19 April Friday
കർഷകർക്ക്‌ സുപ്രീംകോടതി നോട്ടീസ്‌

റിപ്പബ്ലിക്ക്‌ ദിന പരേഡിൽ മാറ്റമില്ല; പരേഡ്‌ തടയണമെന്ന്‌ ഡൽഹി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021


റിപ്പബ്ലിക്ക്‌ ദിനത്തിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള കർഷക പരേഡിൽ മാറ്റമില്ലെന്ന്‌ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി. ഡൽഹിയിലും രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലും ട്രാക്‌ടറുകളിലും മറ്റുമായി കർഷകർ സമാധാനപരമായി പരേഡ്‌ നടത്തി റിപ്പബ്ലിക്ക്‌ ദിനമാചരിക്കും. പരേഡിന്റെ കാര്യത്തിലും കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ്‌ സർക്കാർ ശ്രമം. കർഷകർ പ്രഖ്യാപിച്ചിട്ടുള്ള മറ്റ്‌ പ്രക്ഷോഭ പരിപാടികളും മാറ്റമില്ലാതെ തുടരും.- കോ–-ഓർഡിനേഷൻ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

പരേഡ്‌  തടയണമെന്ന്‌ ഡൽഹി പൊലീസ്
ഡൽഹിയിൽ റിപ്പബ്ലിക്‌‌ ദിനത്തിൽ കർഷകസംഘടനകൾ നടത്താനിരിക്കുന്ന ട്രാക്ടർ റാലി നിരോധിക്കണമെന്ന ഡൽഹി പൊലീസിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. ബന്ധപ്പെട്ട കർഷകസംഘടനകൾക്ക്‌ നോട്ടീസ്‌ അയക്കാൻ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസിന്‌ കഴിയില്ലേയെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ആരാഞ്ഞു. പ്രതികരണം അറിഞ്ഞശേഷം 18നു ഹർജി വീണ്ടും പരിഗണിക്കും.

റിപ്പബ്ലിക് ദിന പരേഡും അനുബന്ധ ചടങ്ങുകളും തടസ്സമുണ്ടാകാതെ നടക്കാൻ കോടതി ഇടപെടണമെന്ന്‌ കക്ഷികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ്‌ സാൽവെയും ആവശ്യപ്പെട്ടു. ട്രാക്ടർ റാലി നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ കർഷകസംഘടനയ്‌ക്കുവേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത്‌ ദവെ കഴിഞ്ഞദിവസം ഉറപ്പുനൽകിയത്‌ ചീഫ്‌ ജസ്റ്റിസ്‌ ചൂണ്ടിക്കാട്ടി. എന്നാൽ, തിങ്കളാഴ്‌ച കർഷകസംഘടനകൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ ചൊവ്വാഴ്‌ച ഹാജരായിട്ടില്ലെന്ന്‌ ഹരീഷ്‌ സാൽവെ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക്‌ ലക്ഷക്കണക്കിനുപേരെ   പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന്‌ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top