ഭോപാല്‍
മഹാരാഷ്ട്രയില്‍ നന്ദേഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നു ദിവസത്തിനിടെ 16 കുഞ്ഞുങ്ങള്‍ അടക്കം 31 പേര്‍ക്ക് ദാരുണാന്ത്യം. മരുന്ന് ക്ഷാമവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് കൂട്ട മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ശനി, ഞായര്‍ ദിവസങ്ങളിലായി 12 കുഞ്ഞുങ്ങളടക്കം 24 രോഗികള്‍ക്കാണ് ഡോ. ശങ്കരറാവു ചവാന്‍ മെഡിക്കല്‍ കോളേജില്‍ ജീവന്‍ നഷ്ടമായത്. നാല് കുട്ടികളടക്കം ഏഴുപേർ തിങ്കളാഴ്‌ച മരിച്ചു. നിരവധി രോഗികള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അതിനിടെ, ഔറംഗബാദ് ജില്ലയിലെ ഛത്രപതി സാമ്പാജി നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ രണ്ട് നവജാതശിശുക്കളടക്കം 14 പേര്‍ മരിച്ച സംഭവവും തിങ്കളാഴ്‌ച പുറത്തുവന്നു.
വിവിധ അസുഖങ്ങള്‍ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരാണ് മരിച്ചതെന്ന് വിശദീകരിച്ച് നന്ദേഡ് ജില്ലയിലെ ആശുപത്രി പത്രക്കുറിപ്പിറക്കി. എന്നാല്‍, ആവശ്യത്തിന് മരുന്നും ജീവനക്കാരും ഇല്ലായിരുന്നെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് പ്രതിഷേധം കടുത്ത സാഹചര്യത്തിലാണ് അധികൃതർ നിലപാട് തിരുത്തിയത്.
മരണത്തിന് കാരണം ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സുപ്രിയ സുലെ, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയ നേതാക്കള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. 500 രോഗികളെമാത്രം ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ 1200 പേരാണ് ചികിത്സ തേടി വന്നതെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ പ്രതികരിച്ചു. എന്നാല്‍, സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഷിൻഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.
മരണങ്ങളില്‍ അസ്വാഭാവികതയില്ലെന്ന് ഔറംഗബാദിലെ ആശുപത്രി അധികൃതരും അവകാശപ്പെട്ടു. അതേസമയം, മരുന്നുകളുടെ ലഭ്യതക്കുറവും മതിയായ ചികിത്സാ സൗകര്യമില്ലാത്തതുമാണ് മരണങ്ങള്‍ക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..