26 April Friday

പങ്കാളിയെ വെട്ടിനുറുക്കിയ സംഭവം: പ്രതിക്ക്‌ നുണപരിശോധന

സ്വന്തം ലേഖകൻUpdated: Thursday Nov 17, 2022

ന്യൂഡൽഹി> ഡൽഹിയിൽ പങ്കാളിയെ 35 കഷണമായി വെട്ടിനുറുക്കിയ സംഭവത്തിൽ പ്രതി അഫ്‌താബ്‌ പൂനവാലയെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കും. കൊലനടന്ന്‌ അഞ്ചുമാസം പിന്നിട്ടത്‌ തെളിവു നശിപ്പിക്കാൻ പ്രതിക്ക്‌ കൂടുതൽ സമയം നൽകിയെന്ന പൊലീസിന്റെ വാദം പരിഗണിച്ചാണ്‌ സാകേതിലെ വിചാരണ കോടതി അനുമതി നൽകിയത്‌. അതിനിടെ, കൊലപ്പെടുത്തിയശേഷം തിരിച്ചറിയാതിരിക്കാൻ ശ്രദ്ധ വാക്കറുടെ തല കത്തിച്ചുവെന്ന്‌ അഫ്‌താബ്‌ വെളിപ്പെടുത്തിയെന്ന്‌ പൊലീസ്‌ പറഞ്ഞു.

അഫ്‌താബിന്റെ കസ്‌റ്റഡി കാലാവധി അഞ്ചുദിവസംകൂടി നീട്ടി. അഭിഭാഷകരുടെ പ്രതിഷേധത്തെ തുടർന്ന്‌ അഫ്‌താബിനെ കോടതിയിൽ നേരിട്ട്‌ ഹാജരാക്കാതെ വീഡിയോ കോൺഫറൻസ്‌ വഴിയായിരുന്നു നടപടികൾ. ജിഹാദിയെ തൂക്കിലേറ്റണമെന്ന ആക്രോശത്തോടെയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം.

ശ്രദ്ധയുടെ ശരീരം വെട്ടിമുറിച്ച കത്തിയും പല ശരീരഭാഗങ്ങളും വസ്‌ത്രങ്ങളും കണ്ടെടുക്കാനായിട്ടില്ല. ശ്രദ്ധയുടെ ബാങ്ക്‌ അക്കൗണ്ടിൽനിന്ന്‌ 54,000 രൂപ പിൻവലിച്ചത്‌, രക്തം കഴുകിക്കളയാൻ അമിതമായി ഉപയോഗിച്ചതിനാൽ വൻതോതിൽ വർധിച്ച വെള്ളത്തിന്റെ ബില്ല്‌, മുറിയിൽനിന്ന്‌ ലഭിച്ച രക്തസാമ്പിൾ എന്നിവ തെളിവുകളാണ്‌. ഡൽഹിയിലേക്ക്‌ താമസം മാറുംമുമ്പ്‌ ഇരുവരും താമസിച്ച ഹിമാചലിലെ റിസോർട്ടിൽ പ്രതിയെ എത്തിച്ച്‌ തെളിവെടുക്കും. കൊലപാതകം മുതലെടുത്ത്‌ ലൗജിഹാദ്‌ വിഷയം കത്തിക്കാൻ തീവ്രവലത്‌ സംഘടനകളും ശ്രമമാരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top