16 April Tuesday

കര്‍ഷകരെ വണ്ടികയറ്റിക്കൊന്ന കേസ് : കോടതി അന്വേഷിക്കും ; റിട്ട. ജഡ്‌ജി രാകേഷ്‌കുമാർ ജയിന് മേൽനോട്ടം

എം അഖിൽUpdated: Wednesday Nov 17, 2021


ന്യൂഡൽഹി
യുപിയിൽ കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ വണ്ടികയറ്റികൊന്ന കേസിൽ  പഞ്ചാബ്‌–- ഹരിയാന ഹൈക്കോടതി റിട്ട. ജഡ്‌ജി രാകേഷ്‌കുമാർ ജയിൻ അന്വേഷണമേൽനോട്ടം വഹിക്കും. നീതിയുക്തവും സുതാര്യവും നിഷ്‌പക്ഷവുമായ അന്വേഷണം ഉറപ്പാക്കാനാണ്‌ നടപടിയെന്ന് ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ ഇടക്കാല ഉത്തരവിൽ പറഞ്ഞു.

പ്രത്യേക അന്വേഷക സംഘം (എസ്‌ഐടി) ഒരു വനിത അടക്കം  മൂന്ന്‌ ഐപിഎസ്‌ ഉദ്യോഗസ്ഥരെ കൂടി  ഉൾപ്പെടുത്തി സുപ്രീം കോടതി പുനഃസംഘടിപ്പിച്ചു. ഇന്റലിജൻസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ എഡിജിയും മഹാരാഷ്ട്ര സ്വദേശിയുമായ എസ്‌ ബി ശിരാദ്‌കറിനെ എസ്‌ഐടി മേധാവിയാക്കി. ഐജി പത്‌മജാചൗഹാൻ, ഡിഐജി ഡോ. പ്രീതിന്ദർസിങ്‌ എന്നിവരെ ഉൾപ്പെടുത്തി.  യുപി കേഡറിലെ യുപി സ്വദേശികളല്ലാത്ത ഐപിഎസുകാരെയാണ് അന്വേഷകസംഘത്തിൽ ചേർത്തത്. അന്വേഷണപുരോ​ഗതിയുടെ തൽസ്ഥിതി റിപ്പോർട്ട് റിട്ട. ജഡ്‌ജി കോടതിക്ക് നൽകണം. ലഖിംപുർ -ഖേരി പൊലീസ്‌ അന്വേഷണത്തോട്‌ പൂർണമായും സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

കുറ്റപത്രം സമർപ്പിച്ചതിനുശേഷം സുപ്രീംകോടതി വീണ്ടും കേസ്‌ പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്‌, ഹിമ കോഹ്‌ലി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ അറിയിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌ മിശ്രയുടെ മകൻ ആശിഷ്‌ മിശ്ര മുഖ്യപ്രതിയായ കേസിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സുപ്രീംകോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. 2007ൽ പഞ്ചാബ്‌–-ഹരിയാന ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട രാകേഷ്‌കുമാർ ജയിൻ 2020 സെപ്‌തംബറിലാണ്‌ വിരമിച്ചത്‌.

കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങിൽ പ്രതിഷേധമുയർത്തി മടങ്ങിയ നാലു കർഷകരും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും അടക്കം എട്ടു പേരാണ് ലഖിംപുർ ഖേരിയിൽ കൊല്ലപ്പട്ടത്. സുപ്രീംകോടതി നടപടി, നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തുനിൽക്കെ യുപി സർക്കാരിനും ബിജെപിക്കും കനത്ത തിരിച്ചടിയായി. കനത്ത സമ്മർദ്ദത്തെ തുടർന്ന്‌ കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസ്‌എടുക്കേണ്ടി വന്നെങ്കിലും കേന്ദ്ര മന്ത്രിയെ ബിജെപി സംരക്ഷിക്കുന്നത്‌ വിവാദമായിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top