20 April Saturday

ഭീകരന്‌ ‘ഡി കമ്പനി’യുമായി ബന്ധമെന്ന്‌ മഹാരാഷ്‌ട്ര എടിഎസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021


മുംബൈ
ഡൽഹി പൊലീസ്‌ അറസ്‌റ്റു ചെയ്‌ത ആറു പേരിൽ ഒരാൾക്ക്‌ ദാവൂദ്‌ ഇബ്രാഹിമിന്റെ സംഘവുമായി മുമ്പ്‌ ബന്ധമുണ്ടായിരുന്നെന്ന്‌ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സേന(എടിഎസ്‌). മുംബൈ സ്വദേശി ജാൻ മുഹമ്മദ്‌ ഷേഖിന്‌ (47) ‘ഡി കമ്പനി’യുമായി 20 വർഷം മുമ്പ്‌ ബന്ധമുണ്ടായിരുന്നു.

ദാവൂദിന്റെ പാകിസ്ഥാനിലുള്ള സഹോദരൻ അനീസ്‌ ഇബ്രാഹിമിന്റെ നിർദേശങ്ങൾ ഇയാൾ നടപ്പാക്കിയിരുന്നു. നഗരത്തിൽ വെടിവയ്‌പ്പ്‌ നടത്തിയതിന്‌ ഇയാൾക്കെതിരെ കേസുണ്ട്‌. ഇയാൾ നിരീക്ഷണത്തിലായിരുന്നെന്ന്‌ എടിഎസ്‌ പറഞ്ഞു. ഇയാളുടെ വീട്ടിൽ പരിശോധന നടത്തുകയും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്‌തു. സുരക്ഷാ വീഴ്‌ചയുണ്ടായിട്ടില്ലെന്നും ഇയാൾ നിരീക്ഷണത്തിലായിരുന്നെന്നും മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ദിലീപ്‌ വാൽസെ പാട്ടീൽ പറഞ്ഞു. മുംബൈയിൽനിന്ന്‌ ഡൽഹിയിലേക്ക്‌ ട്രെയിനിൽ സഞ്ചരിച്ച ഇയാളെ രാജസ്ഥാനിലെ കോട്ടയിൽനിന്നാണ്‌ ഡൽഹി പൊലീസിന്റെ ഭീകരവിരുദ്ധ സേന അറസ്‌റ്റുചെയ്‌തത്‌. പാക്‌ പരിശീലനം ലഭിച്ച രണ്ടുപേരടക്കം ആറുപേരാണ്‌ പിടിയിലായത്‌.

ജാൻ മുഹമ്മദിനു പുറമെ ഒസാമ, മൂൽചന്ദ്‌, സീഷൻ ഖമർ, മുഹമ്മദ്‌ അബൂബക്കർ, മുഹമ്മദ്‌ ആമിർ ജാവേദ്‌ എന്നിവരാണ്‌ പിടിയിലായത്‌. പാക്‌ ചാര സംഘടന ഐഎസ്‌ഐയുടെ നിർദേശത്തിലാണ്‌ ഇവരുടെ പ്രവർത്തനമെന്നും പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top