20 April Saturday

സ്നേഹിച്ചുകൊല്ലുന്ന ബിജെപി വിദ്യ

വി ബി പരമേശ്വരൻUpdated: Friday Jul 1, 2022

 ന്യൂഡല്‍ഹി>  മഹാരാഷ്ട്രയിൽ ഏറ്റവും വലിയ കക്ഷിയായിട്ടും മുഖ്യമന്ത്രിസ്ഥാനം ബിജെപി വേണ്ടെന്നുവച്ചു.  ബിഹാറിൽ ഐക്യജനതാദളിനേക്കാളും എംഎൽഎമാർ ഉണ്ടായിട്ടും നിതീഷ്‌ കുമാറിനെ  മുഖ്യമന്ത്രിയാക്കിയതിന്റെ തനിയാവർത്തനമാണ്‌  മഹാരാഷ്ട്രയില്‍ സംഭവിച്ചത്‌. 2024ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ടാണ് ഇത്.

ബിജെപി നേതാവ്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ കഴിഞ്ഞദിവസവും പറഞ്ഞത് ബിജെപിക്ക്‌ ഒറ്റയ്ക്ക് അധികാരത്തിൽ വരാനാണ്‌ താൽപ്പര്യമെന്നാണ്‌. ബിജെപിയുടെ യഥാർഥ ലക്ഷ്യം അതുതന്നെ. ന്യൂനപക്ഷ വാജ്‌പേയി സർക്കാരിൽനിന്ന്‌ ഭൂരിപക്ഷ മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുപോലുള്ള മാറ്റം മഹാരാഷ്ട്രയിലും യാഥാർഥ്യമാക്കാനുള്ള നീക്കത്തിലാണ്‌ ബിജെപി.

ഭിന്നത വർധിപ്പിച്ച്‌ ശിവസേനയെ തകർത്താൽ മാത്രമേ ബിജെപിക്ക്‌ തനിച്ച്‌ ഭൂരിപക്ഷം നേടാനാകൂ. അതിനുള്ള ഏറ്റവും നല്ല അവസരമാണ് ഇത്. ഷിൻഡെയെ ശിവസേനാ മുഖമായി ഉയർത്തിക്കാട്ടിയാൽ മാത്രമേ ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ പാർശ്വവൽക്കരിക്കാനാകൂ. ഷിൻഡെ ഉപമുഖ്യമന്ത്രിയാണെങ്കില്‍ ഉദ്ധവ്‌ വിഭാഗം ശിവസേനയുടെ സംഘടനാ സംവിധാനം പൂർണമായി അവർക്കു കീഴിലാക്കും. എന്നാൽ, മറ്റൊരു "ശിവസൈനിക്‌' മുഖ്യമന്ത്രിയാകുമ്പോൾ ഉദ്ധവിന്‌ സംഘടനയെ പൂർണമായി കൈപ്പിടിയിലൊതുക്കാനാകില്ല. "ശിവസൈനികനെ മുഖ്യമന്ത്രിയാക്കുക' എന്ന ബാലസാഹെബ്ബിന്റെ സ്വപ്‌നം സാക്ഷാൽക്കരിച്ചെന്ന് വീമ്പിളക്കി താക്കറെ പൈതൃകത്തിന്റെ നേരവകാശിയെന്ന വാദമുയര്‍ത്താനും ബിജെപിക്കാകും. ഉദ്ധവ് താക്കറെയെ ഇതുവഴി കൂടുതൽ ദുര്‍ബലനാക്കാം. ഒരു വെടിക്ക്‌ രണ്ടു പക്ഷി.

