29 March Friday

മോഹൻ ഭാഗവത്‌ ‘ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന്‌’

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

ന്യൂഡൽഹി> ‘ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന്‌’ ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതിനെതിരെ കേസ്‌ കൊടുത്ത്‌ തീവ്ര ഹിന്ദുത്വവാദികൾ. ആർഎസ്‌എസ്‌ പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യയുടെ എഡിറ്റർ പ്രഫുൽ കേത്‌കർ, ഓർഗനൈസറിന്റെ എഡിറ്റർ ഹിതേഷ്‌ ശങ്കർ എന്നിവരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു പ്രസിദ്ധീകരണത്തിലും പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഭാഗവത്‌ സ്വവർഗാനുരാഗത്തെ അനുകൂലിക്കുകയും ഹിന്ദു ദൈവങ്ങളെ അതുമായി ബന്ധിപ്പിച്ച്‌ പരാമർശം നടത്തുകയും ചെയ്തെന്നാണ്‌ ആരോപണം. ഭാഗവത്‌ ശ്രീകൃഷ്ണനെതിരെ വിവാദ പ്രസ്താവന നടത്തിയെന്നും പരാതിയിൽ പറയുന്നു.

രണ്ടു പ്രസിദ്ധീകരണത്തിന്റെയും എഡിറ്റർമാരോട്‌ മാപ്പ്‌ പറയണമെന്നും അത്‌ രേഖാമൂലം പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അവർ പ്രതികരിച്ചില്ലെന്നും യുട്യൂബറും തീവ്രഹിന്ദുത്വവാദമുയര്‍ത്തുന്ന കൃതികളുടെ കര്‍ത്താവുമായ സന്ദീപ്‌ ദിയോ ആരോപിക്കുന്നു. സമൂഹമാധ്യമത്തിൽ ഭാഗവതിനെ ടാഗ്‌ ചെയ്ത്‌ ഖേദം പ്രകടിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതുമുണ്ടായില്ല–- സന്ദീപ്‌ ബ്ലോഗിൽ കുറിച്ചു.

ഹിന്ദു നാഗരികത എൽജിബിടിക്യു സമൂഹത്തെ പരമ്പരാഗതമായി അംഗീകരിച്ചിട്ടുണ്ടെന്ന്‌ അഭിമുഖത്തിൽ ഭാഗവത്‌ പരാമർശിച്ചിരുന്നു. ഇതിനെതിരെ മറ്റ്‌ ഹിന്ദുത്വ നേതാക്കളും വിമർശവുമായി എത്തിയിട്ടുണ്ട്‌. സന്ദീപിന്റെ പരാതിയുടെ പകർപ്പ്‌ സിബിഐ മുൻ ഇടക്കാല ഡയറക്ടർ എം നാഗേശ്വർ റാവുവും ട്വീറ്റ്‌ ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top