20 April Saturday

മണിപ്പൂര്‍ കലാപത്തിനി‌ടെ ആസൂത്രിത ക്രൈസ്‌തവവേട്ട

സാജൻ എവുജിൻUpdated: Thursday Jun 8, 2023

ന്യൂഡൽഹി> മണിപ്പുരിൽ മെയ്‌ത്തീ–- കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ വംശീയ കലാപം ക്രൈസ്‌തവ വേട്ടയാക്കി മാറ്റിയത്‌ ആസൂത്രിതമാണെന്ന്‌ വെളിപ്പെടുന്നു. സൈന്യമിറങ്ങി ഒരു മാസം പിന്നിടുമ്പോഴും അക്രമികൾ സ്വൈരവിഹാരം നടത്തുകയാണ്‌. കുക്കികൾ പൊതുവെ ക്രൈസ്‌തവരായതിനാൽ വംശീയകലാപത്തിനിടെ അവരുടെ ആരാധനാലയങ്ങളായ പള്ളികൾക്കുനേരെ ആക്രമണം ഉണ്ടാകുന്നുവെന്ന പ്രചാരണത്തിന്റെ പൊള്ളത്തരവും പുറത്തായി. മെയ്‌ത്തീ വിഭാഗത്തിലെ തീവ്രവാദികൾ തന്നെയാണ്‌ മെയ്‌ത്തീ ക്രൈസ്‌തവരുടെ പള്ളികളും തകർത്തത്‌. ഇംഫാൽ താഴ്‌വരയിലാണ്‌ മെയ്‌ത്തീ പള്ളികളിൽ ബഹുഭൂരിപക്ഷവും. താഴ്‌വരയിലാകെ അസം റൈഫിൾസിനെ വിന്യസിച്ചിട്ടുണ്ട്‌. എന്നിട്ടും പള്ളികൾക്കുനേരെ ആക്രമണം തുടരുന്നത്‌ കേന്ദ്ര–- സംസ്ഥാന സർക്കാരുകളെ പ്രതിക്കൂട്ടിലാക്കുന്നു.

ബിജെപിയുടെയും ആർഎസ്‌എസിന്റെയും പിന്തുണയുള്ള ആരംബായ്‌ തെംഗോൽ, മെയ്‌ത്തീ ലീപുൺ എന്നീ സായുധ സംഘടനകൾ ഇതുവരെ മുന്നൂറോളം പള്ളി തകർത്തുവെന്നാണ്‌ വിവരം. ബുൾഡോസർ ഉൾപ്പെടെ ഉപയോഗിച്ചാണ്‌ പള്ളികൾ ഇടിച്ചുനിരത്തിയത്‌. ബിജെപിയുടെ രാജ്യസഭാംഗവും മുൻ രാജാവുമായ ലെയ്‌ഷം ബാസനജോബയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ആരംബായ്‌ തെംഗോൽ അടുത്തകാലത്തായി വിദ്വേഷപ്രചാരണം ശക്തമാക്കി.

മെയ്‌ത്തീകളും കുക്കികളും തമ്മിലുള്ള  വംശീയ കലാപമാണ്‌ മെയ്‌ മൂന്നിന്‌ പൊട്ടിപ്പുറപ്പെട്ടതെന്ന്‌ സൈന്യം പറയുന്നു. കുക്കി ഭീകരർ ഏകപക്ഷീയമായി നടത്തിയ ആക്രമണങ്ങളാണെന്നാണ്‌ മുഖ്യമന്ത്രി എൻ ബീരേൻസിങ്ങിന്റെ ഭാഷ്യം. അനധികൃത കുടിയേറ്റക്കാർക്കും നിയമവിരുദ്ധ പോപ്പി കൃഷിക്കുമെതിരെ സ്വീകരിച്ച നടപടികളാണ്‌ കലാപത്തിനു കാരണമെന്ന്‌ മണിപ്പുർ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. സംഘപരിവാർ നിയന്ത്രണത്തിലുള്ള പ്രാദേശിക മാധ്യമങ്ങളും വെബ്‌പോർട്ടലുകളും അത്‌ പ്രചരിപ്പിച്ചു. മെയ്‌ത്തീ തീവ്രവാദികൾ ഇംഫാൽ താഴ്‌വരയിൽ അഴിഞ്ഞാടുന്നതാണ്‌ പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്‌. ക്രൈസ്‌തവരുടെ പള്ളികളും ഇതര കേന്ദ്രങ്ങളും ആസൂത്രിതമായി നശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top