29 March Friday

ഏഷ്യാനെറ്റിന്‌ ആവശ്യമുള്ള ഭാഗങ്ങൾ മാത്രമെടുത്ത്‌ വാർത്ത കൊടുക്കുന്നു; ഈ വിവാദത്തീ കത്തിക്കാനാവുമെന്ന് വ്യാമോഹിക്കേണ്ട: മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

തിരുവനന്തപുരം > പ്രതികരണം എടുത്തശേഷം ചില ഭാഗങ്ങൾ ഒഴിവാക്കി ഏഷ്യാനെറ്റ്‌ ന്യൂസ്‌ വാർത്ത നൽകിയെന്ന്‌ മന്ത്രി എം ബി രാജേഷ്‌. മന്ത്രി മുഹമ്മദ് റിയാസ് പോയിന്റ് ബ്ലാങ്കിൽ നടത്തിയ പരാമർശത്തെ സംബന്ധിച്ചുള്ള പ്രതികരമാണ്‌ ആവശ്യമുള്ള ഭാഗം മാത്രമെടുത്ത്‌ ഏഷ്യാനെറ്റ്‌ വാർത്ത നൽകിയത്‌. റിയാസ്‌ പറഞ്ഞത് എന്താണെന്ന് വ്യക്തമാക്കുകയും, അത് ചാനൽ പറയുന്നതു പോലെയല്ല എന്ന് മറുപടി നൽകിയിരുന്നുവെന്നും രാജേഷ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

രാജേഷിന്റെ കുറിപ്പ്‌ പൂർണരൂപം:

ഇന്നലെ രാവിലെ തന്നെ ഏഷ്യാനെറ്റിൽ നിന്ന് ഒരു call ലഭിച്ചു. ഒരു ബൈറ്റ് വേണമെന്നാണ് ആവശ്യം. എന്താണ് വിഷയമെന്ന് അന്വേഷിച്ചപ്പോൾ, മന്ത്രി മുഹമ്മദ് റിയാസ് പോയിന്റ് ബ്ലാങ്കിൽ നടത്തിയ പരാമർശത്തെ സംബന്ധിച്ചാണെന്ന് മറുപടി. മന്ത്രി മുഹമ്മദ് റിയാസിന്റെ ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ലെന്നും കാണാതെ അഭിപ്രായം പറയാനില്ലെന്നും പറഞ്ഞു. മാത്രമല്ല, ഞാൻ വളരെ ദൂരെ തൃത്താല മണ്ഡലത്തിലെ പരിപാടികളിലാണെന്നും അറിയിച്ചു. അപ്പോൾ ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർ തൃത്താലയിൽ എത്തിക്കൊള്ളാമെന്നായി.

പാലക്കാട്ടു നിന്ന് രണ്ട് മണിക്കൂർ യാത്ര ചെയ്യണം തൃത്താലയിലെത്താൻ. നേരേ മന്ത്രി സഖാവ് മുഹമ്മദ് റിയാസിനെ വിളിച്ചു. രണ്ട് മണിക്കൂർ യാത്ര ചെയ്‌ത് പാലക്കാട് നിന്ന് തൃത്താലയിലെത്തി ഒരു ബൈറ്റെടുക്കാൻ ഏഷ്യാനെറ്റ് വരുമ്പോൾ എന്തെങ്കിലും ഒരു ഉദ്ദേശമുണ്ടാകുമല്ലോ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്താണ് ഇന്റർവ്യൂവിൽ പറഞ്ഞതെന്ന് ചോദിച്ചു. ഞങ്ങൾ ഹ്രസ്വമായി സംസാരിച്ചു.

ഉച്ചയ്ക്കു ശേഷം മൂന്ന് മണിയായപ്പോൾ തൃത്താലയിലെ ഒരു പരിപാടി സ്ഥലത്തേക്ക് ഏഷ്യാനെറ്റുകാർ എത്തി. മന്ത്രിമാർ രാഷ്ട്രീയം പറയുന്നില്ല, പ്രതിഛായയുടെ തടവറയിലാണ് എന്ന് മന്ത്രി റിയാസ് പറഞ്ഞതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദ്യം. മന്ത്രി റിയാസ് അങ്ങനെ പറഞ്ഞിട്ടില്ലല്ലോ. നിങ്ങൾ ഇത്ര ദൂരം യാത ചെയ്‌ത് വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് എന്താണെന്ന് വ്യക്തമാക്കുകയും ചെയ്‌തു. അത് നിങ്ങൾ പറയുന്നതു പോലെയല്ല എന്ന് മറുപടി.

ആ മറുപടി ഒഴിവാക്കി ബാക്കി ചോദ്യങ്ങൾക്ക് ഞാൻ പറഞ്ഞ മറുപടിയിൽ നിന്ന് അവർക്കാവശ്യമുള്ള ചില ഭാഗങ്ങൾ മാത്രമെടുത്ത് ഏഷ്യാനെറ്റ്  എന്റെ ബൈറ്റും കൊടുത്തിട്ടുണ്ട്. റിയാസിന്റെയും എന്റെയും സംഭാഷണങ്ങൾ ചേർത്തുവെച്ച് ഒരു പ്രതീതി സൃഷ്ടിക്കാൻ ദുർബലമായ ഒരു ശ്രമം നടത്തിയിട്ടുണ്ട് ഏഷ്യാനെറ്റ്. ഞാനും റിയാസും വിരുദ്ധാഭിപ്രായങ്ങളാണ് പറഞ്ഞത് എന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം. ഞങ്ങൾ പരസ്പരം സംസാരിച്ച ശേഷമാണ് പ്രതികരിച്ചത് എന്നതുകൊണ്ട് "മന്ത്രി റിയാസിനെതിരെ എം ബി രാജേഷ്" എന്ന് സ്വപ്നം കണ്ട്  തലക്കെട്ട് കൊടുക്കാൻ ഏഷ്യാനെറ്റിനായില്ല. അത്രത്തോളം പോകാത്തതിന് നന്ദി. എങ്കിലും, ആർക്കെങ്കിലും ഒരു തെറ്റിദ്ധാരണ ഉണ്ടാകുന്നെങ്കിലാകട്ടെ എന്ന മട്ടിലൊന്ന് അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

ഫലത്തിൽ ഞങ്ങളിരുവരും പറഞ്ഞത് ഒരേ കാര്യമാണ്. പാർട്ടിയേയും സർക്കാരിനെയും പ്രതിരോധിക്കാൻ മന്ത്രിയാണെങ്കിലും അല്ലെങ്കിലും എല്ലാ പാർട്ടി അംഗങ്ങൾക്കും ചുമതലയുണ്ട്. എല്ലാ പാർടി അംഗങ്ങളെയും പോലെ മന്ത്രിമാരും പാർട്ടിയെയും സർക്കാരിനെയും രാഷ്ട്രീയമായും അല്ലാതെയും പ്രതിരോധിക്കണം. ഇതാണ് രണ്ടിന്റെയും ഉള്ളടക്കം. ഇന്ന് മനോരമയിൽ ഏഷ്യാനെറ്റിന്റെ ചുവടുപിടിച്ച് വാർത്ത കൊടുത്തിട്ടുണ്ട്. പതുക്കെ ഒരു വിവാദത്തിന് ഊതിയൂതി തീപിടിപ്പിക്കാനാവുമോ എന്നാണ് ശ്രമിക്കുന്നത്. പക്ഷേ എത്ര ഊതിയാലും ഈ വിവാദത്തീ കത്തിക്കാനാവുമെന്ന് മാധ്യമങ്ങൾ വ്യാമോഹിക്കരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top