15 July Monday

മണിപ്പുർ കത്തുന്നു ; കുക്കികൾക്ക്‌ വലിയ തിരിച്ചടി നൽകുമെന്ന ഭീഷണിയുമായി 
മെയ്ത്തീ നേതാവ്

പ്രത്യേക ലേഖകൻUpdated: Friday Jun 9, 2023


ന്യൂഡൽഹി
ബിജെപിയുടെയും തങ്ങളുടെയും ലക്ഷ്യം ഒന്നാണെന്ന്‌ മണിപ്പുർ വംശീയ–-വർഗീയ കലാപത്തിൽ ആരോപണവിധേയമായ മെയ്‌ത്തീ തീവ്രവാദ സംഘടനയുടെ തലവൻ. കുക്കികൾക്ക്‌ കൂടുതൽ വലിയ തിരിച്ചടി നൽകുമെന്നും ഇതുവരെ നടന്നതെല്ലാം അപ്പോൾ ചെറിയ കാര്യമായി മാറുമെന്നും മെയ്‌ത്തീ ലിപുൺ തലവൻ പ്രമോദ്‌ സിങ്‌ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മണിപ്പുർ മുഖ്യമന്ത്രി എൻ ബീരേൻസിങ്ങിനെ താൻ ആരാധിക്കുന്നുവെന്നും എബിവിപി മുൻ നേതാവായ പ്രമോദ്‌ സിങ്‌ പറഞ്ഞു. ആരംബായ്‌ തെംഗോൽ എന്ന മെയ്‌ത്തീ തീവ്രവാദ സംഘടനയുമായി ചേർന്ന്‌ ലിപുൺ ആക്രമണങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്‌.

തന്റെ സംഘടനയിലെ 14,000 അംഗങ്ങളിൽ ആയിരം പേർ സായുധ പരിശീലനമടക്കം ലഭിച്ച കേഡർമാരാണെന്ന്‌ പ്രമോദ്‌ സിങ്‌ സമ്മതിച്ചു. ഇതുപോലെ എന്തെങ്കിലും സംഭവിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നതാണ്‌. മെയ്‌ മൂന്നിന്‌ കലാപം തുടങ്ങുന്നതിനുമുമ്പേ ഇംഫാൽ താഴ്‌വരയിൽ ലിപുൺ കേഡർമാർ ജാഗ്രത പാലിച്ചിരുന്നു. 2015–-16 മുതൽ തയ്യാറെടുപ്പ്‌ നടത്തിയിരുന്നതായും വെളിപ്പെടുത്തി.

തങ്ങൾക്ക്‌ ബിജെപിയുമായി ബന്ധമില്ലെന്ന്‌ പ്രമോദ്‌ സിങ്‌ അവകാശപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി ബീരേൻസിങ്ങും തങ്ങളും ഒരേ കാര്യങ്ങളാണ്‌ പറയുന്നത്‌. മ്യാന്മറിൽനിന്നുള്ള കുടിയേറ്റക്കാരെ തടയുക, വനങ്ങൾ സംരക്ഷിക്കുക, എൻആർസി നടപ്പാക്കുക, പോപ്പി കൃഷി തടയുക എന്നീ ലക്ഷ്യങ്ങൾ നേടാൻ ബീരേൻസിങ്ങിനൊപ്പം നിൽക്കുമെന്നും ഇയാൾ പറഞ്ഞു. കുക്കികൾക്കെതിരെ ബിജെപിയും മെയ്‌ത്തീ തീവ്രവാദികളും ഒരേ പ്രചാരണമാണ്‌ നടത്തുന്നതെന്നും കലാപം ആസൂത്രിതമാണെന്നും ലിപുൺ നേതാവിന്റെ പ്രതികരണം വ്യക്തമാക്കുന്നു.

