ന്യൂഡൽഹി
വിദേശകടം വൻതോതിൽ കുറച്ചുകാണിച്ചും ഫണ്ടുകൾ വകമാറ്റിയും കേന്ദ്ര സർക്കാർ കണക്കുകളിൽ കാട്ടിയ വിപുലമായ ക്രമക്കേടുകൾ പുറത്ത്. ബോണ്ടുകൾ വാങ്ങിയതിന്റെ കണക്കിൽ 21,560 കോടി രൂപ കാണാനില്ലെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദേശീയ സമ്പാദ്യപദ്ധതി, പ്രോവിഡന്റ് ഫണ്ട് നിക്ഷേപം എന്നിവയിൽനിന്ന് 6,23,006 കോടി രൂപ എടുത്താണ് 2021–-2022ൽ സർക്കാർ ബോണ്ടുകൾ വാങ്ങിയത്. ഇതുസംബന്ധിച്ച കണക്കിൽ കാണിച്ചത് 6,01,445 കോടി രൂപ മാത്രം. 21,560 കോടി രൂപ എവിടെയെന്ന് വ്യക്തതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021–-22ൽ രാജ്യത്തിന്റെ വിദേശകടം 2.19 ലക്ഷം കോടി രൂപ കുറച്ചുകാണിച്ചു. അന്നത്തെ വിനിമയനിരക്ക് പ്രകാരം 6.58 ലക്ഷം കോടി രൂപയാണ് വിദേശകടം. എന്നാല്‍, സർക്കാർ രേഖകളിൽ 4.39 ലക്ഷം കോടി രൂപമാത്രം.
പൊതുപണം രഹസ്യശേഖരങ്ങളാക്കി മാറ്റിയ നിരവധി ഇടപാടുകളും പുറത്തുവന്നു. കൺസോളിഡേറ്റഡ് ഫണ്ട്, കരുതൽ ഫണ്ട്, പബ്ലിക് അക്കൗണ്ട് എന്നിവയിലാണ് സർക്കാർ പണം സൂക്ഷിക്കേണ്ടത്. എന്നാൽ, മറ്റു പല അക്കൗണ്ടുകളിലും പൊതുപണം നിക്ഷേപിച്ചതായി സിഎജി കണ്ടെത്തി. ബഹിരാകാശവകുപ്പ് 16 ബാങ്ക് അക്കൗണ്ടിലായി 154.94 കോടി രൂപ നിക്ഷേപിച്ചു. ടെലികോം കമ്പനികളിൽനിന്ന് തീരുവ ഇനത്തിൽ സർക്കാർ 10,376 കോടി രൂപ പിരിച്ചതിൽ കണക്കിലുള്ളത് 8300 കോടി രൂപ മാത്രമാണ്. ബാക്കി തുക എങ്ങോട്ടുപോയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
വ്യക്തികളിൽനിന്നും കോർപറേറ്റുകളിൽനിന്നും ആരോഗ്യ–- വിദ്യാഭ്യാസ സെസ് ഇനത്തിൽ 52,732 കോടി രൂപ ശേഖരിച്ചു. ഇതിൽ 31,788 കോടി രൂപ പ്രാഥമിക വിദ്യാഭ്യാസ ഫണ്ടിലേക്ക് മാറ്റി. ബാക്കി തുക സെക്കൻഡറി, ഉന്നതവിദ്യാഭ്യാസ ഫണ്ടിലേക്ക് നൽകണമായിരുന്നു. 2022 മാർച്ചുവരെ ഇത് നൽകിയിട്ടില്ല.
ഇക്കൊല്ലമെങ്കിലും നൽകുമോ എന്ന ചോദ്യത്തോട് ധനമന്ത്രാലയം വ്യക്തമായി പ്രതികരിച്ചില്ല. 15 പൊതുമേഖലാ സ്ഥാപനങ്ങളിലെങ്കിലും സർക്കാർ ഓഹരിനിക്ഷേപം സംബന്ധിച്ച അവകാശവാദവും ഈ സ്ഥാപനങ്ങളുടെ വാർഷികകണക്കും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..