28 March Thursday

മമതയുടെ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയെ തടഞ്ഞു; മുഖ്യമന്ത്രി താമസിക്കുന്നിടത്ത് പ്രചാരണം അനുവദിക്കില്ലെന്ന് പൊലീസ്

ഗോപിUpdated: Sunday Sep 26, 2021

കൊല്‍ക്കത്ത > ബംഗാളിലെ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരെ മത്സരിക്കുന്ന സിപിഐ എം സ്ഥാനാര്‍ഥിയുടെ പ്രചാരണം തടസ്സപ്പെടുത്തി. മമത താമസിക്കുന്ന ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റില്‍ ഞായറാഴ്ച പ്രചാരണത്തിനെത്തിയ ശ്രീജീബ് ബിശ്വാസിനെയാണ് പൊലീസ് തടഞ്ഞത്. മുഖ്യമന്ത്രി താമസിക്കുന്നിടത്ത് പ്രചാരണം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്ന പൊലീസ് അതിക്രമം.

ജനങ്ങളെ കാണാനെത്തിയതാണെന്നും പ്രകോപനം സൃഷ്ടിക്കില്ലെന്നും അറിയിച്ചിട്ടും പോലീസ് വഴങ്ങിയില്ല. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് നീങ്ങി. തുടര്‍ന്ന് സ്ഥാനര്‍ഥി ഉള്‍പ്പടെ അഞ്ച് പേരെ സ്ട്രീറ്റിലേക്ക് കടക്കാന്‍ അനുവദിച്ചു.  സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം  സുജന്‍ ചക്രവര്‍ത്തിയടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഇടത് സ്ഥാനാര്‍ഥി അരമണിക്കൂറിലധികം ഇവിടെ പ്രചാരണം നടത്തി. നിരവധിയാളുകള്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ പുറത്തുവന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങിയാണ് പ്രചാരണത്തിനെത്തിയതെന്നും മമത തങ്ങളെ ഭയക്കുന്നതായും സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. സെപ്തംബര്‍ 30നാണ് ഉപതെരഞ്ഞെടുപ്പ്. പൊതു തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജപ്പെട്ടതിനെ  തുടര്‍ന്നാണ്  മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍  മമത ഭവാനിപ്പൂരില്‍ ജനവിധി തേടുന്നത്. സോവന്‍ ചാറ്റര്‍ജിയെ രാജിവയ്പ്പിച്ചാണ് മമതയ്ക്കു വേണ്ടി സീറ്റ് ഒഴിച്ചത്. ബംഗാളില്‍ ആകെ ഏഴ് സീറ്റില്‍ ഒഴിവുണ്ട്. എന്നാല്‍ ഭവാനിപ്പൂരില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top