20 April Saturday

എംഎസ്‌പി നിയമപരമാക്കണം: പ്രക്ഷോഭവുമായി കര്‍ഷകര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022


ന്യൂഡൽഹി
മിനിമം താങ്ങുവില(എംഎസ്‌പി) നിയമപരമാക്കുമെന്ന ഉറപ്പിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്നാക്കം പോകുന്നതിൽ പ്രതിഷേധിച്ച്‌ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ രാജ്യവ്യാപകമായി റോഡുകൾ ഉപരോധിച്ചു. സർദാർ ഉദ്ദംസിങ്‌ രക്തസാക്ഷി ദിനമായ ഞായറാഴ്‌ച റോഡ്‌ ഉപരോധത്തിനൊപ്പം വിവിധ കേന്ദ്രങ്ങളിൽ ധർണയും നടത്തി. പഞ്ചാബ്‌, ഹരിയാന, യുപി, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടകം, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിനു കർഷകർ പ്രതിഷേധങ്ങളിൽ പങ്കാളികളായി.

ഡിസംബറിൽ കിസാൻമോർച്ചയ്‌ക്ക്‌ നൽകിയ കത്തിൽ എംഎസ്‌പി നിയമപരമാക്കുന്നതടക്കം ആറ്‌ ഉറപ്പ്‌ സർക്കാർ നൽകി. തുടര്‍ന്നാണ് ഐതിഹാസിക കർഷകസമരം പിൻവലിച്ചത്‌. വൈദ്യുതി നിയമഭേദഗതി നീക്കത്തിൽനിന്ന്‌ പിന്തിരിയൽ, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കൽ, ലഖിംപുർ ഖേരിയിൽ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ്‌ മിശ്രയെ പുറത്താക്കൽ തുടങ്ങിയ ഉറപ്പുകളും കേന്ദ്രം നൽകി. ഇതൊന്നും പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് കർഷകരുടെ രാജ്യവ്യാപക പ്രക്ഷോഭം.

സൈനികസേവനത്തെ കരാർവൽക്കരിക്കുന്ന അഗ്നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ഏഴുമുതൽ 14 വരെ ജയ്‌ജവാൻ–- ജയ്‌കിസാൻ കൺവൻഷനുകൾ രാജ്യവ്യാപകമായി സംഘടിപ്പിക്കും. മന്ത്രി അജയ്‌ മിശ്രയെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലഖിംപുർ ഖേരിയിൽ ആഗസ്‌ത്‌ 18 മുതൽ 20 വരെ 75 മണിക്കൂർ പ്രതിഷേധം സംഘടിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top