24 April Wednesday
മാധ്യമപ്രവർത്തകനെ കൊന്നതും മന്ത്രിപുത്രൻ

"മന്ത്രിപുത്രനെ സർക്കാരുകൾ സംരക്ഷിക്കുന്നു' ; അജയ്‌ മിശ്ര മന്ത്രിയായിരിക്കെ അന്വേഷണം ശരിയായി നടക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച

സ്വന്തം ലേഖകൻUpdated: Friday Oct 8, 2021

അജയ്‌ മിശ്ര


ന്യൂഡൽഹി
ഉത്തർപ്രദേശിൽ നിരപരാധികളായ കർഷകരെ കൂട്ടക്കൊലചെയ്‌ത കേന്ദ്രമന്ത്രി അജയ്‌ മിശ്രയുടെ പുത്രൻ ആശിഷ്‌ മിശ്രയെയും കൂട്ടാളികളെയും കേന്ദ്ര–- യുപി സർക്കാരുകൾ സംരക്ഷിക്കുകയാണെന്ന്‌ സംയുക്ത കിസാൻമോർച്ച (എസ്‌കെഎം) പ്രസ്‌താവനയിൽ പറഞ്ഞു. അന്വേഷണത്തിന്‌ മൂന്ന്‌ പൊലീസ്‌ സംഘത്തെ നിയോഗിച്ചെന്നും രണ്ടുപേരെ അറസ്റ്റ്‌ ചെയ്‌തെന്നുമാണ്‌ യുപി സർക്കാർ പറയുന്നത്‌. ആശിഷ്‌ മിശ്ര ഒളിവിലാണെന്നും പറയുന്നു. അജയ്‌ മിശ്രയെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി സ്ഥാനത്തുനിന്ന്‌ പുറത്താക്കാനുള്ള കാരണംകൂടിയാണ് ഇത്‌. അജയ്‌ മിശ്ര മന്ത്രിയായി തുടരുവോളം അന്വേഷണം ശരിയായി നടക്കില്ല.ഞായറാഴ്‌ച ലഖിംപുർ ഖേരിയിൽനിന്ന് രക്ഷപ്പെടാൻ ആശിഷ്‌ മിശ്രയെ പൊലീസ്‌ സഹായിച്ചു. യുപിയിലെ നിയമവാഴ്‌ചയുടെ പരിതാപാവസ്ഥ ഇതിൽനിന്ന്‌ വ്യക്തം. കൂട്ടക്കൊലയിൽ ആശിഷിന്റെ പങ്ക്‌ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുതുതായി പുറത്തുവന്നിട്ടുണ്ട്‌. പൊലീസ്‌ ഇദ്ദേഹത്തിന്‌ സംരക്ഷണകവചം ഒരുക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌.

യുപി സർക്കാർ പ്രഖ്യാപിച്ച ഏകാംഗ ജുഡീഷ്യൽ അന്വേഷണം കർഷകരുടെ ആശങ്ക പരിഹരിക്കുന്നതല്ല. ആവശ്യങ്ങൾ കമീഷന്റെ അന്വേഷണപരിധിയിലില്ല. ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്‌. കേന്ദ്രമന്ത്രി പൊതുയോഗത്തിൽ കർഷകരെ ഭീഷണിപ്പെടുത്തിയത്‌ കമീഷന്റെ പരിഗണനാവിഷയമല്ല. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെ കുടുംബത്തിനുമേൽ പരാതി പിൻവലിക്കാൻ സമ്മർദവും ഭീഷണിയുമുള്ളതായി റിപ്പോർട്ടുണ്ട്‌. ലഖിംപുരിലേത്‌ അപകടംമാത്രമാണെന്ന യുപി മന്ത്രി ബൽദേവ്‌ സിങ്‌ ഔലഖിന്റെ പ്രസ്‌താവന അപലപനീയമാണ്‌–- പ്രസ്‌താവനയിൽ പറഞ്ഞു.

മാധ്യമപ്രവർത്തകനെ കൊന്നതും മന്ത്രിപുത്രൻ
യുപിയിൽ കർഷക കൂട്ടക്കുരുതിക്കിടെ പ്രാദേശിക മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്‌ ആഭ്യന്തരസഹമന്ത്രിയുടെ മകന്റെ കാറിടിച്ചെന്ന്‌ ബന്ധുക്കൾ. കൊല്ലപ്പെട്ട പ്രാദേശിക ടിവി ചാനൽ റിപ്പോർട്ടർ രമൺ കശ്യപിനെ (35) കർഷകർ അടിച്ചുകൊന്നെന്നാണ്‌ ബിജെപി, ആർഎസ്‌എസ്‌ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്‌.

‘കർഷകർക്കുനേരെ മന്ത്രി പുത്രനായ ആശിഷ്‌ മിശ്ര കാർ ഇടിച്ചുകയറ്റിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. രമൺ കശ്യപിന്റെ ദേഹത്തും ടയർ കയറിഇറങ്ങിയ പാടുകളുണ്ട്‌. വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. ചില ചാനലുകൾ തെറ്റായ വാർത്തയാണ്‌ പ്രചരിപ്പിക്കുന്നത്‌. ജ്യേഷ്‌ഠൻ എങ്ങനെ മരിച്ചെന്ന കാര്യത്തിൽ ഞങ്ങൾക്ക്‌ ഒരു സംശയവുമില്ല.

ആശിഷിന്റെ കാറിടിച്ചാണ്‌ അദ്ദേഹം കൊല്ലപ്പെട്ടത്‌’–- സഹോദരൻ പവൻ ദേശീയമാധ്യമത്തോട്‌ പ്രതികരിച്ചു. രമൺ കശ്യപിന്റെ അച്ഛൻ രാം ദുലാരെ കശ്യപ്‌ തിങ്കളാഴ്‌ച പൊലീസിന്‌ നൽകിയ പരാതിയിലും ആശിഷിന്റെ വാഹനം ഇടിച്ചാണ്‌ മകൻ മരിച്ചതെന്ന്‌ വ്യക്തമാക്കി.  പരാതി തിക്കോണിയ സ്‌റ്റേഷന്‌ കൈമാറിയിട്ടുണ്ടെന്നും അവരാണ്‌ തുടർനടപടി സ്വീകരിക്കേണ്ടതെന്നും നിഘാസൻ എസ്‌എച്ച്‌ഒ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top