ന്യൂഡൽഹി
കലാപസ്ഥിതി രൂക്ഷമായി തുടരുന്ന മണിപ്പുരിൽ ചൊവ്വാഴ്‌ച മൂന്നു കുക്കി വിഭാഗക്കാരെ കൂടി വെടിവെച്ചുകൊന്നു. മെയ്‌ത്തീ തീവ്രവാദി സംഘടനകൾ പതിയിരുന്ന് നടത്തിയ ആക്രമണത്തിലാണ് മരണം. കാങ്‌പോക്‌പി ജില്ലയിലെ ഇറങ് നാഗാ ഗ്രാമത്തിൽ പകൽ എട്ടരയോടെ വാഹനത്തിൽ സഞ്ചരിച്ചവരാണ് ആക്രമിക്കപ്പെട്ടത്. അക്രമികൾക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തെ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി (സിഒടിയു) അപലപിച്ചു.
തെങ്‌നൗപാൽ ജില്ലയിലെ പല്ലേലിൽ കഴിഞ്ഞയാഴ്‌ച ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കാങ്‌പോക്‌പിയിലെ ആക്രമണം. പല്ലേലിലെ സംഘർഷത്തിൽ ഒരു സൈനികോദ്യോഗസ്ഥനടക്കം അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. മണിപ്പുരിൽ നാലുമാസമായി തുടരുന്ന കലാപസ്ഥിതി കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണെന്ന് ഇറങ് നാഗയിലെയും പല്ലേലിലെയും ആക്രമണങ്ങൾ തെളിയിക്കുന്നു.
മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഇതുവരെ 200ലേറെ പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. മണിപ്പുരിൽ സമാധാനം പുനസ്ഥാപിച്ചുവെന്ന് സംസ്ഥാന ബിജെപി സർക്കാരും മുഖ്യമന്ത്രി ബിരേൻ സിങും ആവർത്തിച്ച് അവകാശപ്പെടുമ്പോഴാണ് കൊലപാതകങ്ങൾ തുടരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..