ന്യൂഡൽഹി
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ വീട്ടുതടങ്കലിൽ അടയ്‌ക്കപ്പെട്ട വിഘടനവാദി നേതാവും ഹുറിയത് കോൺഫറൻസ് ചെയർമാനുമായ മിർവായിസ് ഉമർ ഫാറൂഖ് നാലുവർഷത്തിനുശേഷം മോചിതനായി. ജമ്മു കശ്‌മീർ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഉമർ ഫാറൂഖിന് അനുകൂലമായ വിധിവന്നത്. വൻ സുരക്ഷാ അകമ്പടിയോടെ ചരിത്രപ്രസിദ്ധമായ ശ്രീനഗറിലെ ജാമിയ മസ്ജിദിൽ വെള്ളിയാഴ്ച പ്രഭാഷണം നടത്തിയ പ്രധാന പുരോഹിതൻകൂടിയായ അദ്ദേഹം കശ്‌മീർ പ്രശ്‌നത്തിന് പരിഹാരം യുദ്ധമല്ലന്നും ചർച്ചയാണെന്നും വ്യക്തമാക്കി.
സമാധാനത്തിനുവേണ്ടി വാദിച്ചതിന് തന്നെ ദേശവിരുദ്ധനും വിഘടനവാദിയുമായി മുദ്രകുത്തിയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യപുരോഹിതനെന്ന നിലയിൽ എപ്പോഴും സമാധാനത്തിനും സംഭാഷണത്തിനും നിലകൊള്ളും. കശ്‌മീരി പണ്ഡിറ്റുകൾ തിരികെ വരണമെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും മാധ്യമപ്രവർത്തകരെയും അഭിഭാഷകരെയും മറ്റുള്ളവരെയും മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അതേസമയം, നാഷണൽ കോൺഫറൻസ്, പിഡിപി, സിപിഐ എം തുടങ്ങിയ രാഷ്‌ട്രീയ പാർടികൾ ഉമർ ഫാറൂഖിന്റെ മോചനത്തെ സ്വാഗതം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..