മണിപ്പുർ സ്ഥിതിയിൽ ആശങ്ക: 
അരുണാചൽപ്രദേശ്‌ ക്രിസ്‌ത്യൻ ഫോറം
ഇറ്റാനഗർ
മണിപ്പുരിൽ ക്രൈസ്‌തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളിൽ അരുണാചൽപ്രദേശ്‌ ക്രിസ്‌ത്യൻ ഫോറം (എസിഎഫ്‌) ആശങ്ക പ്രകടിപ്പിച്ചു. പട്ടികവർഗ പദവിയെച്ചൊല്ലി മെയ്‌ത്തീകളും കുക്കികളും തമ്മിലുണ്ടായ തർക്കം മതപരമായി തിരിച്ചുവിട്ടു. മെയ്‌ത്തീ ക്രൈസ്‌തവരുടെ പള്ളികൾ മെയ്‌ത്തീ ഹിന്ദുക്കൾ നശിപ്പിക്കുമ്പോൾ വംശീയ സംഘർഷമാകുന്നതെങ്ങനെയെന്നും എസിഎഫ്‌ ചോദിച്ചു. മണിപ്പുരിൽ നീതി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

കുക്കി എംഎൽഎമാർക്ക്‌ നിയമസഭാ സമിതി നോട്ടീസ്‌
ന്യൂഡൽഹി
കുക്കികളുടെ സംരക്ഷണത്തിനായി മണിപ്പുരിൽ പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെട്ട 10 എംഎൽഎമാർക്ക്‌ നിയമസഭ അവകാശ–-പെരുമാറ്റ ചട്ട സമിതിയുടെ കാരണംകാണിക്കൽ നോട്ടീസ്‌. പതിനാറിനകം വിദശീകരണം നൽകണമെന്ന്‌ എംഎൽഎമാർക്ക്‌ ഇ–-മെയിൽ വഴി അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു. ഒ ജോയി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നോട്ടീസ്‌ അയച്ചതെന്ന്‌ നിയമസഭ സമിതി അധ്യക്ഷൻ നിഷികാന്ത്‌ സിങ്‌ സപം പറഞ്ഞു.

ബിജെപിയിൽനിന്നുള്ള ഏഴ്‌ പേരടക്കം കുകി–-ചിൻ വിഭാഗക്കാരായ 10 എംഎൽഎമാരാണ്‌ പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെട്ടത്‌. മുഖ്യമന്ത്രി എൻ ബീരേൻസിങ്ങിൽനിന്ന്‌ കുക്കികൾക്ക്‌ നീതി ലഭിക്കുന്നില്ലെന്ന്‌ പരാതിപ്പെട്ട്‌ ഇവർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായെയും കണ്ടിരുന്നു. ഗതാഗതമന്ത്രി ഖഷീം വഷു അടക്കമുള്ള ഈ സംഘം എംഎൽഎമാർ വീണ്ടും അമിത്‌ ഷായെ കാണാൻ ശ്രമിക്കുന്നുണ്ട്‌. ഇതിനിടെ ഡൽഹിയിൽ അമിത്‌ ഷായുടെ വസതിക്കു മുന്നിൽ കുക്കി വനിതകൾ പ്രതിഷേധിച്ചു. ഇവരിൽ നാലു പേർക്ക്‌ മന്ത്രിയെ കാണാൻ അനുമതി നൽകി. മണിപ്പുരിൽ ഇന്റർനെറ്റ്‌ സേവനങ്ങളുടെ നിരോധനം നീട്ടിയതിനെതിരെ സുപ്രീംകോടതിയിൽ രണ്ട്‌ ഹർജി ഫയൽ ചെയ്‌തു.

ആയുധങ്ങൾ പിടിച്ചെടുക്കുമെന്ന്‌ മണിപ്പുർ ഗവർണർ
മണിപ്പുരിൽ ഇംഫാൽ താഴ്‌വരയിലും മലമുകളിലും ആളുകളുടെ കൈവശമുള്ള എല്ലാ നിയമവിരുദ്ധ ആയുധങ്ങളും പിടിച്ചെടുക്കുമെന്ന്‌ സംസ്ഥാന ഗവർണർ അനസൂയ ഉയ്‌കെ. ഇതിനായി കേന്ദ്ര–- സംസ്ഥാന സേനകൾ സംയുക്തമായി തിരച്ചിൽ നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഉടൻതന്നെ വീണ്ടും സംസ്ഥാനം സന്ദർശിക്കുമെന്നും ഗവർണർ അറിയിച്ചു. കലാപം മെയ്‌ മൂന്നിന്‌ തുടങ്ങിയതിനു പിന്നാലെ സംസ്ഥാനത്തെ പൊലീസ്‌ ആയുധശാലകളിൽനിന്ന്‌ ആയിരക്കണക്കിന്‌ തോക്കുകളും തിരകളും കവർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിൽ ചെറിയ പങ്ക്‌ മാത്രമാണ്‌ തിരിച്ചുപിടിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top