02 May Thursday

മോദി ഭരണം : വികസിച്ചത്‌ വിലമാത്രം ; പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന 70 ശതമാനം

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


ന്യൂഡൽഹി
നരേന്ദ്ര മോദി ഭരണത്തിൽ രാജ്യത്ത്‌ വികസിച്ചത്‌ അവശ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധനവില കുറയുമ്പോൾ ഇന്ത്യയിൽ വില വർധിക്കുകയാണ്‌. പാചകവാതക വില 1000 കടന്നു. കഴിഞ്ഞ ദിവസം ഒറ്റയടിക്ക്‌ 50 രൂപ കൂട്ടി. കൊച്ചിയിൽ 956.50 രൂപയായിരുന്ന ഗാർഹിക സിലിണ്ടറിന്‌ 1006.50 രൂപയായി. തിരുവനന്തപുരത്ത് 1009 രൂപയും കോഴിക്കോട്ട് 1008.50 രൂപയുമായി. ഡൽഹിയിൽ 999 രൂപയാണ്‌ വില.  2014ൽ അധികാരത്തിലെത്തിയ ഉടൻ മോദി സർക്കാർ 410 രൂപയായിരുന്ന പാചകവാതക വില വർധിപ്പിച്ചു. 2022 ആകുമ്പോൾ 827 രൂപ വരെയുണ്ടായിരുന്ന സബ്‌സിഡി പൂർണമായും അവസാനിപ്പിച്ചു. പൈപ്പ്‌ വഴിയുള്ള പാചകവാതകത്തിനും വില കുത്തനെ കൂട്ടി. പിഎൻജിക്ക്‌ യൂണിറ്റിന്‌ 45.86 രൂപയാണ്‌ ഡൽഹിയിലെ വില. വാഹന ഇന്ധനമായ സിഎൻജിക്കും അടിക്കടി വില വർധിപ്പിക്കുന്നു. ഒരു കിലോ സിഎൻജിക്ക്‌ 71.61 രൂപയാണ്‌ ഡൽഹിയിൽ. കൊച്ചിയിൽ 82.59 രൂപയും. 2014ൽ യഥാക്രമം 41.90 രൂപയും 50 രൂപയുമായിരുന്നു.

വിലവർധന 70 ശതമാനം
കഴിഞ്ഞ വർഷംമാത്രം രാജ്യത്തെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 70 ശതമാനം വർധിച്ചു. പച്ചക്കറികൾക്ക് 20 ശതമാനവും പാചക എണ്ണയ്‌ക്ക്‌ 23 ശതമാനവും ധാന്യങ്ങൾക്ക്‌ എട്ട്‌ ശതമാനവും വില വർധിച്ചു. ആട്ടയ്‌ക്ക്‌ 9.15 ശതമാനം വർധിച്ചു. കയറ്റുമതിക്കാർക്കായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിലെ സംഭരണം അവസാനിപ്പിച്ചത്‌ രാജ്യത്തെ കടുത്ത ഗോതമ്പ്‌ ക്ഷാമത്തിലേക്ക്‌ തള്ളിവിട്ടു.

ഒരു കിലോ ചിക്കൻ കറിക്ക്‌ ചെലവ്‌  485 രൂപ !
വിലക്കയറ്റം രുചിയെയും ബാധിക്കുന്നു. മാംസാഹാരപ്രിയരുടെ ഇഷ്‌ടവിഭവമായ ചിക്കൻ കറി (ഒരു കിലോ) വയ്ക്കാൻ ഇപ്പോൾ 485 രൂപ വേണമെന്ന്‌ കണക്കുകൾ. ‘ചിക്കൻ കറി സൂചിക’യെന്നപേരിൽ ട്രൂബോർഡ് പാർട്ണേഴ്സ്‌ നടത്തിയ പഠനത്തിൽ ഓരോ വർഷവും പത്തുശതമാനമെന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷവും കറി ചെലവ്‌ (സംയുക്ത വാർഷിക നിരക്ക്‌) വർധിച്ചതായി കണ്ടെത്തി.
ഒരു കിലോ കോഴിയിറച്ചി കറിക്ക്‌ വേണ്ട ഉള്ളി, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, ഭക്ഷ്യ എണ്ണ, പാചകവാതകം തുടങ്ങി എല്ലാ ഘടകവും  ഉൾപ്പെടുത്തിയാണ്‌  ചെലവ്‌ കണക്കാക്കിയത്‌.

ചിക്കൻ കറി സൂചികയിലെ വർധന ചില്ലറവിൽപ്പനമേഖലയിലെ പണപ്പെരുപ്പത്തിന്റെ ഭാഗമാണന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2017 മാർച്ചിൽ 300 രൂപയായിരുന്നു ചെലവ്‌. പനീർ മസാല പാകം ചെയ്യാനുള്ള ചെലവ്‌ വർഷംതോറും ഏഴുശതമാനം വീതം വർധിക്കുന്നതായും പഠനം വ്യക്തമാക്കുന്നു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top