24 April Wednesday
എംഎൽഎ സ്ഥാനം 
രാജിവയ്‌ക്കുമെന്ന്‌ സൂചന

പ്രതിമ ഭൗമിക്കിനെ വഞ്ചിച്ച്‌ ബിജെപി ; 
ഉപമുഖ്യമന്ത്രി സ്ഥാനവുമില്ല

സ്വന്തം ലേഖകൻUpdated: Wednesday Mar 8, 2023

മണിക്‌ സാഹ, പ്രതിമ ഭൗമിക്‌


ന്യൂഡൽഹി
ഭൂരിപക്ഷം കിട്ടിയാൽ ത്രിപുര മുഖ്യമന്ത്രിയാക്കാമെന്ന വാഗ്‌ദാനത്തോടെയാണ്‌ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനെ ബിജെപി നേതൃത്വം നിയമസഭയിലേക്ക്‌ മത്സരിപ്പിച്ചത്‌. കഷ്ടിച്ച്‌ ഭൂരിപക്ഷം നേടിയെങ്കിലും ഭൗമിക്കിനെ നേതൃത്വം തള്ളി. ഗോത്രവിഭാഗക്കാരിയായ ഭൗമിക്കിനെ തഴഞ്ഞ്‌ മണിക്‌ സാഹയെത്തന്നെ മുഖ്യമന്ത്രിയാക്കി. ഉപമുഖ്യമന്ത്രിസ്ഥാനമോ മന്ത്രിസ്ഥാനമോ നൽകിയില്ല. കഴിഞ്ഞ ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ജിഷ്‌ണു ദേബ്‌ബർമനുണ്ടായിരുന്നു. ബർമൻ ഇക്കുറി തോറ്റു. എന്നിട്ടും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഭൗമിക്കിനെ പരിഗണിച്ചില്ല.

ഭൗമിക്കിന്റെ ലോക്‌സഭാംഗത്വം നിലനിർത്തുമെന്നാണ്‌ ബിജെപി വൃത്തങ്ങൾ പറയുന്നത്‌. അങ്ങനെയെങ്കിൽ ധാൻപുർ എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടിവരും. കേവല ഭൂരിപക്ഷത്തിന്‌ 31 സീറ്റ്‌ വേണ്ട ത്രിപുരയിൽ ബിജെപിയുടെ അംഗബലം 32 ആണ്‌. ധാൻപുരിൽ സിപിഐ എമ്മിന്റെ കൗശിക്‌ ചന്ദ്രയെ പരാജയപ്പെടുത്തി 3440 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ഭൗമിക്‌ ജയിച്ചത്‌. തിപ്രമോത പിടിച്ചത്‌ 8457 വോട്ടാണ്‌. ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം യോജിച്ച്‌ മത്സരിച്ചാൽ ബിജെപിക്ക്‌ വെല്ലുവിളിയാകും.

മണിക്‌ സാഹ അധികാരമേറ്റു
ത്രിപുരയിൽ മണിക്‌ സാഹ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഒരു വനിതയടക്കം എട്ടു മന്ത്രിമാരും ഗവർണർ സത്യദേവ്‌ നാരായൺ ആര്യ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌തു. തിപ്രമോതയ്‌ക്കായി മൂന്ന്‌ മന്ത്രിസ്ഥാനം ഒഴിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയാകുമെന്ന്‌ കരുതപ്പെട്ടിരുന്ന കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്കിനെ മന്ത്രിസഭയിലും ഉൾപ്പെടുത്തിയില്ല. ബിജെപി പ്രവർത്തകർ സംസ്ഥാനവ്യാപകമായി നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച്‌ ഇടതുമുന്നണിയും കോൺഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ്‌ ബഹിഷ്‌കരിച്ചു.ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ബിജെപി പ്രസിഡന്റ്‌ ജെ പി നദ്ദ തുടങ്ങിയവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top