26 April Friday
അഭിഭാഷകർക്ക്‌ അജ്ഞാതരുടെ ഭീഷണി

കേന്ദ്രത്തിൽനിന്ന്‌ നീതി ലഭിക്കില്ല: പഞ്ചാബ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

photo credit: twitter/@AdityaRajKaul


ന്യൂഡൽഹി
കേന്ദ്രത്തിൽനിന്ന്‌ നീതി ലഭിക്കില്ലെന്നും കോടതി സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും പഞ്ചാബ്‌ സർക്കാരിനായി അഡ്വക്കറ്റ്‌ ജനറൽ ഡി എസ്‌ പട്‌വാലിയ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ചീഫ്‌സെക്രട്ടറിയും ഡിജിപിയും അടക്കം ഏഴ്‌ ഉദ്യോഗസ്ഥരോട്‌ 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടാണ്‌ കേന്ദ്രം നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. ഇതിനുപിന്നിൽ രാഷ്ട്രീയമുണ്ട്‌. സംസ്ഥാനത്തിന്‌ പറയാനുള്ളത്‌ നീതിയുക്തമായി കേൾക്കണം. സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക്‌ വീഴ്‌ചയുണ്ടെങ്കിൽ നടപടിയാകാം. എന്നാൽ, അതിന്‌ മുമ്പായി സത്യസന്ധമായ അന്വേഷണമുണ്ടാകണം–- പട്‌വാലിയ പറഞ്ഞു.

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ പാളിച്ചയുണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ്‌ പട്‌വാലിയ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. എന്നാൽ, വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നത്‌ ഗുരുതരമായ വിഷയമാണെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത വാദിച്ചു. സുരക്ഷാവീഴ്‌ചയും പ്രോട്ടോകോൾ ലംഘനവും സംഭവിച്ചു. വേഗത്തിലുള്ള നടപടിയാണ്‌ വേണ്ടത്‌.

പ്രധാനമന്ത്രിയുടെ പര്യടനപരിപാടി കൃത്യമായി അറിയിച്ചിരുന്നു. കാലാവസ്ഥ മോശമായതിനാൽ റോഡുമാർഗം പ്രധാനമന്ത്രി പോയേക്കാമെന്നും അറിയിച്ചു. റിഹേഴ്‌സലും ഉണ്ടായി. എന്നാൽ, പ്രതിഷേധക്കാർ 150 മീറ്റർ അടുത്തുവരെയെത്തി–- മെഹ്‌ത പറഞ്ഞു.

അഭിഭാഷകർക്ക്‌ 
അജ്ഞാതരുടെ ഭീഷണി
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്‌ചയുമായി ബന്ധപ്പെട്ട്‌ കേസ്‌ സുപ്രീംകോടതി പരിഗണിക്കരുതെന്ന ഭീഷണിയുമായി സുപ്രീംകോടതി അഭിഭാഷകർക്ക്‌ അജ്ഞത ഫോൺവിളി.

തിങ്കളാഴ്‌ച കേസ്‌ പരിഗണിക്കുന്നതിനുമുമ്പായാണ്‌ യുഎസ്‌എയിലുള്ള ‘സിഖ്‌സ്‌ ഫോർ ജസ്റ്റിസ്‌’ എന്ന സംഘടനയുടെ ജനറൽ കോൺസലാണെന്ന്‌ അവകാശപ്പെട്ടാണ്‌ ഫോൺവിളി എത്തിയത്‌. പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്‌ ‘സിഖ്‌സ്‌ ഫോർ ജസ്റ്റിസ്‌’ ആണെന്നും വിളിച്ചയാൾ അവകാശപ്പെട്ടു. യുകെയിലെ നമ്പരിൽനിന്നാണ്‌ വിളി എത്തിയതെന്നും റെക്കോഡ്‌ ചെയ്‌ത സംഭാഷണമായിരുന്നെന്നും അഭിഭാഷകർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top