08 December Friday

മണിപ്പുരിൽ വീണ്ടും 
ഏറ്റുമുട്ടൽ; 2 മരണം

സ്വന്തം ലേഖകൻUpdated: Saturday Sep 9, 2023

ന്യൂഡൽഹി
മെയ്‌ത്തീ–- കുക്കി സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പുരിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകങ്ങൾ. വെള്ളിയാഴ്‌ച പുലർച്ചെ തെങ്‌നോപാൽ ജില്ലയിലെ പല്ലേലിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക്‌ ഗുരുതരമായി പരിക്കേറ്റു. സുരക്ഷാസേനയ്‌ക്കു നേരെ പ്രതിഷേധിച്ച മെയ്‌ത്തീ സ്‌ത്രീകൾക്കു നേരെയുണ്ടായ കണ്ണീർവാതക പ്രയോഗത്തിൽ അമ്പതോളം പേർക്ക്‌ പരിക്കേറ്റു. പ്രദേശത്ത്‌ രാത്രി വൈകിയും സംഘർഷാവസ്ഥ തുടരുന്നു.

വെള്ളി രാവിലെ ആറുമുതൽ പല്ലേലിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവയ്‌പുണ്ടായി. സുരക്ഷാസേനയ്‌ക്കു നേരെയും തോക്കുധാരികൾ വെടിയുതിർത്തു. സേന പ്രത്യാക്രമണം നടത്തി. വെടിവയ്‌പിൽ ഗുരുതര പരിക്കേറ്റ നാൽപ്പത്തഞ്ചുകാരനെ കാക്‌ചിങ്ങിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇതിനു പിന്നാലെയാണ്‌ മെയ്‌രാ പെയ്‌ബികൾ എന്നറിയപ്പെടുന്ന മെയ്‌ത്തീ സ്‌ത്രീ കൂട്ടായ്‌മയിലെ അംഗങ്ങൾ പ്രതിഷേധം ആരംഭിച്ചത്‌.

റോഡുകൾ ഉപരോധിക്കുകയും ബാരിക്കേഡുകൾ മറികടന്ന്‌ മുന്നോട്ടുനീങ്ങാൻ ശ്രമിക്കുകയും ചെയ്‌തു. ഇതോടെ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. അസം റൈഫിൾസിലെ ജവാനും പരിക്കുണ്ട്‌. മണിപ്പുരിൽ അഞ്ചു ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂവിൽ അയവുവരുത്തിയതിനു പിന്നാലെയാണ്‌ വെള്ളിയാഴ്‌ച വീണ്ടും ഏറ്റുമുട്ടലും കണ്ണീർവാതക പ്രയോഗവുമുണ്ടായത്‌. രണ്ടുദിവസം മുമ്പ്‌ ബിഷ്‌ണുപ്പുരിലെ ഫൂഗക്‌ചാവോയിൽ അസം റൈഫിൾസിനെതിരായി  പ്രതിഷേധിച്ച മെയ്‌ത്തീ സ്‌ത്രീകൾക്കു നേരെയുണ്ടായ കണ്ണീർവാതക പ്രയോഗത്തിലും നിരവധി പേർക്ക്‌ പരിക്കേറ്റിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top