19 April Friday
‘മണിപ്പുരിൽ വംശീയ വിഭാഗങ്ങൾ തമ്മിലുള്ള 
സംഘർഷം’

മണിപ്പുർ മുഖ്യമന്ത്രിയെ തള്ളി 
സംയുക്ത സൈനിക മേധാവി

പ്രത്യേക ലേഖകൻUpdated: Thursday Jun 1, 2023


ന്യൂഡൽഹി
‘കുക്കി ഭീകരരാണ്‌’ മണിപ്പുരിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന മുഖ്യമന്ത്രി ബീരേൻസിങ്ങിന്റെ നിലപാടിനെ ഖണ്ഡിച്ച്‌ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ. മണിപ്പുരിൽ രണ്ട് വംശീയവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നും തീവ്രവാദപ്രശ്‌നവുമായി ഇതിന്‌ ബന്ധമില്ലെന്നും ചൗഹാൻ പുണെയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. സംസ്ഥാനം നേരിടുന്ന കുഴപ്പങ്ങൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാസേനകൾ ‘ഭീകരരെ’ വേട്ടയാടുകയാണെന്നും കുക്കിവിഭാഗത്തെ നാൽപ്പതിൽപ്പരം ഭീകരരെ കൊലപ്പെടുത്തിയെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കുക്കികളെ ഒന്നടങ്കം അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ഈ പ്രസ്‌താവനയെന്ന്‌ ആരോപണം ഉയർന്നിട്ടുണ്ട്‌. ബീരേൻസിങ്‌ മന്ത്രിസഭയുടെ കീഴിൽ കുക്കികൾക്ക്‌ സുരക്ഷ ലഭിക്കില്ലെന്ന്‌ ബിജെപി എംഎൽഎമാർ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്‌.

രാഷ്‌ട്രപതി ഭരണം 
ഏർപ്പെടുത്തണം
സംസ്ഥാനത്ത്‌ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന്‌ മണിപ്പുർ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായോട്‌ കുക്കി ഗോത്രവർഗ നേതാക്കൾ ആവശ്യപ്പെട്ടു. ഗോത്രവർഗക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക്‌ രാഷ്‌ട്രീയ പരിഹാരം കാണുമെന്നും 15 ദിവസത്തേക്ക്‌ സമാധാനം പാലിക്കണമെന്നും അമിത്‌ഷാ പറഞ്ഞതായി ഗോത്ര വർഗ ഫോറം വക്താവ്‌ ജിൻസ വുൽസോങ്‌ അറിയിച്ചു. എന്നാൽ ആക്രമണം ഉണ്ടായാൽ തങ്ങൾക്ക്‌ പ്രതിരോധിക്കേണ്ടിവരുമെന്ന്‌ വുൽസോങ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

സമാധാനം വേണമെങ്കിലും മണിപ്പുർ സർക്കാരിൽ വിശ്വാസമില്ലെന്ന്‌ സോമി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ വക്താവ്‌ ലാൽ ഗെയ്‌തേ പറഞ്ഞു. സംസ്ഥാനത്തും പുറത്തും  അഭയാർഥികളായി കഴിയുന്ന ആയിരക്കണക്കിന്‌ വിദ്യാർഥികളുടെ ഭാവിയും സംഘടനാ നേതാക്കൾ അമിത്‌ഷായുടെ ശ്രദ്ധയിൽപ്പെടുത്തി. ഇവർക്ക്‌ പരീക്ഷകൾ എഴുതാൻ കഴിയുന്നില്ല. ഇക്കാര്യം ക്യാബിനറ്റ്‌ സെക്രട്ടറിയുമായി സംസാരിച്ച്‌ വേണ്ടത്‌ ചെയ്യാമെന്ന്‌ അമിത്‌ഷാ പ്രതികരിച്ചു. കലാപത്തിൽ കൊല്ലപ്പെട്ട എൺപതോളം പേരുടെ ആശ്രിതർക്ക്‌ 10 ലക്ഷം രുപ വീതം ധനസഹായം നൽകാൻ തീരുമാനമായിട്ടുണ്ട്‌. ഇതിനായി  കേന്ദ്രവും സംസ്ഥാനവും വിഹിതം പങ്കിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top