26 April Friday
സമാധാനം ദൗർബല്യമല്ല

പ്രധാനമന്ത്രി ലഡാക്കിൽ ; പരിക്കേറ്റ്‌ ചികിത്സയിലുള്ള സൈനികരെ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

ന്യൂഡൽഹി
അതിർത്തി വിശാലമാക്കലിന്റെ കാലം കഴിഞ്ഞെന്നും പുരോഗതിമാത്രമാണ്‌ മുന്നോട്ടുള്ള വഴിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനിടെ ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തി, സൈനികരോട്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അതിർത്തി വിശാലമാക്കുന്നതിൽ വിശ്വസിക്കുന്ന ശക്തികൾ ദൗർഭാഗ്യവശാൽ ഇപ്പോഴുമുണ്ട്‌. യുദ്ധങ്ങളിലേക്കും വിനാശത്തിലേക്കും നയിക്കുന്ന ഈ പ്രവണത കാലഹരണപ്പെട്ടതാണ്‌. ഇതിനായി ശ്രമിച്ചവർ വിജയിച്ച ചരിത്രമില്ല. ഇന്നത്തെ ലോകം പുരോഗതിക്കായി സമർപ്പിക്കപ്പെട്ടതാണ്‌. ഇന്ത്യ ഇതിൽ കേന്ദ്രീകരിക്കുന്നു. സമാധാനവും സൗഹൃദവുമാണ്‌ ലോകത്തിന്‌ ഏറ്റവും ആവശ്യമെന്ന്‌ എല്ലാവരും സമ്മതിക്കും. എന്നാൽ, സമാധാനം ദൗർബല്യമായി കാണരുത്‌. ധീരന്മാർക്കുമാത്രമേ സമാധാനം ഉറപ്പാക്കാനാകൂ. സ്വയം പ്രതിരോധിക്കാൻ ഇന്ത്യക്ക്‌ പൂർവാധികം ശക്തിയുണ്ട്‌. സമാധാനം സ്ഥാപിക്കാനാണ്‌ ഇന്ത്യ നിലകൊള്ളുന്നത്‌. ഇതിനെ തെറ്റിദ്ധരിക്കരുത്‌.

അതിർത്തിയിൽ സൈനികർ നൽകിയ സന്ദേശം ലോകം കണ്ടു. അത്‌ ധീരമായ പ്രസ്‌താവനയാണ്‌. സൈനികർക്ക്‌ രാജ്യത്തെ സംരക്ഷിക്കാനുള്ള കരുത്തും ശേഷിയുമുണ്ടെന്ന്‌ എല്ലാ ഇന്ത്യക്കാരും വിശ്വസിക്കുന്നു. സൈനികരുടെ വീര്യവും രോഷവും ശത്രു ശരിക്കും മനസ്സിലാക്കി. ലോകത്തെ ഏറ്റവും പ്രതികൂലമായ മേഖലകളിൽ ഒന്നിലാണ്‌ സൈനികർ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്‌.  ചുറ്റുമുള്ള പർവതംപോലെ കരുത്തുള്ളതാണ്‌ സൈനികരുടെ കരങ്ങൾ.

പർവതശൃംഖങ്ങൾപോലെ അചഞ്ചലമാണ്‌ സൈനികരുടെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും. നിലയുറപ്പിച്ച താവളത്തിന്റെ ഉയരത്തേക്കാൾ‌ അവർക്ക്‌  ധീരതയുണ്ട്‌.  പ്രധാനമന്ത്രി പറഞ്ഞു.സമുദ്രനിരപ്പിൽനിന്ന്‌ 11,000 അടി ഉയരമുള്ള നിമുവിൽ ഹെലികോപ്‌റ്ററിൽ എത്തിയ‌ പ്രധാനമന്ത്രിക്കൊപ്പം -മൂന്ന്‌ സേനകളുടെയും സംയുക്ത തലവൻ ജനറൽ ബിപിൻ റാവത്ത്‌, കരസേനാ മേധാവി ജനറൽ എം എം നരവണെ എന്നിവരും ഉണ്ടായി‌. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്‌ എത്തിയില്ല. ജൂൺ 15നുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ്‌ ആശുപത്രിയിൽ കഴിയുന്ന സൈനികരെ പ്രധാനമന്ത്രി സന്ദർശിച്ചു. പുലർച്ചെ ലേയിലെ കുഷോക്‌ ബക്കുള റിംപോച്ചെ സൈനിക വിമാനത്താവളത്തിൽ നിന്നാണ്‌ നിമുവിലേക്ക്‌ പോയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top