08 December Friday
ആറു മാസത്തിനിടെ 255 മുസ്ലിംവിരുദ്ധ പ്രസംഗങ്ങൾ

മുസ്ലിംവിദ്വേഷ പ്രസംഗങ്ങളിൽ 80 ശതമാനവും 
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ; സംഘടിപ്പിച്ചത്‌ സംഘപരിവാർ സംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023


ന്യൂഡൽഹി
ആറു മാസത്തിനിടെ രാജ്യത്ത്‌ മുസ്ലിങ്ങളെ ലക്ഷ്യമിട്ട്‌ നടത്തിയ 80 ശതമാനം വിദ്വേഷ പ്രസംഗങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്‌ റിപ്പോർട്ട്‌. രേഖപ്പെടുത്തിയ 255 മുസ്ലിംവിരുദ്ധ പ്രസംഗങ്ങളിൽ ബിജെപിയോ അവരുടെ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങൾ വേദിയായത്‌ 205 എണ്ണത്തിനാണ്‌. വിദ്വേഷ പ്രസംഗങ്ങളെ തുറന്നുകാട്ടുന്ന ഓൺലൈൻ പോർട്ടലായ ‘ഹിന്ദുത്വ വാച്ചാ’ണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത്, വിമത ശിവസേനയെ മുന്നിൽ നിർത്തി ഭരിക്കുന്ന മഹാരാഷ്‌ട്ര, കർണാടക (ഭരണമുണ്ടായിരുന്നപ്പോൾ) സംസ്ഥാനങ്ങളിലാണ്‌ കൂടുതലും വിദ്വേഷ പ്രസംഗങ്ങൾ. ആകെയുള്ളതിന്റെ 29 ശതമാനവും അടുത്ത വർഷം തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന മഹാരാഷ്‌ട്രയിലാണ്‌. നിലവിൽ കോൺഗ്രസ്‌ ഭരണമുള്ള രാജസ്ഥാനും വിദ്വേഷ പ്രസംഗത്തിൽ മുന്നിലാണ്‌. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ സ്ഥിതി അത്യന്തം അപകടകരമെന്നാണ്‌ റിപ്പോർട്ടിൽ പറയുന്നത്‌. വർഷാദ്യം നടന്ന അഞ്ചു ശതമാനം വിദ്വേഷ പ്രസംഗങ്ങളും നടന്നത്‌ ഉത്തരാഖണ്ഡിലായിരുന്നു. 52 ശതമാനം പ്രസംഗങ്ങളും ആർഎസ്‌എസുമായി ബന്ധമുള്ള സംഘടനകൾ നടത്തിയ പരിപാടികളിലാണ്‌ അരങ്ങേറിയത്‌. വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗദൾ, സകാൽ ഹിന്ദുസമാജ് എന്നിവയ്‌ക്ക്‌ പുറമെ ആർഎസ്‌എസിന്റെ രാഷ്‌ട്രീയ മുഖമായ ബിജെപി എന്നിവയാണ്‌ സംഘാടകർ.

വിദ്വേഷ പ്രസംഗങ്ങളിൽ 33 ശതമാനവും മുസ്ലിങ്ങൾക്കെതിരെ ആക്രമണങ്ങൾക്ക്‌ ആഹ്വാനം നൽകിയപ്പോൾ 12 ശതമാനം പ്രസംഗങ്ങൾ ആയുധമെടുക്കാനും 11 ശതമാനം  ബഹിഷ്കരണത്തിനും ആഹ്വാനം നൽകി. നാലു ശതമാനം പ്രസംഗങ്ങളാകട്ടെ മുസ്ലിം സ്‌ത്രീകളെ ലക്ഷ്യംവച്ചുള്ളവയാണ്‌. ആരുഷി ശ്രീവാസ്തവ, അഭ്യുദയ ത്യാഗി, റാഖിബ് ഹമീദ് നായിക്  എന്നിവരാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top