20 April Saturday

ലക്ഷദ്വീപ്‌; പരിഷ്‌കാരങ്ങൾ നിർത്തിവച്ചെന്ന്‌ പട്ടേലിന്റെ ഉപദേഷ്‌ടാവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

കൊച്ചി > ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ പരിഷ്‌കാരങ്ങളും ഉത്തരവുകളും നടപ്പാക്കുന്നത്‌ ആഭ്യന്തരമന്ത്രാലയം നിർത്തിവച്ചതായി അഡ്‌മിനിസ്‌ട്രേറ്ററുടെ ഉപദേഷ്‌ടാവ്‌ എ അൻപരശ്‌. ദ്വീപിലെ പരിഷ്‌കാരങ്ങൾക്കെതിരെ രൂപീകരിച്ച സേവ്‌ ലക്ഷദ്വീപ്‌ ഫോറം ഭാരവാഹികളുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഫോറം കോർ കമ്മിറ്റി അംഗങ്ങളായ ഡോ. പി പി കോയ, യു സി കെ തങ്ങൾ, ബി ഹസ്സൻ, ഡോ. മുഹമ്മദ്‌ സാദിഖ്, മുഹമ്മദലി എന്നിവരാണ്‌ ഉപദേഷ്‌ടാവുമായി കൂടിക്കാഴ്‌ച നടത്തിയത്‌.

പുതിയ ഉത്തരവുകൾ വീണ്ടും വരികയാണെങ്കിൽ ഫോറത്തിന്റെ അഭിപ്രായം തേടുമെന്നും കൂടുതൽ കാര്യങ്ങൾ അഡ്‌മിനിസ്ട്രേറ്ററുമായി ചർച്ച ചെയ്യാമെന്നും ഉപദേഷ്‌ടാവ്‌ അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു. ദ്വീപിലെ ഒരുതുണ്ട് ഭൂമിപോലും ഉടമയുടെ അനുവാദമില്ലാതെയോ നിയമവിരുദ്ധമായോ ഏറ്റെടുക്കില്ലെന്ന്‌ ഉറപ്പുനൽകി. പണ്ടാരം ഭൂമികളെ സംബന്ധിക്കുന്ന റഗുലേഷൻസ് പാസായി വന്നശേഷമുള്ള നിയമം ഉടൻ നടപ്പാക്കാൻ കലക്ടർക്ക്‌ നിർദേശം നൽകി.

ബേപ്പൂർ, കൊച്ചി തുറമുഖങ്ങളുടെ പ്രാധാന്യം കുറയ്‌ക്കില്ല. അവിടത്തെ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടി തുടങ്ങി. മംഗളൂരു അധിക ആവശ്യത്തിനുള്ള തുറമുഖമായാണ്‌ വികസിപ്പിക്കുന്നതെന്നും ഉപദേഷ്‌ടാവ്‌ പറഞ്ഞു. ജനങ്ങളും ലക്ഷദ്വീപ്‌ ഭരണവും തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കാൻ നടപടി വേണമെന്ന്‌ അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കണ്ട്‌ അറിയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top