20 April Saturday

പാകിസ്താനിലേക്ക് പോകു, കന്നുകാലി കച്ചവടക്കാരനെ പശു സംരക്ഷകര്‍ കൊലപ്പെടുത്തി

അനീഷ് ബാലൻUpdated: Sunday Apr 2, 2023


മംഗളൂരു
രാജ്യത്ത്‌ പശുക്കടത്ത്‌ ആരോപിച്ച്‌ വീണ്ടും അരുംകൊല. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ മുസ്ലിം യുവാവിനെ പശുവിനെ കടത്തിയെന്ന്‌ ആരോപിച്ച്‌ തീവ്രഹിന്ദുത്വവാദികൾ മർദിച്ചു കൊന്നു. മാണ്ട്യയിലെ ഇദ്രിസ് പാഷ (30)യാണ്‌ കൊല്ലപ്പെട്ടത്. ബംഗളൂരുവിൽനിന്ന് 20 കിലോമീറ്റർ അകലെ രാമനാഗര സത്തനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളി അർധരാത്രിയാണ് സംഭവം. അനധികൃതമായി പശുക്കളെ കടത്തിയെന്ന്‌ കാണിച്ച്‌  കൊലപാതകം നടത്തിയ തീവ്രഹിന്ദുത്വ സംഘടന ദേശരക്ഷാസേന നേതാവ് പുനീത് കാരേഹള്ളി പൊലീസിൽ പരാതി നൽകിയതോടെയാണ്‌ സംഭവം പുറത്തായത്‌.   ഇദ്രിസിന്റെ കൂടെയുണ്ടായിരുന്ന ഡ്രൈവർ സയ്യിദ് സഹീറിനെ പൊലീസ് അറസ്റ്റ് ചെയ്ത്‌  ചോദ്യം ചെയ്‌തപ്പോഴാണ്‌ നിഷ്‌ഠൂര കൃത്യത്തിന്റെ ചുരുളഴിഞ്ഞത്‌.  പ്രതികള്‍ക്കെതിരെ ആദ്യം കേസെടുക്കാൻ  പൊലീസ്‌  വിസമ്മതിച്ചു.  ഇദ്രിസിന്റെ  മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചപ്പോളാണ്‌ പുനീത് കാരേഹള്ളി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തത്‌.

കർണാടകയിൽനിന്ന് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കന്നുകാലികളെ സ്ഥിരമായി കൊണ്ടുപോകുന്നയാളാണ്‌ ഇദ്രിസ്‌. വെള്ളി രാത്രി പതിവുപോലെ വാഹനത്തിൽ കന്നുകാലികളുമായി പോകവെയാണ് സംഘം ആക്രമിച്ചത്. വാഹനം തടഞ്ഞ അക്രമികളെ രേഖകൾ കാണിച്ചെങ്കിലും പുനീത് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത്‌ നൽകാതിരുന്നതോടെ പാകിസ്ഥാനിലേക്ക്‌ പോകാൻ ആക്രോശിച്ച്‌ ക്രൂരമായി മർദിച്ചു. ഇദ്രിസും സഹീറും ഓടിയെങ്കിലും സംഘം പിന്തുടർന്ന് ആക്രമിച്ചു. സ്റ്റേഷനിൽനിന്ന്‌ അൽപ്പം മാറി റോഡരികിലാണ് ഇദ്രിസിന്റെ മൃതദേഹം കണ്ടെത്തിയത്.  പുനീത് ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടാൻ പൊലീസ്‌ തയ്യാറായിട്ടില്ല. ഉന്നത ബിജെപി നേതാക്കൾക്കൊപ്പമുള്ള പുനീതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. 2022ൽ ബിജെപി സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പുനിരോധന നിയമത്തിന്റെ മറവിൽ സംസ്ഥാനത്തെങ്ങും തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം വ്യാപകമാണ്‌.
 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top