20 April Saturday
വിമതരെ അയോഗ്യരാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർക്ക് കത്ത്

സഭയിൽ കാണാം ; മഹാസഖ്യത്തെ സംരക്ഷിക്കാൻ പവാർ നേരിട്ട്‌ രംഗത്ത്‌

പ്രത്യേക ലേഖകൻUpdated: Thursday Jun 23, 2022

image credit Sharad Pawar, eknath shinde twitter


ന്യൂഡൽഹി/ മുംബെെ
അനുനയനീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ ബിജെപിയുടെ അട്ടിമറി ശ്രമം നിയമസഭയിൽ നേരിടാനുറച്ച്‌ മഹാരാഷ്‌ട്ര മഹാസഖ്യം. ഇതിനായി എൻസിപി അധ്യക്ഷൻ ശരദ്‌പവാർ നേരിട്ട്‌ രംഗത്തെത്തി. മഹാസഖ്യത്തെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോരാടുമെന്ന്‌ മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെയുമായി സംസാരിച്ചശേഷം പവാർ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ബദൽ നീക്കവുമായി ഉദ്ധവും രംഗത്തിറങ്ങി. വിമതരെ അയോഗ്യരാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡെപ്യൂട്ടി സ്‌പീക്കർക്ക്‌ ശിവസേന കത്ത്‌ നൽകി. 12 വിമത എംഎൽഎമാർക്ക്‌ ഉദ്ധവ്‌ വിപ്പും നൽകി.

വിമതരെ അനുനയിപ്പിക്കാൻ, മഹാസഖ്യത്തിൽനിന്ന്‌ പിൻവാങ്ങാൻ തയ്യാറാണെന്നുവരെ രാവിലെ ശിവസേന നേതൃത്വം വാക്ക്‌ നൽകിയിരുന്നു. എന്നാൽ അതും ഏക്‌നാഥ്‌ ഷിൻഡെ തള്ളി. തുടർന്നാണ്‌ വിമതരുടെ ഭീഷണിക്ക്‌ വഴങ്ങേണ്ടെന്നും നിയമസഭയിൽ നേരിടാനും മഹാസഖ്യ നേതൃത്വം തീരുമാനിച്ചത്‌.

മഹാസഖ്യസർക്കാരിന്‌ ഭൂരിപക്ഷമുണ്ടോയെന്ന്‌ നിയമസഭ തീരുമാനിക്കുമെന്ന്‌ എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ പറഞ്ഞു. ശിവസേന എംഎൽഎമാരെ തെറ്റദ്ധരിപ്പിച്ചാണ്‌ കടത്തിയത്‌. അതിനുപിന്നിൽ ആരാണെന്ന്‌ എല്ലാവർക്കും അറിയാം. ഇപ്പോ ൾ അസം സർക്കാരാണ്‌ അവരെ സഹായിക്കുന്നത്‌. എല്ലാവരുടെയും പേരുകൾ പറയുന്നില്ലെന്നും പവാർ പറഞ്ഞു. 

രാജ്യത്തെ ഏറ്റവും വലിയ രാഷ്‌ട്രീയകക്ഷി ആവശ്യമായ എല്ലാ സഹായവും ഉറപ്പ്‌ നൽകിയിട്ടുണ്ടെന്ന്‌  വിമത നേതാവ്‌ ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞു. ശിവസേനയുടെ 55 എംഎൽഎമാരിൽ 37 പേർ ഷിൻഡെയോടൊപ്പമുണ്ട്‌. മേഘാലയ മുഖ്യമന്ത്രി കോൺറാഡ്‌ സാങ്‌മ ഇവരെ സന്ദർശിച്ചു. 

അതേസമയം, ഷിൻഡെ മുംബൈയിലേക്ക്‌ മടങ്ങിവന്നാൽ മഹാസഖ്യം വിടുന്നത്‌ പരിഗണിക്കാമെന്ന്‌ ശിവസേന മുഖ്യവക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌ പറഞ്ഞു. 20 എംഎൽമാർ തിരിച്ചുവരാൻ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, 17 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന്‌ ഡെപ്യൂട്ടിസ്‌പീക്കറോട്‌ ശിവസേന അഭ്യർഥിക്കുമെന്നും റിപ്പോർട്ടുണ്ട്‌.ഉദ്ധവിനൊപ്പം ഉറച്ചുനിൽക്കുമെന്ന്‌ ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത്‌ പവാർ പ്രതികരിച്ചു.

