25 April Thursday
പിൻവലിക്കണം : സിപിഐ എം

രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന്‌ നിയമ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


ന്യൂഡൽഹി
സുപ്രീംകോടതി മരവിപ്പിച്ച  കൊളോണിയൽ കാലത്തെ രാജ്യദ്രോഹക്കുറ്റം ശക്തമായി നിലനിർത്തണമെന്ന ശുപാർശയുമായി നിയമ കമീഷൻ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഐപിസി 124എ വകുപ്പ് ചില ഭേദഗതികളോടെ നിലനിർത്തണമെന്നാണ്‌ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ 22–-ാം നിയമ കമീഷൻ  കേന്ദ്ര സർക്കാരിന്‌ ശുപാർശ നൽകിയത്‌. കുറഞ്ഞ തടവുശിക്ഷ മൂന്നുവർഷത്തിൽനിന്ന്‌ ഏഴുവർഷമായി ഉയർത്തണമെന്നും നിർദേശത്തിലുണ്ട്‌.

ഐപിസിയുടെ ആറാം അധ്യായത്തിൽ കുറ്റങ്ങൾക്കായി നൽകിയിരിക്കുന്ന ശിക്ഷയും സെക്‌ഷൻ 124 എയിൽ നിർദേശിച്ചിരിക്കുന്ന ശിക്ഷയും പരസ്‌പരം ഒത്തുപോകുന്നില്ലെന്നാണ്‌ ഇതിനുള്ള ന്യായീകരണം. ഇൻസ്‌പെക്‌ടറിൽ താഴെയല്ലാത്ത പൊലീസ്‌ ഉദ്യോഗസ്ഥൻ ഏഴുദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി വേണം കേസ്‌ രജിസ്‌റ്റർ ചെയ്യണോ എന്ന്‌ തീരുമാനിക്കാനെന്നും റിപ്പോർട്ടിലുണ്ട്‌. കഴിഞ്ഞവർഷം മേയിലാണ്‌ ചീഫ്‌ ജസ്‌റ്റിസായിരുന്ന എൻ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച്‌ രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചത്‌. കുറ്റം പുനഃപരിശോധിക്കാമെന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ്‌.  ഋതുരാജ് അവസ്തി കമീഷൻ റിപ്പോർട്ട്‌ അംഗീകരിക്കുന്നത്‌ ഈ നിലപാടിന്‌ കടകവിരുദ്ധമാകും.

പിൻവലിക്കണം: സിപിഐ എം
ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹ വ്യവസ്ഥയിലുള്ള കേന്ദ്ര നിയമ കമീഷന്റെ ശുപാർശ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾക്ക്‌ വിരുദ്ധവും അവയെ നിരാകരിക്കുന്നതുമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ വ്യക്തമാക്കി. പ്രാകൃതമായ ഈ നിയമം പൂർണമായും ഒഴിവാക്കുന്നതിന്‌ കേന്ദ്രസർക്കാർ ഉചിതമായ നിയമനിർമാണ നടപടികൾ സ്വീകരിക്കുന്നതുവരെ രാജ്യദ്രോഹ നിയമത്തിന്റെ പ്രവർത്തനം  സുപ്രീംകോടതി സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. എന്നാൽ, നിയമം കൂടുതൽ കാർക്കശ്യമാക്കുന്നതോടൊപ്പം കുറഞ്ഞ ശിക്ഷ മൂന്നുവർഷം തടവിൽനിന്ന്‌ ഏഴുവർഷമാക്കി ഉയർത്താനാണ്‌ കമീഷൻ ശുപാർശ. 

ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച്‌ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്രവേട്ട ശക്തമായിരിക്കവെയുള്ള ശുപാർശ അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്‌. ഈ സാഹചര്യത്തിൽ രാജ്യദ്രോഹനിയമം പിൻവലിക്കണമെന്ന്‌ പിബി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top