‌ വരുത്താനാണ്‌ 2018ലെ നയം സർക്കാർ ഭേദഗതിചെയ്‌തത്‌.

പുതിയ നയം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിച്ചേക്കും. റിലയൻസ്‌ അടക്കമുള്ള  എണ്ണവിപണനകമ്പനികൾ ഭക്ഷ്യശേഖരം സംഭരിക്കാൻ വഴിയൊരുങ്ങും. നിലവിൽ ഭക്ഷ്യധാന്യങ്ങളുടെ സംഭരണം സർക്കാർ വെട്ടിക്കുറയ്‌ക്കുകയാണ്‌. കോർപറേറ്റുകൾക്ക്‌ ഭക്ഷ്യധാന്യസംഭരണമേഖലയും കൃഷിയും അടിയറവയ്‌ക്കാനാണ്‌ സർക്കാർ തീരുമാനം വഴിവയ്‌ക്കുക.

പൊതുമേഖലാ സ്ഥാപനവിൽപ്പന 
ഭരണസമിതിക്ക്‌ തീരുമാനിക്കാം
അനുബന്ധ കമ്പനികളുടെയും യൂണിറ്റുകളുടെയും സ്വകാര്യവൽക്കരണത്തിനും ഓഹരിവിൽപ്പനയ്‌ക്കും തീരുമാനമെടുക്കാൻ പൊതുമേഖലാ കോർപറേഷനുകളുടെ ഭരണസമിതികൾക്ക്‌ അധികാരം നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
സ്വകാര്യവൽക്കരണവും ഓഹരിവിൽപ്പനയും വേഗത്തിലാക്കാനാണ്‌ നടപടിയെന്ന്‌ കേന്ദ്രസർക്കാർ വിശദീകരിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണംകുറച്ച്‌, സർക്കാരിന്റെ പ്രവർത്തനം പരിമിതപ്പെടുത്താനാണ്‌ തീരുമാനം.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും യൂണിറ്റുകളുടെയും വിൽപ്പന ത്വരിതപ്പെടുത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top