09 December Saturday

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌: ദളിത്‌ ആക്രമണങ്ങൾ പ്രധാന ചർച്ചയാക്കും

പ്രത്യേക ലേഖകൻUpdated: Sunday Sep 17, 2023

കർഷക തൊഴിലാളി ദളിത് സംഘടനകളുടെ ഏകോപന സമിതി നേതാക്കളായ ബി വെങ്കട്, സുഭാഷിണി അലി, 
എ വിജയരാഘവൻ, ഗുൽസാർ സിങ്‌ ഗോറിയ, രാമചന്ദ്ര ഡോം, സായി ബാലാജി, രം മൂർതി, ആദി കണ്ട, വിക്രം സിങ്‌ എന്നിവർ അവകാശ പത്രിക പ്രകാശിപ്പിക്കുന്നു

ന്യൂഡൽഹി> മോദി സർക്കാർ വന്നശേഷം രാജ്യത്ത്‌ എല്ലാ മേഖലയിലും ദളിതർക്കെതിരായ ആക്രമണം പെരുകിയത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ഉയർത്തുമെന്ന്‌ കർഷക തൊഴിലാളി–- ദളിത്‌ സംഘടനാ നേതാക്കൾ. ഹൈദരാബാദിൽ ആഗസ്‌തിൽ ചേർന്ന ദേശീയ ദളിത്‌ ഉച്ചകോടി തയ്യാറാക്കിയ അവകാശപത്രിക നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരു കോടി ഒപ്പ്‌ ശേഖരിക്കും. സംസ്ഥാനതല കൺവൻഷൻ ചേരുമെന്നും ഡിസംബർ നാലിന്‌ പാർലമെന്റ്‌ മാർച്ച്‌ സംഘടിപ്പിക്കുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോർപറേറ്റ്‌ പ്രീണനനയം ദളിത്‌ സമൂഹത്തെയാണ്‌ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്‌. കർഷക തൊഴിലാളികളിൽ 60 ശതമാനവും ദളിതരാണ്‌. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ദളിത്‌ വിദ്യാർഥികൾ കടുത്ത പീഡനം നേരിടേണ്ടിവരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസനയം ദളിതരുടെയും  ദരിദ്രജനവിഭാഗങ്ങളുടെയും വിദ്യാഭ്യാസ അവസരം കൂടുതൽ നഷ്ടപ്പെടുത്തും.രാജ്യത്തെ ദളിത്‌സമൂഹത്തിന്റെ ആവശ്യങ്ങൾ പൊതു അജൻഡയായി രൂപപ്പെടുത്താൻ ഹൈദരാബാദ്‌ ഉച്ചകോടി തീരുമാനിച്ചു. ജാതി സെൻസസ്‌ നടത്തണമെന്ന ആവശ്യം ശക്തിയായി ഉന്നയിക്കും.

മിച്ചഭൂമി ദളിതർക്ക്‌ വിതരണം ചെയ്യണം. ദളിതർക്ക്‌ അനുവദിച്ച ഭൂമിയിലെ കൈയേറ്റം അന്വേഷിക്കാനും തിരിച്ചുപിടിക്കാനും ദേശീയ–- സംസ്ഥാന തലങ്ങളിൽ കമീഷനെ നിയോഗിക്കണമെന്നും അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ, ദളിത്‌ ശോഷൺ മുക്തി മഞ്ച്‌ വൈസ്‌ പ്രസിഡന്റ്‌ സുഭാഷിണി അലി എന്നിവർ പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികളായ  രാംചന്ദ്രഡോം, ഗുൽസാർ സിങ്‌ ഗൊറിയ, സായ്‌ ബാലാജി, രാം മൂർത്തി, ബി വെങ്കട്‌, ആദി കണ്ട, വിക്രം സിങ്‌  എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top