ഷിൻഡെ എന്നും ബിജെപിയുടെ മിത്രം
ശിവസേനയ്‌ക്ക്‌ തിരിച്ചടി നൽകാൻ ഏക്‌നാഥ്‌ ഷിൻഡെയെ ബിജെപി മുൻകൂട്ടി ഒരുക്കിനിർത്തി. ഷിൻഡെ, മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ആത്മമിത്രമായാണ്‌ അറിയപ്പെടുന്നത്‌. 2019ൽ ബിജെപിയും ശിവസേനയും തമ്മിൽ മത്സരിച്ചിരുന്നെങ്കിൽ  ഷിൻഡെ ബിജെപി സ്ഥാനാർഥിയാകുമായിരുന്നെന്ന്‌ രാഷ്‌ട്രീയകേന്ദ്രങ്ങൾ പറയുന്നു. 2014ൽ ഇരുകക്ഷികളും പരസ്‌പരം മത്സരിച്ചശേഷമാണ്‌ പിന്നീട്‌ സഖ്യത്തിൽ എത്തിയത്‌.

ബിജെപിക്ക്‌ താരതമ്യേന സ്വാധീനം കുറഞ്ഞ താനെ ജില്ലയിൽ ശിവസേനയുടെ മുഖമാണ്‌ ഷിൻഡെ. 2014–-19ലെ ഫഡ്‌നാവിസ്‌ മന്ത്രിസഭയിൽ അംഗമായിരുന്ന ഷിൻഡെ എന്നും ബിജെപിയുമായി നല്ല ബന്ധം പുലർത്തി. മഹാസഖ്യസർക്കാരിലെ ഒട്ടേറെ മന്ത്രിമാർക്കെതിരെ ഇഡി അന്വേഷണം വന്നപ്പോഴും ഷിൻഡെയ്‌ക്ക്‌ ഇഡി ഭീഷണി ഉണ്ടായില്ല. മഹാസഖ്യസർക്കാരിനെ അട്ടിമറിച്ചാൽ ഷിൻഡെക്ക്‌ ഉപമുഖ്യമന്ത്രിസ്ഥാനവും പ്രധാന വകുപ്പും നൽകാമെന്ന്‌ ബിജെപി വാഗ്‌ദാനം നൽകിയിട്ടുണ്ടെന്ന്‌ റിപ്പോർട്ടുണ്ട്‌.

കോൺഗ്രസ്‌ നേതാക്കൾ അങ്കലാപ്പിൽ
മഹാസഖ്യസർക്കാരിന്റെ അതിജീവനസാധ്യത ദുർബലമായതോടെ മഹാരാഷ്‌ട്രയിലെ കോൺഗ്രസ്‌ നേതാക്കൾ അങ്കലാപ്പിൽ. കോൺഗ്രസ്‌ എംഎൽഎമാരും കൂറുമാറുമെന്നാണ്‌ ഭയം. എഐസിസി നിരീക്ഷകനായ കമൽനാഥ്‌ മുംബൈയിൽ ഒരു ദിവസം തങ്ങിയശേഷം മടങ്ങി. മധ്യപ്രദേശിൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾ ശേഷിക്കെയാണ്‌ അദ്ദേഹത്തെ മുംബൈയിലേക്ക്‌ അയച്ചത്‌.ഡൽഹിയിൽനിന്ന്‌ പ്രധാന നേതാക്കൾ വരാത്തതിൽ പ്രവർത്തകർ നിരാശയിലാണ്‌. എഐസിസി ചുമതലക്കാരൻ എച്ച്‌ കെ പാട്ടീൽ മുംബൈ ഹോട്ടലിൽ സമയം കളയുകയാണെന്ന്‌ സംസ്ഥാന നേതാക്കൾ പരാതിപ്പെട്ടു.

നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ കൂറുമാറ്റമുണ്ടായത്‌ ഓർക്കണമെന്നും കോൺഗ്രസ്‌ എംഎൽഎമാരെ ഒന്നിച്ചുകൂട്ടി താമസിപ്പിക്കണമെന്നും പ്രാദേശിക നേതാക്കൾ പറയുന്നു. വോട്ട്‌ മറിച്ചുനൽകിയവരെ കണ്ടെത്താൻപോലും ശ്രമിച്ചില്ല. മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ എൻസിപി നേതാക്കളുമായാണ്‌ ചർച്ച നടത്തുന്നത്‌. പിസിസി അധ്യക്ഷനെ കാണാൻ ഉദ്ധവ്‌ തയ്യാറായിട്ടില്ലെന്നാണ്‌ കോൺഗ്രസിന്റെ പരാതി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top