19 March Tuesday

മഹാരാഷ്ട്ര : വിമതർ കോടതിയിലേക്ക്‌ ; കേന്ദ്രസേനയെ സജ്ജമാക്കാൻ ഗവർണറുടെ നിർദേശം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ന്യൂഡൽഹി

ശിവസേനയെ പിളർത്തി മഹാരാഷ്ട്രയിൽ അട്ടിമറിക്ക്‌ ശ്രമിക്കുന്ന ബിജെപിയെ സഹായിക്കുന്ന നടപടികളുമായി ഗവർണർ ബി എസ്‌ കോഷിയാരി. മഹാരാഷ്ട്രയിൽ ഏതുസമയവും വിന്യസിക്കാനാകുംവിധം കേന്ദ്രസേനയെ സജ്ജമാക്കി നിർത്താൻ കോഷിയാരി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ലയോട്‌ ആവശ്യപ്പെട്ടു. 47 വിമത എംഎൽഎമാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ഗവർണർ ആഭ്യന്തര സെക്രട്ടറിയോട്‌ നിർദേശിച്ചു. പൊലീസ്‌ കാഴ്‌ചക്കാരാണെന്നും കത്തിൽ ഗവർണർ ആരോപിച്ചു. നേരത്തെ 15 വിമത എംഎൽഎമാർക്ക്‌ സിആർപിഎഫിന്റെ വൈ പ്ലസ്‌ സുരക്ഷ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ അയച്ച അയോഗ്യതാ നോട്ടീസിനെതിരെ ഏക്‌നാഥ്‌ ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്‌ചതന്നെ വിഷയം കോടതി മുമ്പാകെ പരാമർശിക്കാനാണ്‌ നീക്കം. ശിവസേന നിലപാട്‌ കടുപ്പിച്ചതോടെയാണ്‌ നിയമനടപടികളിലേക്ക്‌ ഷിൻഡെ ക്യാമ്പ്‌ നീങ്ങുന്നത്‌. ഷിൻഡെ പക്ഷത്തുള്ള 16 എംഎൽഎമാർക്കാണ്‌ ഡെപ്യൂട്ടി സ്‌പീക്കർ അയോഗ്യതാ നോട്ടീസ്‌ അയച്ചത്‌. ശിവസേനയുടെ നിയമസഭാ കക്ഷിനേതാവ്‌ സ്ഥാനത്തുനിന്ന്‌ ഷിൻഡെയെ നീക്കിയതിനെതിരായും വിമതർ കോടതിയെ സമീപിച്ചിട്ടുണ്ട്‌.

നോട്ടീസ്‌ ലഭിച്ചതിനു പിന്നാലെ ഷിൻഡെ വിഭാഗം എംഎൽഎമാർ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം ചേർന്നു. നിയമനടപടികളിലേക്ക്‌ കടന്നശേഷം മുംബൈയിലേക്ക്‌ പോകാനും വളരെ വേഗത്തിൽ സർക്കാർ രൂപീകരണത്തിന്‌ അവകാശം ഉന്നയിക്കാനും യോഗത്തിൽ ധാരണയായി. മഹാരാഷ്ട്രയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദയ്‌ സാമന്തും ഞായറാഴ്‌ച ഗുവാഹത്തിയിലെത്തിയതോടെ വിമത ക്യാമ്പിനൊപ്പം ചേർന്ന മന്ത്രിമാരുടെ എണ്ണം ഒൻപതായി. അതേസമയം, വിമതപക്ഷത്തെ 20 പേർ മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെയ്‌ക്കൊപ്പം മടങ്ങാൻ സന്നദ്ധരാണെന്ന്‌ അറിയിച്ചെന്ന റിപ്പോർട്ടും പുറത്തുവന്നു. ശരദ്‌ പവാർ അടക്കമുള്ള നേതാക്കൾ ഞായറാഴ്‌ച രാവിലെയും ഉദ്ധവുമായി ചർച്ച നടത്തി. വഞ്ചകരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന്‌ ആദിത്യ താക്കറെ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രത്തിൽ ഞായറാഴ്‌ചയും ശിവസേനാ പ്രവർത്തകർ വിമതർക്കെതിരായി പ്രതിഷേധിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top