22 May Sunday

"സുരക്ഷാവീഴ്‌ച': *ചോദ്യങ്ങൾ ഉയരുന്നു

പ്രത്യേക ലേഖകൻUpdated: Friday Jan 7, 2022

photo credit: twitter/@AdityaRajKaul


ന്യൂഡൽഹി
പഞ്ചാബ്‌ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 20 മിനിറ്റ്‌ ഫ്ലൈ ഓവറിൽ കുടുങ്ങിയത്‌ എസ്‌പിജിയുടെ ‘ബ്ലൂ ബുക്ക്‌’ ചട്ടങ്ങൾ ലംഘിച്ചതുകൊണ്ടാണോയെന്ന്‌ ചോദ്യമുയരുന്നു. പ്രധാനമന്ത്രി സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുമ്പോൾ ഈ ചട്ടങ്ങൾ പ്രകാരമാണ്‌ സുരക്ഷയൊരുക്കേണ്ടത്‌. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവരെ യാത്രാപരിപാടി വിശദമായി അറിയിക്കണം. 48 മണിക്കൂർ മുമ്പ്‌ സുരക്ഷാ റിഹേഴ്‌സൽ നടത്തണം. എസ്‌പിജി സംസ്ഥാന പൊലീസ്‌ അധികാരികളുമായി ചേർന്ന്‌ സുരക്ഷാ പദ്ധതി തയ്യാറാക്കുകയും യാത്രാമാർഗം സജ്ജീകരിക്കുകയും ചെയ്യണം.

ഭട്ടിൻഡയിൽനിന്ന്‌ 111 കിലോമീറ്റർ അകലെയുള്ള ഹുസൈനിവാലയിലേക്ക്‌ കാർമാർഗം പ്രധാനമന്ത്രിയെ എത്തിക്കാൻ കഴിഞ്ഞദിവസം പെട്ടെന്ന്‌ നിശ്ചയിക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയുടെ പേരിലാണ്‌ ഹെലികോപ്‌റ്റർ യാത്ര ഒഴിവാക്കിയത്‌. ഈ സാഹചര്യത്തിൽ ഉയരുന്ന ചോദ്യങ്ങൾ പലതാണ്‌.

● പ്രദേശത്തെ കാലാവസ്ഥ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ എസ്‌പിജി അവഗണിച്ചോ
● സ്‌ഫോടനങ്ങളോ തീവ്രശേഷിയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണമോ ചെറുക്കാൻ ശേഷിയില്ലാത്ത വാഹനമാണ്‌ ടൊയോട്ടാ ഫോർച്യൂണർ. പ്രധാനമന്ത്രിയുടെ മെയ്‌ബാക്ക്‌, റേഞ്ച്‌ റോവർ, ലാൻഡ്‌ ക്രൂയിസർ വാഹനങ്ങൾ എന്തുകൊണ്ട്‌ ഒഴിവാക്കി? ഏതെങ്കിലും ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനത്തിൽ പ്രധാനമന്ത്രിയെ എത്തിക്കാൻ സമ്മർദമുണ്ടായോ?
● പ്രധാനമന്ത്രി യാത്ര തുടങ്ങുംമുമ്പ്‌ പഞ്ചാബ്‌ ഡിജിപി റോഡ്‌ ക്ലിയർ ചെയ്‌തതായി അറിയിച്ചിരുന്നോ? ആരാണ്‌ 111 കിലോമീറ്റർ റോഡ്‌  ക്ലിയർ ചെയ്‌തതായി അറിയിച്ചത്‌?
● പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവെ റോഡിൽ നാട്ടുകാർ എങ്ങനെയെത്തി?
● ഉടൻ മടങ്ങാതെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ലൈ ഓവറിൽ തങ്ങിയത്‌ എന്തിന്‌?
● എസ്‌പിജി വാഹനങ്ങൾ അപ്രത്യക്ഷമായോ? പ്രധാനമന്ത്രി സഞ്ചരിച്ച കാർ പെട്ടെന്ന്‌ തിരിച്ചറിഞ്ഞത്‌ എങ്ങനെ?
● പ്രതിഷേധത്തെക്കുറിച്ച്‌ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിരുന്നില്ലേ?  12 മണിക്കൂറായി ഉപരോധം നടത്തുകയായിരുന്ന കർഷകരുടെ നേതാക്കളുമായി കേന്ദ്രമന്ത്രി സംസാരിച്ചിരുന്നു. എന്നിട്ടും എസ്‌പിജി അറിഞ്ഞില്ലേ?

സംസ്ഥാന പൊലീസ്‌ എസ്‌പിജി ചട്ടങ്ങൾ പാലിച്ചില്ലെന്ന്‌ ബിജെപി ആരോപിക്കുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത്‌ എസ്‌പിജിയുടെയും  ഇന്റലിജൻസ്‌ ബ്യൂറോയുടെയും ഉത്തരവാദിത്വമാണെന്ന്‌ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ അശോക്‌ ഗെലോട്ട്‌ പ്രതികരിച്ചു. എസ്‌പിജി നിർദേശങ്ങൾ നടപ്പാക്കുക മാത്രമാണ്‌ സംസ്ഥാന പൊലീസിനു ചെയ്യാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസ് വിവരം നല്‍കിയെന്ന് ബികെയു നേതാവ്
 പ്രധാനമന്ത്രി റോഡ്‌ മാർഗം വരുന്ന വിവരം ജില്ലാപൊലീസ്‌ മേധാവി അറിയിച്ചെന്നും അത്‌ താൻ വിശ്വസിച്ചില്ലെന്നും ബികെയു ക്രാന്തികാരി പഞ്ചാബ്‌ ജനറൽ സെക്രട്ടറി ബൽദേവ്‌ സിങ്‌ സിർസ പറഞ്ഞു. സമരക്കാരെ ഒഴിപ്പിക്കാൻ പൊലീസ്‌ കളവ്‌ പറയുകയാണെന്ന്‌ കരുതി. ബിജെപിക്കാരെ തടയാനാണ്‌ കർഷകർ റോഡ്‌ ഉപരോധിച്ചത്‌. പ്രധാനമന്ത്രിയാണ്‌ വരുന്നതെന്ന്‌ അറിഞ്ഞിരുന്നതെങ്കിൽ നിലപാട്‌ മറ്റൊന്നായേനെ–-അദ്ദേഹം പറഞ്ഞു.

ഉത്തരവാദികളെ കണ്ടെത്തും: അമിത്‌ ഷാ
പ്രധാനമന്ത്രിയുടെ പഞ്ചാബ്‌ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്‌ച അംഗീകരിക്കാനാകില്ലെന്നും ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി അമിത്‌ ഷാ പറഞ്ഞു. പഞ്ചാബ്‌ സർക്കാരിനോട്‌ റിപ്പോർട്ട്‌ തേടിയെന്നും അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top