രാജ്യത്ത്‌ ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവയ്‌ക്കുന്ന മറ്റൊരു പാര്‍ടികൂടി വേണ്ട എന്നത് ബിജെപിയുടെ പ്രഖ്യാപിത നയമാണ്‌. ആ ലക്ഷ്യം കൈവരിക്കാനുള്ള അസുലഭ അവസരംകൂടിയാണ് ഇത്. ഷിൻഡെയുടെ കൂടെയുള്ള വിമതരെ അദ്ദേഹത്തിനൊപ്പം ഉറപ്പിച്ചുനിർത്താനും മുഖ്യമന്ത്രിപദം നൽകുന്നതിലൂടെ സാധിക്കും. എതിർപക്ഷത്ത്‌ ശരദ്‌ പവാറിനെപ്പോലുള്ള അനുഭവസമ്പത്തുള്ള രാഷ്ട്രീയക്കാർ ഉണ്ടെന്നതും മുഖ്യമന്ത്രിപദം ത്യജിക്കാൻ പ്രേരിപ്പിച്ചു.
വ്യക്തിപരമായി ഉപമുഖ്യമന്ത്രിയാകാൻ താൽപ്പര്യമില്ലെന്ന് ഫഡ്‌നാവിസ്‌ വ്യാഴാഴ്‌ച നടത്തിയ പത്രസമ്മേളനത്തിൽപ്പോലും വ്യക്തമാക്കി. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കിയതും സർക്കാർ പെട്ടെന്ന്‌ നിലംപൊത്തില്ലെന്ന സന്ദേശം നൽകാനാണ്‌. എന്നാൽ, മുഖ്യമന്ത്രിസ്ഥാനം ഷിൻഡെയ്‌ക്ക്‌ നൽകിയതിൽ ബിജെപി പ്രവർത്തകർ നിരാശരാകുമെന്നതിൽ സംശയമില്ല. ഉദ്ധവ്‌ താക്കറെയുമായി ബിജെപി വഴിപിരിഞ്ഞത് ബിജെപിക്ക്‌ മുഖ്യമന്ത്രിസ്ഥാനം നൽകാത്തതിന്റെ പേരിലായിരുന്നു.


സഖ്യകക്ഷിയെ തിന്നുവളരുന്നു


പ്രത്യേക ലേഖകൻ


ന്യൂഡൽഹി
 
പരമ്പരാഗതമായി മഹാരാഷ്ട്രയിൽ ബിജെപിയേക്കാൾ വലിയകക്ഷി ശിവസേനയായിരുന്നു. ദേശീയ ജനാധിപത്യസഖ്യം രൂപീകരിക്കുന്നതിനുമുമ്പേ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന. 1990 മുതൽ 2009 വരെ മഹാരാഷ്ട്രയില്‍ ശിവസേനയാണ്‌ ബിജെപിയേക്കാൾ കൂടുതൽ സീറ്റിൽ മത്സരിച്ചത്‌.  2004 വരെ സീറ്റുകളുടെ എണ്ണത്തിലും ശിവസേന മുന്നിൽ. 2009ൽ ബിജെപിക്ക്‌ രണ്ടുസീറ്റ്‌ അധികം ലഭിച്ചു.

കേന്ദ്രത്തിൽ  2014ൽ കേവലഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയതിനു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ സീറ്റ്‌ ആവശ്യപ്പെട്ടു. ആവശ്യം ശിവസേന തള്ളി. തെറ്റിപ്പിരിഞ്ഞ്‌ ഇരുപാര്‍ടിയും പരസ്‌പരം മത്സരിച്ചു. എന്നാല്‍ വീണ്ടും സഖ്യത്തിലെത്തി.

വലിയകക്ഷിയായി മാറാൻ ശിവസേനയുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന്‌ 2019ല്‍ പ്രചാരണഘട്ടത്തിൽ ആക്ഷേപം ഉയർന്നു.  ബിജെപി 150 സീറ്റിലും ശിവസേന 124 സീറ്റിലുമാണ്‌ മത്സരിച്ചത്‌. ബിജെപി 105 ഇടത്ത്‌ ജയിച്ചപ്പോൾ ശിവസേന 56ൽ ഒതുങ്ങി. ബിജെപിയോടൊപ്പം തുടർന്നാൽ ക്രമേണ തങ്ങളെ വിഴുങ്ങുമെന്ന തിരിച്ചറിവുണ്ടായതോടെയാണ് ശിവസേന എൻഡിഎ വിട്ടത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top