ന്യൂഡൽഹി
ലക്ഷദ്വീപ് എംപി മുഹമദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയറ്റ് വീണ്ടും അയോഗ്യനാക്കി. വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യാൻ കേരള ഹൈക്കോടതി ചൊവ്വാഴ്‌ച വിസമ്മതിച്ചതിന് പിന്നാലെയാണ് അയോഗ്യനാക്കിയുള്ള വിജ്‌ഞാപനം. വധശ്രമക്കേസിൽ ഫൈസലടക്കം മൂന്നുപേർക്ക് ലക്ഷദ്വീപ് സെഷൻസ് കോടതി വിധിച്ച 10 വർഷം ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു.
മുൻ എംപി പി എം സെയ്‌ദിന്റെ മരുമകൻ മുഹമദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ലക്ഷദ്വീപ് സെഷൻസ് കോടതി ജനുവരി പതിനൊന്നിനാണ് ഫൈസലടക്കം മൂന്നുപേർ കുറ്റക്കാരാണെന്ന് വിധിക്കുകയും ശിക്ഷിക്കുകയും ചെയ്‌തത്. അന്നുതന്നെ എൻസിപി എംപിയായ ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയറ്റ് അയോഗ്യനാക്കി. ഫൈസലിന്റെ അപ്പീലിൽ കേരള ഹൈക്കോടതി ജനുവരി 25ന് സെഷൻസ് കോടതി വിധിയും ശിക്ഷയും സ്‌റ്റേ ചെയ്‌തു. സെക്രട്ടറിയറ്റിന് അയോഗ്യത പിൻവലിക്കേണ്ടിവന്നു.
ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി മരവിപ്പിച്ച സുപ്രീംകോടതി അത് വീണ്ടും പരിഗണിക്കാനും നിർദേശിച്ചു. എംപി സ്ഥാനത്ത് തുടരാൻ ഫൈസലിന് അനുമതി നൽകി. കേസ് വീണ്ടും പരിഗണിച്ച ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് നഗരേഷാണ് കുറ്റക്കാരനാണെന്ന സെഷൻസ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ഫൈസലിന്റെ അപേക്ഷ നിരാകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..