27 April Saturday
മന്ത്രി പുത്രന്‍ വെടിയുതിര്‍ത്തെന്ന് എഫ്‌ഐആർ, കാറിൽ ആശിഷ്‌ മിശ്രയുണ്ടായിരുന്നുവെന്നതിന്‌ 
 കൂടുതൽ തെളിവ്

കേന്ദ്രമന്ത്രി രാജിവയ്ക്കില്ല ; കർഷകരെ വെല്ലുവിളിച്ച്‌ ബിജെപി ; സ്വമേധയാ കേസെടുത്ത്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021

videograbbed images


ന്യൂഡൽഹി
യുപിയില്‍ കർഷകരെ കാർ കയറ്റിക്കൊന്നതില്‍ പങ്ക് പുറത്തുവന്നിട്ടും രാജിവയ്ക്കാന്‍ കൂട്ടാക്കാതെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌ മിശ്ര. ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത്‌ ഷായെ കണ്ട അജയ്‌ മിശ്ര, താനോ മകൻ ആശിഷ്‌ മിശ്രയോ സംഭവസ്ഥലത്ത്‌ ഉണ്ടായിരുന്നില്ലെന്ന് അവകാശപ്പെട്ടു. കര്‍ഷകരെ ഇടിച്ചുവീഴ്ത്തിയ കാറില്‍ ഉണ്ടായിരുന്ന ആശിഷ് മിശ്ര വെടിയുതിര്‍ത്തശേഷം രക്ഷപ്പെട്ടെന്ന പൊലീസിന്റെ പ്രഥമ അന്വേഷണ റിപ്പോര്‍ട്ട് പിന്നാലെ പുറത്തുവന്നു. അജയ്‌മിശ്രയുടെ പ്രകോപനപ്രസംഗമാണ്‌ അക്രമത്തിലേക്ക്‌ നയിച്ചതെന്നും ബിജെപിയിൽ തന്നെ  വിമർശനമുണ്ട്‌. എന്നാല്‍ കേന്ദ്രമന്ത്രിയുടെ ദുര്‍ബലവാദം മുഖവിലയ്ക്ക് എടുത്തിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം.

മിശ്രയ്‌ക്കെതിരെ നടപടി വൈകുന്നതിൽ ബിജെപി നേതൃത്വത്തിലെ ഒരുവിഭാഗത്തിന് അസംതൃപ്‌തിയുണ്ട്. അജയ്‌ മിശ്രയെ ഒഴിവാക്കുന്നത്‌ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പരീക്ഷിക്കാൻ ഉദ്ദേശിക്കുന്ന ജാതിരാഷ്ട്രീയത്തിന്‌ തിരിച്ചടിയാകുമെന്ന്‌ നേതൃത്വം ഭയക്കുന്നു.

ഞായറാഴ്‌ചത്തെ കര്‍ഷകകൂട്ടക്കൊലയില്‍ 20 പേർക്കെതിരെകേസെടുത്തെങ്കിലും മൂന്നു ദിവസമായിട്ടും ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല. സെപ്‌തംബർ 25ന്‌ സ്ഥലം സന്ദർശിച്ച അജയ്‌ മിശ്ര കർഷകരെ ഭീഷണിപ്പെടുത്തിയ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. 

ദേശവ്യാപക പ്രക്ഷോഭം
തെളിവുകൾ ഒന്നാകെ പുറത്തുവന്നിട്ടും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാത്തതിൽ കർഷകര്‍ കടുത്ത അമർഷത്തില്‍. ഭാവിസമരപരിപാടി തീരുമാനിക്കാൻ സംയുക്ത കിസാൻമോർച്ച നേതൃയോഗം വ്യാഴാഴ്‌ച ചേരും. പ്രതിപക്ഷപാര്‍ടികള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി ശക്തമായി രം​ഗത്തെത്തി. പഞ്ചാബ്‌ മുഖ്യമന്ത്രി ചരൺജിത്‌ സിങ്‌ ചന്നി, ഛത്തീസ്‌ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേൽ എന്നിവർക്കൊപ്പം രാഹുൽഗാന്ധി ലഖിംപുരിലെത്തി. സിതാപുർ ഗസ്റ്റ്‌ഹൗസിൽ തടങ്കലിലായിരുന്ന പ്രിയങ്ക ഗാന്ധിയും ഒപ്പം ചേർന്നു.

സ്വമേധയാ കേസെടുത്ത്‌ സുപ്രീംകോടതി
ലഖിംപുർ സംഭവത്തിൽ സ്വമേധയാ കേസെടുത്ത്‌ സുപ്രീംകോടതി. ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ കേസ്‌ വ്യാഴാഴ്‌ച പരിഗണിക്കും.   കേന്ദ്രമന്ത്രിക്കും മകനും എതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി നിൽക്കെ  സുപ്രീംകോടതി ഇടപെടൽ കേന്ദ്ര, യുപി സർക്കാരുകൾക്കും ബിജെപിക്കും തിരിച്ചടിയായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top